കോഴിക്കോട്∙ ട്രാഫിക് പൊലീസ് ശ്രദ്ധ ഗതാഗത നിയന്ത്രണത്തിൽ മാത്രമായതോടെ നഗരത്തിൽ അനധികൃത വാഹനങ്ങൾ വ്യാപകമായി. ട്രാഫിക് പൊലീസിൽ അസിസ്റ്റന്റ് കമ്മിഷണർ മുതൽ സിപിഒ വരെ 240 സേനാംഗങ്ങൾ ഉണ്ടെങ്കിലും വാഹന പരിശോധന നിലച്ച മട്ടാണ്.കഴിഞ്ഞ ദിവസം കല്ലായി റോഡിൽ ബൈക്ക് യാത്രക്കാരനെ ഓട്ടോ ഇടിച്ചു നിർത്താതെ പോയി.
ഓട്ടോയുടെ നമ്പർ കിട്ടിയെങ്കിലും റജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതും മറ്റു രേഖകളൊന്നും ഇല്ലാത്തതുമാണെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ഞായറാഴ്ച പൊറ്റമ്മൽ – മേത്തോട്ടുതാഴം റോഡിൽ കാട്ടുകുളങ്ങരിയിൽ ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ചേവായൂർ സ്വദേശി ഡെന്നറ്റ് ആൽവിൻ (24) മരിച്ചിരുന്നു. ഇടിച്ച ബൈക്കുകാരൻ നിർത്താതെ പോയി.
നിർത്താതെ പോയ ബൈക്കിന് ഇൻഷുറൻസും മറ്റു അനുബന്ധ രേഖകളും ഇല്ലെന്നാണ് വിവരം.
കഴിഞ്ഞയാഴ്ച മലാപ്പറമ്പ് ബൈപാസ് റോഡിൽ സ്കൂട്ടറിൽ ഇടിച്ച കാർ നിർത്താതെ പോയതും പൊലീസ് അന്വേഷിക്കുന്നുണ്ട്.6 വർഷം മുൻപ് പൊറ്റമ്മൽ സ്വദേശിയായ യുവതി കൈമാറ്റം ചെയ്ത സ്കൂട്ടർ നഗരത്തിൽ വിവിധ ഭാഗത്തായി 6 തവണയാണ് നിയമ ലംഘനം നടത്തിയത്. വാഹനം വാങ്ങിയ ഉടമ മൊബൈൽ നമ്പർ മാറ്റാത്തതിനാൽ മുൻ ഉടമയ്ക്കാണ് പിഴസന്ദേശം വരുന്നത്.
പൊലീസിന് സ്കൂട്ടർ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല.
പുതിയ ബസ് സ്റ്റാൻഡ് പരിസരം, രണ്ടാം ഗേറ്റ് സിറ്റി സ്റ്റാൻഡ് മാവൂർ റോഡ് എന്നിവിടങ്ങളിൽ സ്വകാര്യ ബസുകൾ സമയത്തെച്ചൊല്ലി പൊലീസ് നോക്കി നിൽക്കെയാണ് അക്രമം നടത്തുന്നത്. കഴിഞ്ഞ ദിവസം സിറ്റി സ്റ്റാൻഡിൽ ബേപ്പൂർ – മെഡിക്കൽ കോളജ് റൂട്ടിലോടുന്ന മനീർഷ ബസിന്റെ ചില്ല് മാങ്കാവ് –വെള്ളിമാടുകുന്നു റൂട്ടിലോടുന്ന കടപ്പയിൽ ബസ് ജീവനക്കാരൻ കല്ലെറിഞ്ഞ് പൊട്ടിച്ചതിനെ തുടർന്ന് ബസ് യാത്രക്കാരായ രണ്ടു പേർക്ക് പരുക്കേറ്റിരുന്നു.
സംഭവത്തിൽ ബസ് ജീവനക്കാരനായ ചെലവൂർ സ്വദേശി മുസ്തഫയെ(48) അറസ്റ്റ് ചെയ്തു നോട്ടിസ് നൽകി വിട്ടയച്ചതായി ടൗൺ പൊലീസ് പറഞ്ഞു.നിരന്തരം നിയമ ലംഘനം നടത്തി പിഴ അടയ്ക്കാതെ നഗരത്തിൽ ഓടിയ ഫാറൂഖ് സ്വദേശിയുടെ കാർ ഇന്നലെ പൊലീസ് പിടികൂടി.2022 മുതൽ നടത്തിയ നിയമ ലംഘനത്തിൽ 32,000 രൂപ പിഴ കുടിശികയുണ്ടെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

