ബേപ്പൂർ∙ നിർമാണ വസ്തുക്കൾക്കു കടുത്ത ക്ഷാമം നേരിട്ടതോടെ തുറമുഖത്ത് ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കത്തിനു മന്ദഗതി. ആവശ്യത്തിന് ചരക്ക് ഇല്ലാത്തതിനാൽ ലോഡ് തികയ്ക്കാൻ ഉരുക്കൾ കാത്തുകിടക്കേണ്ട
സ്ഥിതിയായി. ദിവസങ്ങൾ നിന്നിട്ടും ലോഡ് ഒക്കാത്തതിനാൽ ചരക്കു തേടി ഉരുക്കൾ മറ്റു തുറമുഖങ്ങളിലേക്ക് പോകുകയാണ്.
ആർവിൽ, മറിയമാതാ, ജീസസ് ഹാർട്ട് എന്നീ ഉരുക്കൾ മാത്രമാണ് തുറമുഖത്തുള്ളത്.
ക്വാറികളിൽ നിർമാണ വസ്തുക്കളുടെ ക്ഷാമവും ഇവ എത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയതുമാണ് തിരിച്ചടിയായത്. ഈ സീസൺ തുടങ്ങിയതിൽ പിന്നെ ബേപ്പൂരിൽ നിന്നു നിർമാണ വസ്തുക്കളുടെ കാര്യമായ ചരക്കുനീക്കം നടന്നിട്ടില്ല.
കഴിഞ്ഞ രണ്ടാഴ്ചയായുള്ള പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഇതിനാൽ തുറമുഖത്തെ കയറ്റിറക്ക് തൊഴിലാളികൾക്കും പണിയില്ലാതായി.
ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയ്, ആന്ത്രോത്ത്, കൽപേനി, അമിനി, അഗത്തി, കിൽത്താൻ, കടമത്ത് തുടങ്ങിയ ദ്വീപുകളിലേക്കുള്ള ജെല്ലി(മെറ്റൽ), എംസാൻഡ്, പിസാൻഡ്, പാറപ്പൊടി എന്നീ നിർമാണ വസ്തുക്കൾ പ്രധാനമായും ബേപ്പൂരിൽ നിന്നായിരുന്നു കൊണ്ടുപോയിരുന്നത്. ദ്വീപ് ഭരണകൂടത്തിന്റെ പ്രവൃത്തി കരാർ എടുക്കുന്നവരും തുറമുഖത്തെയായിരുന്നു ചരക്കു നീക്കത്തിന് ആശ്രയിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ക്വാറികളിൽ ഖനനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതോടെ നിർമാണ വസ്തുക്കൾക്കു കടുത്ത ക്ഷാമം ഉടലെടുത്തു.
ഇതിനാൽ ബേപ്പൂരിലേക്ക് നിർമാണ വസ്തുക്കൾ എത്താതായതാണ് ചരക്കുനീക്കം പ്രതിസന്ധിയിലാകാൻ കാരണം. ലക്ഷദ്വീപിൽ നിന്നു 10 ദിവസം മുൻപ് എത്തിയ ഉരുവിന് ഇതുവരെ ചരക്ക് നിറച്ചു പോകാനായിട്ടില്ല.
സിമന്റ്, കമ്പി എന്നിവ എത്തുന്നുണ്ടെങ്കിലും ക്വാറികളിൽ നിന്നുള്ള നിർമാണ സാധനങ്ങൾ ലഭ്യമല്ലാത്തതിനാൽ ഉരുക്കാർക്ക് ലോഡ് തികയാത്ത സ്ഥിതിയായി.
മംഗളൂരു തുറമുഖത്ത് നിർമാണ വസ്തുക്കൾ എത്തിക്കുന്നതിനും കൊണ്ടുപോകുന്നതിനും ഒരു ക്ഷാമവും നിയന്ത്രണവുമില്ല. ലക്ഷദ്വീപിലേക്ക് ജെല്ലി, എംസാൻഡ് എന്നിവ മംഗളൂരുവിൽ നിന്ന് വൻതോതിൽ കൊണ്ടുപോകുന്നുണ്ട്.
മാത്രമല്ല മംഗളൂരു തുറമുഖത്ത് ഉരുക്കളിൽ ചരക്ക് ഇറക്കി പുതിയതു കയറ്റി പോകുന്നതിന് പരമാവധി 2 ദിവസം മാത്രമാണ് എടുക്കുന്നത്. ബേപ്പൂരിൽ എത്തുന്ന ഉരുക്കൾ ആഴ്ചകളോളം കാത്തുകിടക്കണം.
ഇതു ട്രിപ് നഷ്ടപ്പെടുത്തുന്നതായി യാനങ്ങളിലെ തണ്ടേൽമാർ പറഞ്ഞു. യഥാസമയം ചരക്കു കയറ്റുമതി നടക്കാത്തതിനാൽ വെസൽ ഉടമകൾക്കും ഏജന്റുമാർക്കും ഭീമമായ നഷ്ടമാണുണ്ടാകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

