തിരുവനന്തപുരം∙ താൻ കോൺഗ്രസിലേക്കു പോകുമെന്ന പ്രചാരണം ശരിയല്ലെന്നും ഒരാളുടെ രാഷ്ട്രീയം പെട്ടെന്ന് അലിഞ്ഞു പോകുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും മുൻ മന്ത്രി ജി.സുധാകരൻ. നെഹ്റു സെന്റർ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് സ്വീകരിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താനും ഹസനും തമ്മിൽ സംസാരിച്ചാൽ ഉടൻ താൻ കോൺഗ്രസിലേക്കു പോകുമെന്നു ധരിക്കരുത്.
തങ്ങളുടെ സെമിനാറിന് ഹസൻ വന്നാൽ ഉടൻ അദ്ദേഹം കമ്യൂണിസ്റ്റാകുമോ? മുൻപ് താൻ ബിജെപിയിലേക്കു പോകുമെന്നായിരുന്നു പ്രചാരണം.
ആദ്യകാലത്തെ പോലെ ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ജനപിന്തുണയുണ്ടോയെന്നും വിലയിരുത്തണം. വർഗീയപാർട്ടികൾക്കു പിറകെ ഒരു വിഭാഗം ജനം പോകാനുണ്ടായ സാഹചര്യം പഠിക്കണം.
ഒരു പാർട്ടിയിൽ നിന്നുകൊണ്ട് ആ പാർട്ടിയുടെ സമീപനത്തിനെതിരെ സംസാരിക്കുന്നത് ശരിയല്ലെന്ന് ശശി തരൂരിനെ ലക്ഷ്യമിട്ട് സുധാകരൻ പറഞ്ഞു. എന്നാൽ, ആ പാർട്ടി ഉയർത്തിപ്പിടിക്കുന്ന മാനവികത നടപ്പാകാതിരിക്കുമ്പോൾ കുറ്റപ്പെടുത്തുന്നതിൽ തെറ്റില്ല.
ഐക്യരാഷ്ട്രസംഘടനയിൽ ജോലി ചെയ്തെന്ന കാരണം കൊണ്ട് ഒരാൾ രാഷ്ട്രതന്ത്രജ്ഞനാകില്ല. അങ്ങനെയുള്ളവരെ ഉദ്യോഗസ്ഥരെന്നാണു വിളിക്കേണ്ടത്.
നെഹ്റു ജനാധിപത്യത്തിന്റെ പ്രകാശഗോപുരമായിരുന്നു, ഏകാധിപതിയായിരുന്നില്ല.
എം.എം.ഹസൻ അധ്യക്ഷത വഹിച്ചു. ബിഎസ്എസ് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ രചിച്ച് സദ്ഭാവനാ ട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘ജവാഹർലാൽ ലാൽ നെഹ്റു ഒരു വിസ്മയം’ എന്ന പുസ്തകം ജി.സുധാകരനു നൽകി ഹസൻ പ്രകാശനം ചെയ്തു.
കേരള സർവകലാശാല മുൻ പ്രോ വൈസ്ചാൻസലർ ഡോ.ജെ.പ്രഭാഷ്, ഡോ.എം.ആർ.തമ്പാൻ, ബി.എസ്.ബാലചന്ദ്രൻ, പി.എസ്. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

