തിരുവനന്തപുരം ∙ നാമ നിർദേശ പത്രികാ സമർപ്പണ സമയമായിട്ടും ഘടക കക്ഷികളുമായി രൂക്ഷമായ തർക്കം നിലനിൽക്കുന്നതിനാൽ കോർപറേഷനിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കഴിയാതെ മുന്നണികൾ. യുഡിഎഫിൽ മുസ്ലീം ലീഗിന് നൽകിയ 5 വാർഡുകളിൽ ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. എൽഡിഎഫിൽ വെങ്ങാനൂർ വാർഡിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് ജനതാദളും (എസ്) ആർജെഡിയും തമ്മിലും ബീമാപ്പള്ളി വാർഡിൽ മത്സരിക്കുന്നതു സംബന്ധിച്ച് ആർജെഡിയും ഐഎൻഎല്ലും തമ്മിലും രൂക്ഷമായ തർക്കമുണ്ട്.
മറ്റ് 4 വാർഡുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മുന്നണിക്കായിട്ടില്ല. എൻഡിഎയിൽ രണ്ടാം ഘട്ടമായി 31 സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചെങ്കിലും 3 വാർഡുകളിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനുണ്ട്.
മുസ്ലിംലീഗ്
സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ യുഡിഎഫിൽ പൂർത്തിയായിട്ട് പത്തു ദിവസത്തോളമായി.
സ്ഥിരമായി കോൺഗ്രസ് മത്സരിച്ചിരുന്ന പൗണ്ട്കടവ് ഉൾപ്പെടെ 5 വാർഡുകൾ ലീഗിന് നൽകിയെങ്കിലും ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തതിൽ കോൺഗ്രസ് അതൃപ്തിയിലാണ്. സ്വന്തം സ്ഥാനാർഥികൾ ഇല്ലെങ്കിൽ വാർഡുകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനും ലീഗ് തയാറാകുന്നില്ലെന്നാണ് വിവരം.
പൗണ്ട്കടവ് ലീഗിന് നൽകിയതിനെതിരെ പ്രദേശവാസികൾ ഡിസിസി ഓഫിസിൽ എത്തി ബഹളം വച്ചു.
പ്രാദേശിക പ്രതിഷേധം കണക്കിലെടുത്ത് അവിടെ മത്സരിക്കാൻ ലീഗും താൽപര്യപ്പെടുന്നില്ല. എന്നാൽ വാർഡ് കൈമാറാത്ത കാരണം വ്യക്തമല്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും പുത്തൻപള്ളി, ബീമാപ്പള്ളി വാർഡുകളിൽ ലീഗ് സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.അതേസമയം, പൂങ്കുളം വാർഡ് നൽകാത്തതിൽ കേരള കോൺഗ്രസ് (ജേക്കബ്) കടുത്ത പ്രതിഷേധത്തിലാണ്.
എൽഡിഎഫ്
എൽഡിഎഫ് 8 വാർഡുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ടായിരുന്നത്. ഇതിൽ കരമന വാർഡ് കേരള കോൺഗ്രസിന് (എം) നൽകി.
പൗണ്ട്കടവിൽ സ്വന്തം സ്ഥാനാർഥിയെ സിപിഎം പ്രഖ്യാപിച്ചു. കാലടി ജെഎസ്എസിന് നൽകാൻ തീരുമാനിച്ചെങ്കിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. വെങ്ങാനൂർ, ബീമാപ്പള്ളി വാർഡുകൾ സംബന്ധിച്ച് ഘടക കക്ഷികൾ തമ്മിൽ നില നിൽക്കുന്ന രൂക്ഷമായ തർക്കം പരിഹരിക്കാൻ സിപിഎമ്മിന് ആയിട്ടില്ല.
വെങ്ങാനൂർ വാർഡിൽ ജനതാദളും (എസ്) ആർജെഡിയും വെവ്വേറെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചത് സിപിഎമ്മിന് തലവേദനയായി.
വെങ്ങാനൂർ ജനതാദളിന് നൽകാനാണ് സാധ്യത. ബീമാപ്പള്ളി വാർഡ് വേണമെന്ന് ഐഎൻഎല്ലും ആർജെഡിയും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആരും സ്ഥാനാർഥിയെ രംഗത്തിറക്കിയിട്ടില്ല.
ഐഎൻഎല്ലിന് ബീമാപ്പള്ളി നൽകാനാണ് സിപിഎമ്മിന് താൽപര്യം. പകരം ശ്രീകണ്ഠേശ്വരമോ മേലാങ്കോടോ നൽകാമെന്ന് പറഞ്ഞെങ്കിലും പാർട്ടിക്ക് സ്വാധീനമില്ലാത്ത വാർഡ് ഏറ്റെടുക്കേണ്ട
എന്നാണ് ആർജെഡി തീരുമാനം. ആർജെഡിയുമായി സമവായത്തിൽ എത്താൻ കഴിയാത്തതാണ് ശ്രീകണ്ഠേശ്വരം വാർഡിലും സ്ഥാനാർഥി നിർണയം വൈകാൻ കാരണം. ഫോർട്ട് വാർഡിലെ സ്ഥാനാർഥിയെ സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല.
ബിഡിജെഎസിന് 3 സീറ്റുകൾ
ആദ്യ ഘട്ടത്തിൽ 67 വാർഡുകളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ബിജെപി ഒരാഴ്ച പിന്നിടുമ്പോഴാണ് രണ്ടാം ഘട്ടമായി 31 സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
സീറ്റ് വിഭജനം സംബന്ധിച്ച് ബിഡിജെഎസുമായി ഉണ്ടായിരുന്ന രൂക്ഷമായ തർക്കം കാരണമാണ് രണ്ടാം ഘട്ട പട്ടിക വൈകിയത്.
അവർക്ക് 3 സീറ്റും ശിവസേന, കാമരാജ് കോൺഗ്രസ് കക്ഷികൾക്ക് ഓരോ സീറ്റും ഉറപ്പു നൽകിയെങ്കിലും ബിഡിജെഎസ് ഒഴികെയുള്ള പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുഞ്ചക്കരിയിൽ കാമരാജ് കോൺഗ്രസും കിണവൂരിൽ ശിവസേനയും മത്സരിക്കും.
. ബിഡിജെഎസ് 6 വാർഡുകളാണ് ആദ്യം ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം 20 വാർഡുകളിൽ സ്വന്തം സ്ഥാനാർഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചതോടെ ബിജെപി അയഞ്ഞു. 3 വാർഡുകൾ നൽകാമെന്ന ധാരണയിലാണ് പ്രശ്നം ഒത്തുതീർപ്പായത്.
സ്ഥാനാർഥി പ്രഖ്യാപനം കാത്തിരിക്കുന്ന വാർഡുകൾ
∙യുഡിഎഫ് (മുസ്ലിംലീഗ്) പൗണ്ട് കടവ്, ബീമാപ്പള്ളി, പുത്തൻപള്ളി, വള്ളക്കടവ്, ചാല.
∙എൽഡിഎഫ് വെങ്ങാനൂർ, ബീമാപ്പള്ളി, ശ്രീകണ്ഠേശ്വരം, മേലാങ്കോട്, ഫോർട്ട്. ∙എൻഡിഎ വിഴിഞ്ഞം, പുഞ്ചക്കരി, കിണവൂർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

