മരങ്ങാട്ടുപിള്ളി ∙ നിങ്ങളിൽ ആരാണ് ഏറ്റവും നന്നായി നാടോടിനൃത്തം കളിക്കുന്നത്? ചോദ്യം തീരുന്നതിനും മുൻപേ അശ്വിൻ ആതിരയ്ക്കു നേരെ വിരൽ ചൂണ്ടും. അതിനും മുൻപേ ആതിരയുടെ വിരൽ അശ്വിനു നേരെ നീളും.
ഒന്നിച്ചു പിറന്ന ഇരുവരുടെയും ചിന്തകളും നടനവും ഒരുപോലെയാണ്. കൊല്ലം ടികെഎം സെന്റിനറി പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ ആതിരയും അശ്വിനും ഇരട്ടകളാണ്.
രമേശ്–രാജേശ്വരി ദമ്പതികളുടെ മക്കളാണ്. ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം എന്നിവയിലാണ് അശ്വിൻ മത്സരിക്കുന്നത്.
ഇതിൽ ഭരതനാട്യ മത്സരം കഴിഞ്ഞു. ആതിര നാടോടിനൃത്തം, കുച്ചിപ്പുഡി എന്നിവയിൽ മാത്രമാണ് മത്സരിക്കുന്നത്.
തബലയിൽ ഭജന താളം
മരങ്ങാട്ടുപിള്ളി ∙ ഭജന താളം ഹൃദയത്തുടിപ്പായി മാറി; തുടർച്ചയായി രണ്ടാം തവണയും സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ തബലയിൽ വിസ്മയം തീർത്ത് ശ്രീറാം മുരളി.
കുഞ്ഞുനാളിൽ ഭജന പാട്ടുകൾ കേൾക്കുമ്പോഴാണ് തബലയിൽ ആദ്യമായി കമ്പം തോന്നി തുടങ്ങിയത്. പിന്നീട് അതു പരിശീലിച്ചു സ്വായത്തമാക്കി.
തൃശൂർ പാട്ടുരായ്ക്കൽ ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മൂന്നാം ക്ലാസ് മുതൽ തബല പഠനം തുടങ്ങി.
സംഗീതവും പഠിക്കുന്നുണ്ട്. ദുബായിൽ എൻജിനീയറായ വി.പി.മുരളിയുടെയും അയ്യന്തോൾ അമൃത വിദ്യാലയത്തിലെ അധ്യാപിക ജ്യോതിയുടെയും മകനാണ്.
ഇനി സ്പേസ് ഡാൻസ്
മരങ്ങാട്ടുപിള്ളി ∙ ‘ഇനി ബഹിരാകാശത്ത് നൃത്തം ചെയ്യണം’– ഭരതനാട്യം കാറ്റഗറി രണ്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രണവ് സുജിത്തിന്റെ ആഗ്രഹമാണിത്.
സഹോദരി ഗായത്രി നൃത്തം പഠിക്കുന്നത് കണ്ടപ്പോൾ വാശി പിടിച്ചാണ് നാലാം വയസ്സിൽ പ്രണവും നൃത്തപരിശീലനം തുടങ്ങിയത്. സഹോദയ ജില്ലാ മത്സരങ്ങളിൽ മുൻപ് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനതലത്തിൽ ഇതാദ്യമാണ്.
ആലപ്പുഴ എസ്ടിവിഇഎം എച്ച്എസ്എസിലെ വിദ്യാർഥിയായ പ്രണവിന് ഇന്ന് നാടോടിനൃത്തത്തിലും മത്സരമുണ്ട്.
സിബിഎസ്ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം
മരങ്ങാട്ടുപിള്ളി ∙ കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് നേതൃത്വം നൽകുന്ന സിബിഎസ്ഇ സംസ്ഥാന സ്കൂൾ കലോത്സവം ‘സ്റ്റീം കാർണിവലി’ന് ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ തുടക്കമായി. 4 കാറ്റഗറികളിലായി 47 ഇനങ്ങളുടെ ഫലം വന്നപ്പോൾ 30 പോയിന്റുമായി മലബാർ സഹോദയയാണു മുൻപിൽ.
തൃശൂർ സഹോദയ (26), കൊച്ചി മെട്രോ സഹോദയ (20) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. രണ്ടാം ദിനമായ ഇന്ന് 43 മത്സരങ്ങൾ അരങ്ങേറും.
ജോസ് കെ.മാണി എംപി കലോത്സവം ഉദ്ഘാടനം ചെയ്തു.
കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് പ്രസിഡന്റ് ജോജി പോൾ അധ്യക്ഷത വഹിച്ചു. സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായി.
സ്റ്റീം അക്കാദമി പ്രസിഡന്റും ന്യൂക്ലിയർ സയന്റിസ്റ്റുമായ ഡോ. എ.പി.ജയരാമൻ, ലേബർ ഇന്ത്യ ഫൗണ്ടർ ചെയർമാൻ ജോർജ് കുളങ്ങര, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, പ്രിൻസിപ്പൽ സുജ കെ.ജോർജ ്, മാനേജിങ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, സഹോദയ കോംപ്ലക്സസ് ജനറൽ സെക്രട്ടറി ഡോ.
ദീപ ചന്ദ്രൻ, ബെന്നി ജോർജ്, ഫാ. ജോർജ് പുഞ്ചയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
∙ വേദിയിൽ ഇന്ന്
കോൽക്കളി, ഭരതനാട്യം, ഒപ്പന, മോഹിനിയാട്ടം, മോണോ ആക്ട് – ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ (വിവിധ വേദികൾ)
മൈം– സെന്റ് മേരീസ് റോമൻ കാത്തലിക് ചർച്ച് ഇലയ്ക്കാട് പാരിഷ് ഹാൾ
സമ്മാന പെരുമഴയുമായി മനോരമ സ്റ്റാൾ
കലയുടെ ആവേശത്തിനൊപ്പം സമ്മാനപ്പെരുമഴയുമായി മനോരമയും പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളും.
ചാവറ പബ്ലിക് സ്കൂളിൽ ഒരുക്കിയിരിക്കുന്ന സ്റ്റാൾ സന്ദർശിക്കുന്നവർക്കാണു സമ്മാനങ്ങൾ നേടാൻ അവസരം. ക്വിസ്, അടിക്കുറിപ്പ് മത്സരം തുടങ്ങിയ മത്സരങ്ങളിലൂടെ ഓരോ 2 മണിക്കൂറിലും സ്മാർട്ട് വാച്ച്, പവർ ബാങ്ക്, എയർപോഡ്, ബ്ലൂടൂത്ത് സ്പീക്കർ, ക്രോക്കറി, ഗ്ലാസ് സെറ്റ് തുടങ്ങിയവ സമ്മാനമായി നേടാം.
9400518196. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

