തൃശൂർ ∙ പ്രമുഖരടക്കമുള്ളവരിൽ നിന്നു പണംവാങ്ങി വ്യാജ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു വിവാദത്തിൽപെട്ട ഓൺലൈൻ സർവകലാശാല ഒരിടവേളയ്ക്കു ശേഷം വീണ്ടും പറ്റിപ്പുമായി കളത്തിൽ.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്നു വെബ്സൈറ്റിൽ അവകാശപ്പെടുന്ന ഇന്റർനാഷനൽ തമിഴ് യൂണിവേഴ്സിറ്റിയാണു പണം വാങ്ങി ഡിലിറ്റ് (ഡോക്ടർ ഓഫ് ലെറ്റേഴ്സ്) ബിരുദം വാരിവിതറുന്നത്. 10,000 രൂപ റജിസ്ട്രേഷൻ ചാർജും 25,000 മുതൽ 2 ലക്ഷം രൂപ വരെ ഫീസും വാങ്ങി സമ്മാനിക്കുന്ന ഡിലിറ്റ് വ്യാജമാണെന്നറിയാതെ പറ്റിക്കപ്പെടുന്നവരിൽ മലയാളികളുമേറെ.
രാഷ്ട്രീയ നേതാവു കൂടിയായ പ്രമുഖ തമിഴ്നടിയടക്കം ഒട്ടേറെ സിനിമാ താരങ്ങൾക്കും വ്യവസായികൾക്കും ഇന്റർനാഷനൽ തമിഴ് യൂണിവേഴ്സിറ്റി ഏതാനും വർഷം മുൻപു ഓണററി ഡോക്ടറേറ്റ് സമ്മാനിക്കുകയും ഇതിനു പിന്നിലെ തട്ടിപ്പു ചോദ്യംചെയ്യപ്പെട്ടതോടെ വിവാദത്തിലാകുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകൾ യുജിസിയുടെ കരിമ്പട്ടികയിൽപ്പെടുമെന്നതിനാൽ യുഎസിൽ റജിസ്റ്റർ ചെയ്തതായി കാണിച്ചാണു പ്രവർത്തനം.
വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട മേഖലകളിലെ പ്രാഗത്ഭ്യം തുടങ്ങിയ യോഗ്യതകൾ ഒന്നും ആവശ്യമില്ലെന്നതാണ് ഇവരുടെ ഓൺലൈൻ ഡിലിറ്റിന്റെ സവിശേഷത.
സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ഏജന്റുമാരാണ് ഓൺലൈൻ വാഴ്സിറ്റികൾക്കു വേണ്ടി വലവീശുക. തട്ടിപ്പ് പിടിക്കപ്പെടുന്നതിനു മുൻപു വരെ നൽകിയ സർട്ടിഫിക്കറ്റുകളിൽ നിന്നു വ്യത്യസ്തമായി പേരിലും എംബ്ലത്തിലുമടക്കം മാറ്റങ്ങൾ വരുത്തിയാണു പുതിയ സർട്ടിഫിക്കറ്റ്.
പിഎച്ച്ഡി, ഓണററി ഡോക്ടറേറ്റ് സർട്ടിഫിക്കറ്റുകളിൽ സ്വീകർത്താവിന്റെ ഫോട്ടോ ഉൾപ്പെടുത്താറില്ലെന്നതു ലോകമാകമാനം ഒട്ടുമിക്ക സർവകലാശാലകളുടെയും രീതിയാണെങ്കിലും ഓൺലൈൻ സർവകലാശാല വലിപ്പമുള്ള ഫോട്ടോകളും സർട്ടിഫിക്കറ്റിൽ നൽകും.
യുഎസിലെ ആൽബർട്ട് ഐൻസ്റ്റീൻ കോളജിലെ പ്രഫസർ ലൂക്കാസ് ബോൾസണിന്റെ പേരിൽ മാറ്റംവരുത്തി ലൂക്കാസ് ജൂൾസൺ എന്നാക്കി ചാൻസലറായി പ്രതിഷ്ഠിച്ചാണു സർട്ടിഫിക്കറ്റ്. പേരിനൊപ്പം ഡോക്ടർ എന്നു കൂട്ടിച്ചേർക്കാമെന്നതാണു പണം നൽകി ഡിലിറ്റ് വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.
അക്രഡിറ്റേഷനില്ല; നിറംമാറും വെർച്വൽ വാഴ്സിറ്റികൾ
യുഎസിലെ ഒന്നിലേറെ വെർച്വൽ വാഴ്സിറ്റികൾ ഇന്ത്യയിൽ വ്യാജ ബിരുദങ്ങൾ വിതരണം ചെയ്യുന്നതായി യുജിസി തന്നെ കണ്ടെത്തിയിരുന്നു.
കിങ്സ് യൂണിവേഴ്സിറ്റി, റോയൽ അമേരിക്കൻ യൂണിവേഴ്സിറ്റി, ഇന്ത്യൻ വെർച്വൽ യൂണിവേഴ്സിറ്റി തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കൊന്നും ക്യാംപസോ ഓഫിസോ അംഗീകാരമോ ഇല്ലെന്നു യുഎസ് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷൻ വ്യക്തമാക്കിയിരുന്നു. തട്ടിപ്പ് പിടിക്കപ്പെടുമ്പോൾ പുതിയ പേരിൽ വെബ്സൈറ്റ് തുറന്നു വീണ്ടും തട്ടിക്കും.
എന്നിട്ടും വ്യാജ ഡിലിറ്റ് വാഗ്ദാനത്തിൽ വീണ് പണം കളയുന്നവരുടെ എണ്ണത്തിൽ കുറവില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

