കൊല്ലം∙ മൂത്ത മകൾ ആസ്മിന്റെ വിവാഹച്ചെലവുകൾക്ക് സ്വരുക്കൂട്ടാൻ വേണ്ടിയാണ് മുഹമ്മദ് ജിബ്രേൽ കേരളത്തിൽ എത്തിയത്. രാവും പകലും പണിയെടുക്കുമ്പോൾ മനസ്സിൽ നിറയെ മകളുടെ കൈപിടിച്ചു കൊടുക്കുന്നതിന്റെ സുന്ദര സ്വപ്നങ്ങളായിരുന്നു.
അവധിയില്ലാതെയാണ് പലപ്പോഴും പണിയെടുത്തത്. ഒടുവിൽ ചേതനയറ്റ് സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ മകളുടെ വിവാഹം എന്ന സ്വപ്നം ബാക്കിയായി.
അഞ്ച് മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ജിബ്രേൽ.
ബിഹാർ കാത്തിഹർ ജില്ലയിലെ സിസ്യ ഗ്രാമത്തിൽ അമ്മ അജ്മീരിക്കൊപ്പമാണ് മക്കളായ ആസ്മിൻ, റുഖ്സർ, മർജിന, ജുനൈദ്, അഹ്സൻ എന്നിവർ കഴിയുന്നത്. മൂത്തത് മൂന്ന് പെൺമക്കൾ.
ആൺമക്കൾ രണ്ടും ചെറിയ കുട്ടികളാണെന്ന് ജിബ്രേലിന്റെ സുഹൃത്തുക്കൾ പറയുന്നു. അടുത്ത അവധിക്ക് നാട്ടിൽ പോകുമ്പോൾ മകളുടെ വിവാഹം നടത്തണമെന്ന ആഗ്രഹം പങ്കുവയ്ക്കുമായിരുന്നു.
വിവാഹം ഉറപ്പിച്ചിരുന്നതായും സുഹൃത്തുക്കൾ പറയുന്നു.
അപകടത്തെക്കുറിച്ച് ഒപ്പം ജോലി ചെയ്യുന്നവർ പറയുന്നതിങ്ങനെ: ടിപ്പറിൽ നിന്ന് മണ്ണിറക്കുമ്പോൾ വാഹനത്തിനു വഴി പറഞ്ഞു കൊടുത്ത് പിന്നിലായാണു ജിബ്രേൽ നിന്നത്. ടിപ്പർ പോയി പെട്ടെന്ന് ജിബ്രേൽ അപ്രത്യക്ഷനായി.
കൂടെ ജോലി ചെയ്തിരുന്നയാളെ കാണാനില്ലെന്ന് സൂപ്പർവൈസറെ അറിയിച്ചെങ്കിലും അദ്ദേഹം കാര്യമായെടുത്തില്ല. നിങ്ങൾ നിങ്ങളുടെ പണി നോക്കൂ എന്നായിരുന്നു സൂപ്പർവൈസറുടെ മറുപടി.
ടിപ്പറിൽ നിന്ന് ഇട്ടുകൊണ്ടിരുന്ന മണ്ണിൽ കാലു പുതഞ്ഞു വീണതാകാമെന്നാണ് അവർ പറയുന്നത്. പിന്നിൽ നിൽക്കുന്നയാളെ ടിപ്പർ ഡ്രൈവർക്കു കാണാനുമാകില്ല.
കണാനില്ലെന്നു പറഞ്ഞപ്പോൾ തിരച്ചിൽ നടത്തിയിരുന്നുവെങ്കിൽ ജിബ്രേലിന്റെ ജീവൻ രക്ഷിക്കാമായിരുന്നു – സുഹൃത്തുക്കൾ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഈ മേഖലയിലെ നിർമാണം നിർത്തി വച്ചിരിക്കുകയാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിഹാർ സ്വദേശിയായ സൂപ്പർവൈസറെ കയ്യേറ്റം ചെയ്യാൻ അതിഥിത്തൊഴിലാളികളുടെ സംഘം ശ്രമിച്ചിരുന്നു.
ഇതു പൊലീസ് ഇടപെട്ടു തടഞ്ഞു. നിർമാണ മേഖലയിൽ പണിയെടുക്കുന്നവർക്ക് അപകട, ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ളവ വേണമെന്ന് വ്യവസ്ഥയുണ്ട്.
പ്രധാന കരാറുകാരന്റെ കീഴിലെ ഉപകരാറുകാരാകും മണ്ണിട്ട് റോഡ് ഉയർത്തുന്ന ജോലികൾ ചെയ്യുന്നത്. ഉപ കരാറുകാർക്ക് സർക്കാർ വ്യവസ്ഥ പാലിക്കണമെന്ന് നിർബന്ധവുമില്ല.
വെളിച്ചമില്ല, സുരക്ഷയില്ല
അഞ്ചാലുംമൂട്∙ ദേശീയപാത നിർമാണത്തിലെ സുരക്ഷാവീഴ്ചകൾക്കെതിരെ പ്രതിഷേധമുയരുന്നു.
സുരക്ഷാ വീഴ്ചയിലും അശ്രദ്ധയിലുമാണ് ബിഹാർ സ്വദേശി മുഹമ്മദ് ജിബ്രേലിന് (42) ജീവൻ നഷ്ടമായത്. കുരീപ്പുഴ – കാവനാട് പാലത്തിന്റെ അപ്രോച്ച് റോഡിൽ മണ്ണ് നിരത്തുന്ന റോഡ് ഗ്രേഡർ യന്ത്രത്തിന്റെ ഓപ്പറേറ്ററുടെ സഹായിയായി ജോലി ചെയ്യവെ ആയിരുന്നു അപകടം.
നിർമാണ മേഖല ആയിരുന്നിട്ടും രാത്രിയിൽ ആവശ്യത്തിന് വെളിച്ചം ഇവിടെയുണ്ടായിരുന്നില്ല. റിഫ്ലക്ടർ ഉള്ള ഓവർ കോട്ട്, ഹെൽമറ്റ് തുടങ്ങിയ യാതൊരു സുരക്ഷ മാനദണ്ഡങ്ങളും തൊഴിലാളികൾക്കു നൽകിയിരുന്നില്ല.
ഒരു വർഷത്തിനിടെ ചെറുതും വലുതുമായി ഒട്ടേറെ അപകടങ്ങൾ ദേശീയപാത നിർമാണ മേഖലയിൽ ഉണ്ടായിട്ടുണ്ട്.
അയത്തിലിനു സമീപം ചൂരാങ്കൽ തോടിനു കുറുകെയുള്ള പാലം തകർന്നിരുന്നെങ്കിലും ആർക്കും പരുക്കേൽക്കാതെ ഭാഗ്യം തുണച്ചു. കല്ലുംതാഴത്തിനു സമീപം റെയിൽവേ പാലത്തിനോടു ചേർന്ന് രണ്ടു തവണ മണ്ണിടിഞ്ഞിരുന്നു.
രണ്ടാം തവണ മണ്ണിടിഞ്ഞപ്പോൾ കോൺക്രീറ്റിനായി കമ്പി കെട്ടിക്കൊണ്ടിരുന്ന ബംഗാൾ സ്വദേശിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. പാരിപ്പള്ളിയിൽ കോൺക്രീറ്റ് ചെയ്യുന്നതിനിടെയും അപകടങ്ങളുണ്ടായി.
സുരക്ഷാമാനദണ്ഡങ്ങൾ ഒരുക്കാത്തത് തൊഴിലാളികൾക്കു മാത്രമല്ല, യാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്.
സർവീസ് റോഡിൽ മണ്ണ് കൂന കൂട്ടിയിടുന്നതും മുന്നറിയിപ്പില്ലാതെ കുഴികൾ എടുക്കുന്നതും സ്ഥിരമാണ്. സെപ്റ്റംബർ 16ന് ട്രെയിലർ കയറിയിറങ്ങി യുവതി മരിച്ചിരുന്നു.
ശക്തികുളങ്ങര ആയിത്തറ തെക്കതിൽ സജിത (32) ആണ് മരിച്ചത്. നീരാവിൽ പള്ളിവേട്ടച്ചിറ ഒറ്റക്കൽ മേൽപാലത്തിന് സമീപം സജിതയുടെ സ്കൂട്ടറിൽ ട്രെയിലറിന്റെ പിൻഭാഗം ഇടിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

