കലയുടെയും സാഹിത്യത്തിന്റെയും ഉത്സവമായ ‘മനോരമ ഹോർത്തൂസി’ന്റെ ഭാഗമായുള്ള ‘പദ’യാത്രയ്ക്ക് അനന്തപുരി നൽകിയത് വാക്കിന്റെ ചേലും ചേർച്ചയുമുള്ള വരവേൽപ്. പാട്ടും നൃത്തവും കവിതയുമായാണ് ജില്ലയിലെ കലാലയങ്ങൾ തനത് നാടൻ വാക്കുകൾ തേടിയുള്ള സാഹിത്യ പ്രയാണത്തെ സ്വീകരിച്ചത്.
‘ജെൻ സി’ വൈബിൽ, പുതുതലമുറ ചികഞ്ഞെടുത്തതാവട്ടെ തിരുവനന്തപുരത്തിന്റെ സ്വന്തം വാക്കുകളും. തുമ്പ സെന്റ് സേവ്യേഴ്സ് കോളജ്, ഓൾ സെയിന്റ്സ് കോളജ്, മാർ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലും മാനവീയം വീഥിയിലുമാണ് ഹോർത്തൂസ് പദയാത്ര എത്തിയത്.
നാട്ടുവർത്തമാനത്തിൽ ഉപയോഗിച്ചിരുന്ന, തീർത്തും പ്രാദേശികമായ വാക്കുകൾ പതിയെ മറവിയിലേക്ക് നീങ്ങുന്നതിനിടയിലാണ് ‘പദ’യാത്ര എത്തിയത്.
അർഥം സഹിതം വാക്കുകളുമായി എത്തിയ വിദ്യാർഥികൾക്ക് ഒറ്റ ആഗ്രഹം മാത്രം. ‘ഹോർത്തൂസ്’ എന്ന പൂന്തോട്ടത്തിൽ തങ്ങളുടെ നാടിന്റെ വാക്കും പൂക്കണം.
പദയാത്ര ആഘോഷ അന്തരീക്ഷമാക്കി മാറ്റിയ കലാലയങ്ങളിൽ, പരിപാടിയുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾക്കു സമ്മാനങ്ങളും കൈമാറി. അക്ഷരവസന്തം തീർക്കുന്ന മനോരമ ഹോർത്തൂസ് രണ്ടാം പതിപ്പിന്റെ ഭാഗമായി നടത്തുന്ന തനതു വാക്കുകൾ തേടിയുള്ള യാത്ര 14 ജില്ലകളിലെയും തിരഞ്ഞെടുത്ത ക്യാംപസുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വാക്കുകൾ ഈ മാസം 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന ഹോർത്തൂസിൽ പ്രദർശിപ്പിക്കും.
തുടർന്ന് വാക്കുകളുടെ നിഘണ്ടു പ്രസിദ്ധീകരിക്കും. ‘പദ’യാത്രയുടെ ജില്ലയിലെ പര്യടനം ഇന്ന് സമാപിക്കും.
വാക്കിന്റെ ‘പറക്ക്’
വിദ്യാർഥികളായ ആദിക്കും ഗോഡ്സണും പരസ്പരം ഫുട്ബോൾ തട്ടി ‘പദ’യാത്രയെ സ്വീകരിച്ച തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് മുറ്റത്തെ മരത്തണലിൽ ഇരിക്കുമ്പോൾ തഴുകുന്ന കാറ്റിനു കടലിന്റെ ഉപ്പുരസമാണ്.
അതുകൊണ്ട് പദയാത്രയിലേക്ക് ഏതു പദം നൽകണമെന്ന കാര്യത്തിൽ അവർക്ക് സംശയമില്ല. വൈസ് പ്രിൻസിപ്പൽ ഡോ.രാജേഷ് മാർട്ടിൻ കുറിച്ചു, ‘കരമടി’.
കടലിൽനിന്ന് വല വലിച്ചുകയറ്റുന്ന ജോലിക്ക് പറയുന്ന പേരാണിത്. കടൽ ജീവനും മീൻപിടിത്തം ജീവനോപാധിയുമായ ഒരു പ്രദേശം ഭൂമിശാസ്ത്രപരമായ ആത്മാംശമുള്ള വാക്കല്ലാതെ മറ്റെന്തു കുറിക്കാൻ!
രണ്ടാമത് എഴുതിയത് ‘പറക്ക്’ എന്നായിരുന്നു.
കൊമ്പൻ സ്രാവിന്റെ ചിറക് എന്നാണ് ഈ വാക്കിന്റെ അർഥം. കവിയും അധ്യാപകനുമായ ഡി.അനിൽകുമാറാണ് ഈ വാക്കുമായി എത്തിയത്.
അധ്യാപകരായ ഡോ.ഗിഫ്റ്റി എൽസ വർഗീസ്, ഷീന ദാസ്, കോളജ് യൂണിയൻ ചെയർമാൻ ഡേവിഡ് ബെക്കാം തുടങ്ങിയവർ പദയാത്രയ്ക്കു വരവേൽപ് നൽകി. ആർദ്ര, ആശിക്ക്, ഗൗരി, ശ്വേത തുടങ്ങിയവർ പാട്ടും ഡാൻസുമായി പരിപാടി കളറാക്കി.
അക്ഷര ‘ഇനിപ്പ്’
തിരുവനന്തപുരത്തിന്റെ സ്നേഹം ‘തോനെ’ നിറച്ച് ഓൾ സെയിന്റ്സ് കോളജിലെ ഡി.പി.ദേവി ശരണ്യയും എസ്.പി.
ആഷ്നയും ചേർന്നെഴുതി: ‘ഇത്തിപ്പൂരം.’ –കുറച്ച് എന്നാണ് അർഥം. രണ്ടാമത് കുറിച്ചതാകട്ടെ ‘മധുരം’ എന്നർഥം വരുന്ന ‘ഇനിപ്പും.’ ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ.സോണിയ നായരുടെ നേതൃത്വത്തിൽ ആവേശജ്വലമായ വരവേൽപ്പാണ് ഓൾ സെയിന്റസിൽ പദയാത്രയ്ക്ക് നൽകിയത്.
ഹിപ്ഹോപ്പും സെമി ക്ലാസിക്കൽ ഡാൻസും നാടൻപാട്ടുമായി കുട്ടികൾ പദയാത്രയെ വരവേറ്റതോടെ പരിപാടി ‘തോനെ ഇനിപ്പായി’.
ഭാഷയുടെ ‘കുണ്ടണി’
ഒന്നിന് പത്തായി സ്നേഹവും വാക്കും നൽകിയാണ് മാർ ഇവാനിയോസ് കോളജ് ‘പദ’യാത്രയെ എതിരേറ്റത്. വിദ്യാർഥികൾ നൽകിയ നൂറുകണക്കിന് വാക്കുകളിൽനിന്ന് തിരഞ്ഞെടുത്ത 6 പദങ്ങളാണ് ഹോർത്തൂസ് നാടൻ പദാവലിയിലേക്ക് ഇവാനിയോസിന്റെ സംഭാവന.
പ്രിൻസിപ്പൽ ഡോ.മീര ജോർജും വൈസ് പ്രിൻസിപ്പൽ ഡോ.റെനി സ്കറിയയും ചേർന്ന് ‘ഇനിപ്പ്’ എന്ന വാക്കു കുറിച്ചു. പിന്നാലെ അധ്യാപകരായ ഡോ.ദീപ മേരി ജോസഫ്, ഡോ.എസ്.ആർ.സഞ്ജീവ്, വാണി പ്രസാദ് എന്നിവരും വിദ്യാർഥികളും ചേർന്ന് വിരുവിരുപ്പ്(വെപ്രാളം), കലിപ്പ്(ദേഷ്യം), പയല്(ചെറുക്കൻ, പയ്യൻ), അറുമ്പാദം(ഒരു നിർവാഹവുമില്ലാത്ത അവസ്ഥ), കുണ്ടണി(വികൃതി) എന്നീ വാക്കുകൾ എഴുതി.
എല്ലാം ഒജി (ശരിക്കും ഒറിജിനൽ) തിരോന്തരം വാക്കുകൾ!!
‘മാന’ നൽകി മാനവീയം
മാനവീയത്തിൽ പറയുന്ന പുതിയൊരു പദമാണ് ‘മാന’. സുഹൃത്ത് എന്നാണ് അർഥം.
ഇവിടെയെത്തുന്നവരെല്ലാം പരസ്പരം ‘മാന’ എന്നുവിളിക്കുമ്പോൾ ആ വാക്കല്ലാതെയെന്താണ് ഈയിടം ഹോർത്തൂസിന് നൽകുക! പെടവട(കല്യാണം), തമ്മസിക്കൂല(സമ്മതിക്കൂല) തുടങ്ങിയ വാക്കുകളും മാനവീയം വീഥിയിൽ നിന്നുള്ള സംഭാവനകളാണ്.
നാടൻ പദങ്ങളും അർഥവും തേടി ഹോർത്തൂസ് പദയാത്ര ഇന്നു കൂടി
തിരുവനന്തപുരം∙ അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ഉത്സവമായ മനോരമ ഹോർത്തൂസിന്റെ വരവറിയിച്ചു കൊണ്ടു പദങ്ങളുടെ യാത്രയായ ‘പദയാത്ര’ ഇന്നു കൂടി തലസ്ഥാന ജില്ലയിൽ പര്യടനം നടത്തും.
ഓരോ പ്രദേശത്തെയും നാടൻ ഭാഷാ ശൈലികളും തനതു വാക്കുകളും പദപ്രയോഗങ്ങളും ശേഖരിക്കുന്ന പദയാത്ര എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകൾ പിന്നിട്ടാണു തിരുവനന്തപുരത്ത് എത്തിയത്. സംസ്ഥാനത്തെ 14 ജില്ലകളിലെയും തിരഞ്ഞെടുത്ത കോളജുകളിലൂടെയും പൊതു ഇടങ്ങളിലൂടെയുമാണ് ഹോർത്തൂസ് പദയാത്ര കടന്നുപോകുന്നത്.
വാഹനത്തിൽ ഒരുക്കിയിരിക്കുന്ന പുസ്തകത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും നാട്ടുഭാഷ പദങ്ങളും ശൈലികളും അവയുടെ അർഥവും എഴുതാം. ഇങ്ങനെ ശേഖരിക്കുന്ന പദങ്ങൾ എറണാകുളം സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയിൽ പ്രദർശിപ്പിക്കും.
ഹോർത്തൂസ് പദയാത്ര ഇന്ന്
∙ രാവിലെ 10: എം.ജി കോളജ് തിരുവനന്തപുരം
∙ ഉച്ചയ്ക്ക് 1: ഗവ.വനിത കോളജ്, വഴുതക്കാട്
∙ 2.30: ശ്രീ സ്വാതി തിരുനാൾ ഗവ.സംഗീത കോളജ്, തിരുവനന്തപുരം
∙ വൈകിട്ട് 6.30ന്: മ്യൂസിയം അങ്കണം, തിരുവനന്തപുരം
പൊതുജനങ്ങൾക്കും പദങ്ങൾ നൽകാം
മനോരമ ഹോർത്തൂസിലേക്ക് പൊതുജനങ്ങൾക്കും പദങ്ങൾ സംഭാവന ചെയ്യാം.
ഒപ്പം കൗതുകവും രസകരവുമായ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനവും നേടാം. ഇന്ന് വൈകിട്ട് 6.30ന് മ്യൂസിയം അങ്കണത്തിൽ ഹോർത്തൂസ് പദയാത്രാ വാഹനം എത്തിച്ചേരും.
നാട്ടുഭാഷാ പദം എല്ലാവർക്കും സംഭാവന ചെയ്യാൻ അവസരം ലഭിക്കും. കലാവാസനയുള്ളവർക്ക് തങ്ങളുടെ പ്രകടനങ്ങൾക്കും വേദിയൊരുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

