റിയാദ്: സൗദി അറേബ്യയുടെ പ്രീമിയം ഇഖാമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 സംരംഭകർക്ക് വിതരണം ചെയ്തു. 20-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ പ്രത്യേക താമസാനുമതി ലഭിച്ചത്.
റിയാദിലെ ഫ്രണ്ട് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെന്ററിൽ ആരംഭിച്ച ‘ബീബാൻ 2025’ ഫോറത്തിൽ വെച്ചാണ് ഇഖാമകൾ കൈമാറിയത്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയുടെ (മുൻഷാഅത്ത്) നേതൃത്വത്തിൽ ‘അവസരങ്ങളുടെ ആഗോള കേന്ദ്രം’ എന്ന ശീർഷകത്തിലാണ് ഫോറം സംഘടിപ്പിച്ചത്.
സംരംഭകർക്കും വിശിഷ്ട പ്രതിഭകൾക്കും നിരവധി പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും നൽകുന്ന താമസാനുമതിയാണ് പ്രീമിയം ഇഖാമ.
സൗദിയിൽ ബിസിനസ്സ് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്ന, നൂതന സാങ്കേതിക വിദ്യകളുള്ള സ്റ്റാർട്ടപ്പുകൾക്ക് വേണ്ടിയുള്ള ‘സംരംഭക ഇഖാമ’യാണ് ഫോറത്തിൽ വിതരണം ചെയ്തത്. ലോകമെമ്പാടുമുള്ള മികച്ച സംരംഭകരെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രീമിയം റെസിഡൻസി നൽകുന്നതെന്ന് പ്രീമിയം ഇഖാമ സെന്റർ അധികൃതർ വ്യക്തമാക്കി.
സാമ്പത്തിക സുസ്ഥിരതയും മത്സരക്ഷമതയും വർധിപ്പിക്കുന്ന ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിച്ച് വിദേശ സംരംഭകർക്ക് തങ്ങളുടെ സംരംഭങ്ങൾ വളർത്താൻ അവസരമൊരുക്കുകയെന്ന സൗദിയുടെ ലക്ഷ്യമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിലവിൽ ഏഴ് വിഭാഗങ്ങളിലായാണ് പ്രീമിയം ഇഖാമ അനുവദിക്കുന്നത്.
എക്സെപ്ഷണൽ കോംപിറ്റൻസ്, ടാലന്റ്, ബിസിനസ് ഇൻവെസ്റ്റർ, എന്റർപ്രണർ, പ്രോപ്പർട്ടി ഓണർ, നിശ്ചിത കാലത്തേക്കുള്ള ഇഖാമ, അനിശ്ചിതകാല ഇഖാമ എന്നിവയാണ് ഈ വിഭാഗങ്ങൾ. ഈ ഇഖാമ നേടുന്നവർക്ക് കുടുംബത്തോടൊപ്പം സൗദിയിൽ താമസിക്കാനും, ബിസിനസ് ചെയ്യാനും, രാജ്യത്ത് പ്രോപ്പർട്ടികൾ സ്വന്തമാക്കാനും, ബന്ധുക്കൾക്ക് സന്ദർശക വിസ അനുവദിക്കാനും സാധിക്കും.
ഇവയുൾപ്പെടെ മറ്റ് നിരവധി ആനുകൂല്യങ്ങളും ഉടമകൾക്ക് ലഭിക്കും. സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ‘ബിബാൻ 2025’ ഒരു സുപ്രധാന വേദിയാണെന്ന് പ്രീമിയം ഇഖാമ സെന്റർ അധികൃതർ അഭിപ്രായപ്പെട്ടു.
നിക്ഷേപകരുമായും വിദഗ്ദ്ധരുമായും സംവദിക്കാൻ സംരംഭകർക്ക് മികച്ച അവസരമാണ് ഫോറം ഒരുക്കുന്നത്. ഇത് രാജ്യത്തിനകത്തും പുറത്തും ബിസിനസ്സ് വളർച്ചയ്ക്കും വിജ്ഞാന കൈമാറ്റത്തിനും വഴിയൊരുക്കുമെന്നും അവർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

