തിരുവനന്തപുരം ∙ ഇന്നും നാളെയുമായി മൂന്ന് മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനിലെ കളം തെളിയും. 93 വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും പൗണ്ട്കടവ്, ആറ്റിപ്ര വാർഡുകൾ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് യുഡിഎഫിൽ തർക്കമുണ്ട്.
പ്രഖ്യാപിച്ച സ്ഥാനാർഥികൾക്കെതിരെ പലയിടങ്ങളിലും എതിർ സ്വരങ്ങളുമുണ്ട്. ചൊവ്വാഴ്ചയ്ക്കുള്ളിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു.
എൽഡിഎഫിൽ, സിപിഎം ജില്ലാ കമ്മിറ്റി അംഗീകരിച്ച പട്ടിക ചർച്ച ചെയ്യാൻ കൂടുന്ന വാർഡ് കമ്മിറ്റികൾ മിക്കതും സംഘർഷഭരിതമാണ്.
ജില്ലാ കമ്മിറ്റിയും ജില്ലാ കോർ കമ്മിറ്റിയും എല്ലാ ദിവസവും കൂടുന്നുണ്ടെങ്കിലും പകുതി വാർഡുകളിലെ സ്ഥാനാർഥി പട്ടിക പോലും അന്തിമമാക്കാൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. മുതിർന്ന നേതാക്കളുടെ യോഗത്തിൽ സമവായം രൂപപ്പെട്ടാൽ ഇന്ന് 60 വാർഡുകളിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കും എന്നാണ് ബിജെപി നേതൃത്വത്തിന്റെ പുതിയ പ്രഖ്യാപനം.
യുഡിഎഫ്
കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വാർഡുകളിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയാണ് യുഡിഎഫിൽ കൂടുതൽ തർക്കം.
ചെമ്പഴന്തി, ഞാണ്ടൂർക്കോണം, ചേങ്കോട്ടുകോണം, ശ്രീകാര്യം, ചെല്ലമംഗലം വാർഡുകളിലെ സ്ഥാനാർഥികൾ ഒരു സഹകരണ ബാങ്കിലെ ജീവനക്കാരോ അവരുടെ അടുത്ത ബന്ധുക്കളോ ആണെന്നാണ് ഉയർന്നിരിക്കുന്ന വിമർശനം. സ്ഥാനാർഥി പട്ടികയിൽ നിന്ന് പാർട്ടി പ്രവർത്തകരെ പൂർണമായി ഒഴിവാക്കിയതിൽ ഈ വാർഡുകളിൽ പ്രതിഷേധം ഉയരുന്നത് തിരിച്ചടിയാകുമെന്ന് നേതൃത്വം ഭയക്കുന്നു.
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഡിസിസി ജനറൽ സെക്രട്ടറിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. പൗണ്ട്കടവ് വാർഡ് മുസ്ലിം ലീഗിന് നൽകിയതിൽ ഇന്നലെയും പ്രതിഷേധമുണ്ടായി.
പള്ളിത്തുറ വാർഡിൽ വിമത സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം.
എൽഡിഎഫ്
കൊലക്കേസ് പ്രതിയെ സ്ഥാനാർഥിയായി തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സിപിഎം പേരൂർക്കട ഏരിയ കമ്മിറ്റിക്ക് കീഴിലെ ഒരു വാർഡ് കമ്മിറ്റി യോഗത്തിൽ സംഘർഷമുണ്ടായി.
രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ഈ വാർഡിൽ പേയ്മെന്റ് സീറ്റ് ആരോപണവും അംഗങ്ങൾ ഉയർത്തി. പട്ടിക അന്തിമമല്ല എന്ന് വിശദീകരിച്ചാണ് യോഗം അവസാനിപ്പിച്ചത്.
നെട്ടയം വാർഡ് സിപിഐക്ക് നൽകിയതിനെതിരെ വാർഡിലെ സിപിഎം പ്രവർത്തകർ രംഗത്തെത്തി. തമ്പാനൂർ വാർഡിൽ ആദ്യം നിശ്ചയിച്ച സ്ഥാനാർഥി പോരെന്ന് സിപിഎം പറഞ്ഞതിനു പിന്നാലെ സ്ഥാനാർഥിയെ സിപിഐ മാറ്റി.
മുൻ കൗൺസിലർക്കാണ് സിപിഐ രണ്ടാമതും അവസരം നൽകിയിരിക്കുന്നത്. പ്രചാരണത്തിന് ഇറങ്ങാൻ നിർദേശിച്ച ശേഷം സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം ഉയർന്നിട്ടുള്ള പത്തോളം വാർഡുകളിൽ സിപിഎം വിമത ഭീഷണി നേരിടുന്നു എന്നാണ് വിവരം.
എൻഡിഎ
രണ്ടാഴ്ചയിൽ അധികമായി തുടരുന്ന സ്ഥാനാർഥി നിർണയ ചർച്ചകൾ എൻഡിഎയിൽ എങ്ങുമെത്തിയില്ല.
സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ രണ്ടു തവണ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.എസ്.
ശബരീനാഥൻ മത്സരിക്കുന്ന കവടിയാർ വാർഡിൽ പോരിനിറങ്ങാൻ ജില്ലയിലെ പ്രമുഖ നേതാവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിച്ചു. കവടിയാർ ഒഴികെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ മറ്റ് ഏതു വാർഡിൽ വേണമെങ്കിലും മത്സരിക്കാമെന്നാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
പാർട്ടി നിർദേശിക്കുന്ന വാർഡുകൾക്ക് പകരം സ്വന്തം നിലയിൽ വാർഡുകൾ ആവശ്യപ്പെട്ടതാണ് പ്രതിസന്ധി. രണ്ടും മൂന്നും തവണ കൗൺസിലിൽ അംഗങ്ങളായവർ വീണ്ടും മത്സര സന്നദ്ധത അറിയിച്ചിരിക്കുന്നതിനാൽ പുതുമുഖങ്ങൾക്ക് അവസരം നൽകാൻ കഴിയാതെ പാർട്ടി കുഴങ്ങുകയാണ്.
സർപ്രൈസ് സ്ഥാനാർഥികളായി രംഗത്തിറക്കാൻ സംസ്ഥാന നേതൃത്വത്തിലെ ചിലരോട് ആവശ്യപ്പെട്ടെങ്കിലും അവരും വഴങ്ങിയിട്ടില്ല. മുതിർന്ന നേതാക്കൾ ഇന്നലെ രാത്രിയും യോഗം കൂടി. സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ വാർഡുകളിൽ എങ്കിലും പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി.
കെ.ജയചന്ദ്രൻ സിപിഎം ഏരിയ സെക്രട്ടറി
മലയിൻകീഴ് ∙ സിപിഎം വിളപ്പിൽ ഏരിയ സെക്രട്ടറിയായി കെ.ജയചന്ദ്രനെ തിരഞ്ഞെടുത്തു.
സെക്രട്ടറിയായിരുന്ന ആർ.പി.ശിവജി കോർപറേഷൻ തിരഞ്ഞെടുപ്പിൽ പുന്നയ്ക്കാമുകൾ വാർഡിലെ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. ഇതെത്തുടർന്നാണ് ഇന്നലെ ചേർന്ന ഏരിയ കമ്മിറ്റിയിൽ പുതിയ സ്ഥിരം സെക്രട്ടറി നിശ്ചയിച്ചത്.
സെക്രട്ടറി സ്ഥാനാർഥിയായാൽ പകരം സ്ഥിരം സെക്രട്ടറിയെ ഉടൻ നിയമിക്കണമെന്ന് പാർട്ടി നേതൃത്വം നിർദേശിച്ചിരുന്നു. 12 വർഷത്തിലധികമായി ഏരിയ സെന്ററായി പ്രവർത്തിക്കുന്ന ജയചന്ദ്രൻ മലയിൻകീഴ് പഞ്ചായത്ത് മുൻ അംഗമായിരുന്നു. നിലവിൽ കർഷക സംഘം ജില്ലാ കമ്മിറ്റി അംഗവും വിളപ്പിൽ ഏരിയ സെക്രട്ടറിയുമാണ്.
ഡിവൈഎഫ്ഐ വിളപ്പിൽ, നേമം ഏരിയ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.
സ്ഥാനത്ത് തുടരും: മണക്കാട് സുരേഷ്
തിരുവനന്തപുരം∙ നേമം വാർഡിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു താൻ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കാമെന്നു കെപിസിസി നേതൃത്വം ഉറപ്പു നൽകിയതിനാൽ നേമം നിയോജകമണ്ഡലം കോർ കമ്മിറ്റി ചെയർമാൻ സ്ഥാനത്തു തുടരുമെന്നു കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായാണു സുരേഷ് കൂടിക്കാഴ്ച നടത്തിയത്.
അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോൾ കോർകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടു നേതൃത്വത്തിനു നൽകിയ കത്ത് തന്റെ അറിവും സമ്മതവുമില്ലാതെയാണു മാധ്യമങ്ങൾക്കു ലഭിച്ചത്. ഇടതു ദുർഭരണവും ഹിന്ദുത്വ വർഗീയതയും ഒരുപോലെ ജനാധിപത്യത്തിനു ഭീഷണിയായ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി നിൽക്കുകയാണു വേണ്ടതെന്ന പൂർണ ബോധ്യമുണ്ടെന്നും സുരേഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

