സ്വർണം പണയംവച്ച് വായ്പ എടുക്കുന്നതുപോലെ ഇനി വെള്ളിയും പണയംവയ്ക്കാം. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ധനകാര്യ സ്ഥാപനങ്ങൾ 2026 ഏപ്രിൽ ഒന്നിനകം പാലിക്കണമെന്ന് റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുണ്ട്.
നിലവിൽ ചില ധനകാര്യ സ്ഥാപനങ്ങൾ മാത്രമാണ് വെള്ളി ഈടായി വാങ്ങി വായ്പ കൊടുക്കുന്നത്.
അതുകൊണ്ടുതന്നെ, വെള്ളിപ്പണയ വായ്പ അത്ര ജനകീയവുമല്ല. എന്നാൽ, ഇനിമുതൽ അടിയന്തര സാമ്പത്തികാവശ്യങ്ങൾക്കായി വെള്ളി പണയംവച്ചും ലോണെടുക്കാം.
ചില സഹകരണ ബാങ്കുകൾ, പ്രാദേശിക ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻബിഎഫ്സി) എന്നിങ്ങനെ ചുരുക്കം സ്ഥാപനങ്ങളാണ് ഇതുവരെ വെള്ളിവായ്പ കൊടുത്തിരുന്നത്.
എന്നാൽ, റിസർവ് ബാങ്കിന്റെ 2025ലെ സ്വർണം, വെള്ളി വായ്പാചട്ടപ്രകാരം ഇനിമുതൽ വെള്ളി ഈടായി സ്വീകരിച്ച് ബാങ്കുകൾ ഉൾപ്പെടെ വായ്പ വിതരണം ചെയ്യാം. കഴിഞ്ഞ എതാനും മാസങ്ങളായി വെള്ളിവിലയും റെക്കോർഡ് തകർത്ത് ഉയർന്നതും ഒട്ടേറെപ്പേർ വെള്ളിയിലും വൻതോതിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നതുമാണ് പ്രസക്തി വർധിപ്പിക്കുന്നത്.
ചട്ടങ്ങൾ ഇങ്ങനെ:
∙ വെള്ളി ആഭരണങ്ങളും വെള്ളി നാണയങ്ങളും മാത്രമേ ഈടായി സ്വീകരിക്കൂ.
വെള്ളിക്കട്ടികൾ (ബാർ), വെള്ളി ഇടിഎഫ്, വെള്ളി കേന്ദ്രീകൃത മ്യൂച്വൽഫണ്ട് എന്നിവ ഈടുവയ്ക്കാനാവില്ല.
∙ വെള്ളി ഏത് രൂപത്തിലായാലും വാങ്ങാൻവേണ്ടി ഒരു ധനകാര്യ സ്ഥാപനവും വായ്പ അനുവദിക്കില്ല. എന്നാൽ, വ്യാവസായിക ആവശ്യത്തിന് വെള്ളി അസംസ്കൃത വസ്തുമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ നിയന്ത്രണമില്ല.
∙ പരമാവധി 10 കിലോഗ്രാം വെള്ളിയേ ഈടായി സ്വീകരിക്കൂ.
സ്വർണത്തിന് ഇത് ഒരു കിലോഗ്രാമാണ്.
∙ ഈടുവയ്ക്കുന്നത് വെള്ളി നാണയങ്ങൾ ആണെങ്കിൽ പരമാവധി 500 ഗ്രാമേ സ്വീകരിക്കൂ. സ്വർണത്തിന് 50 ഗ്രാം വരെ.
എത്ര രൂപ കിട്ടും വായ്പ?
സ്വർണപ്പണയത്തിന്റേതുപോലെ വെള്ളിക്കും ലോൺ ടു വാല്യു (എൽടിവി) ബാധകമാണ്.
രണ്ടരലക്ഷം രൂപവരെ വെള്ളിപ്പണയ വായ്പയാണ് തേടുന്നതെങ്കിൽ പണയംവയ്ക്കുന്ന വെള്ളിയുടെ 85% വരെ തുക വായ്പ നേടാം.
∙ രണ്ടരലക്ഷത്തിന് മുകളിൽ 5 ലക്ഷം വരെയാണ് വായ്പയെങ്കിൽ ലഭിക്കുക പണയവെള്ളിയുടെ 80% വരെ.
∙ 5 ലക്ഷത്തിന് മുകളിലെ വായ്പകൾക്ക് ഇത് 75 ശതമാനം.
∙ വായ്പാ ഇടപാടുകാരൻ പണയംവയ്ക്കുന്ന വെള്ളിയുടെ ഉടമസ്ഥാവകാശം ബോധ്യപ്പെടുത്തണം. ബാങ്കിന് സംശയം തോന്നിയാൽ വായ്പ അനുവദിക്കില്ല.
സ്വർണപ്പണയത്തിനും നിയന്ത്രണം
സ്വർണമായാലും െവള്ളിയായാലും പണയംവയ്ക്കാൻ നിയന്ത്രണങ്ങളുണ്ട്.
സ്വർണക്കട്ടികൾ (ഗോൾഡ് ബാർ), വെള്ളിക്കട്ടികൾ (സിൽവർ ബാർ) എന്നിവ പണയംവയ്ക്കാൻ റിസർവ് ബാങ്കിന്റെ ചട്ടം അനുവദിക്കുന്നില്ല. ഗോൾഡ് ഇടിഎഫ്, ഗോൾഡ് മ്യൂച്വൽഫണ്ട് എന്നിവയും പറ്റില്ല.
∙ ഗോൾഡ് ലോണിനായി സ്വർണാഭരണങ്ങൾ, സ്വർണനാണയങ്ങൾ എന്നിവ മാത്രമേ പണയവസ്തുവായി സ്വീകരിക്കൂ.
∙ വായ്പാ കാലാവധി തീരുമ്പോൾ മുതലും പലിശയും ഒറ്റത്തവണയായി തിരിച്ചടയ്ക്കുന്ന ‘ബുള്ളറ്റ് പേയ്മെന്റിന്’ 12 മാസത്തെ പരിധി നിഷ്കർഷിച്ചിട്ടുണ്ട്.
∙ വെള്ളിക്ക് സമാനമായ എൽടിവി നിബന്ധനയാണ് സ്വർണത്തിനും ബാധകം.
∙ വെള്ളിയുടെയും സ്വർണത്തിന്റെയും പരിശുദ്ധി പരിശോധിക്കേണ്ടത് ഇടപാടുകാരുടെ സാന്നിധ്യത്തിലാകണം.
∙ ഇടപാടുകാരൻ വായ്പ പൂർണമായി തിരിച്ചടച്ചാൽ ധനകാര്യ സ്ഥാപനങ്ങൾ 7 ദിവസത്തിനകം പണയവസ്തു തിരിച്ചുകൊടുക്കണം.
വീഴ്ചവരുത്തിയാൽ ഇടപാടുകാരന് ഓരോ ദിവസവും 5,000 രൂപവീതം നഷ്ടപരിഹാരം നൽകണം. പണയവസ്തു തിരികെക്കൊടുക്കുന്നതുവരെ ഇതു തുടരേണ്ടിവരും.
വായ്പ കുടിശികയായാൽ?
ഇടപാടുകാരൻ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ പണയവസ്തു ലേലം ചെയ്യാം.
എന്നാൽ, അതിനുമുൻപ് ഇടപാടുകാരന് നോട്ടിസയച്ച് ഇക്കാര്യം മുൻകൂർ അറിയിക്കണം. ഇടപാടുകാരനെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ പൊതു നോട്ടിസ് ഇറക്കി ഒരുമാസം കാത്തിരിക്കണം.
അതിനുശേഷം പണയവസ്തു ലേലം ചെയ്യാം.
∙ ലേല സമയത്തിന് പണയവസ്തുവിന്റെ അടിസ്ഥാന വില (റിസർവ് തുക) ധനകാര്യ സ്ഥാപനം വെളിപ്പെടുത്തണം. ഇത് വിപണിവിലയുടെ 90 ശതമാനത്തിന് താഴെയാകരുത്.
∙ ലേലം രണ്ടുതവണ പരാജയപ്പെട്ടാൽ റിസർവ് തുക 85 ശതമാനത്തിലേക്കുവരെ താഴ്ത്താം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

