കൊല്ലം ∙ ശബരിമലയിലേക്കു മണ്ഡല– മകര വിളക്ക് തീർഥാടന കാലത്തേക്കു സ്പെഷൽ ഡ്യൂട്ടിക്കു തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയോഗിച്ചവരിൽ അവിടെ പണാപഹരണക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥനും. ശബരിമലയുമായി ബന്ധപ്പെട്ട
കേസുകളിൽ പ്രതിയായവരെ സ്പെഷൽ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന നിർദേശം അട്ടിമറിച്ചാണു സിപിഎം താൽപര്യത്തിൽ വീണ്ടും നിയമനം.
2018–19 ലെ തീർഥാടന കാലത്തു നിലയ്ക്കലിലെ ദേവസ്വം മെസിലേക്കും അന്നദാനത്തിനുമായി കൊല്ലത്തെ കരാറുകാരനിൽ നിന്നു പലചരക്ക് സാധനങ്ങളും പച്ചക്കറിയും വാങ്ങിയ ഇടപാടിൽ വ്യാജ രേഖകൾ തയാറാക്കി 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന വിജിലൻസ് കേസിലെ പ്രതി ജെ.ജയപ്രകാശിനെയാണ് ഇക്കുറി തീർഥാടനകാലത്തു ബുക്സ് ആൻഡ് പബ്ലിക്കേഷൻ വിഭാഗത്തിൽ സ്പെഷൽ ഓഫിസറായി ദേവസ്വം കമ്മിഷണർ നിയോഗിച്ചത്.
ഇക്കാലത്ത് നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ജയപ്രകാശ് നിലവിൽ തൃക്കാരിയൂർ ഗ്രൂപ്പ് അസി. ദേവസ്വം കമ്മിഷണറാണ്.
കേസിൽ അറസ്റ്റിലായി ജയിലിലായ ജയപ്രകാശിനെ സസ്പെൻഷൻ പിൻവലിച്ചു സർവീസിൽ തിരികെയെടുക്കേണ്ടതില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും വിജിലൻസ് ഡയറക്ടറും ഉൾപ്പെടെ അംഗങ്ങളായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റി പലതവണ ശുപാർശ ചെയ്തിട്ടും അതു മറികടന്നു തിരിച്ചെടുത്തു.
ഈ നടപടി തിരുത്തണമെന്ന് കെ. രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരിക്കെ വകുപ്പ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും രാധാകൃഷ്ണൻ മാറി പുതിയ മന്ത്രി വന്നതോടെ അവഗണിക്കപ്പെട്ടു.
ഹൈക്കോടതി നിർദേശത്തെത്തുടർന്നാണു തിരിച്ചെടുത്തതെന്നായിരുന്നു ബോർഡിന്റെ വിശദീകരണം. ശബരിമലയിൽ നിന്നു ദ്വാരപാലക ശിൽപങ്ങളുടെ പാളികൾ 2019 ൽ സ്വർണം പൂശിയ ശേഷം ചെന്നൈയിൽ നിന്നു കൊണ്ടുവന്നു സന്നിധാനത്തു സ്ഥാപിച്ചപ്പോൾ തയാറാക്കിയ മഹസറിൽ പേരുള്ള 12 പേരിൽ ഒരാൾ ജയപ്രകാശ് ആണ്.
അന്നു ശബരിമല അസി. എക്സിക്യൂട്ടിവ് ഓഫിസറായിരുന്ന ജയപ്രകാശ് പക്ഷേ മഹസറിൽ ഒപ്പിട്ടിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

