കുമ്പള∙ എന്താണ് സർ ഇങ്ങനെ ? ഇവിടെ ഒരു സർക്കാരും പഞ്ചായത്തും ഇല്ലേ എന്നാണ് ചോദ്യം ഉയരുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി പല ദിവസങ്ങളിലും കുമ്പള ടൗണിലും പരിസരങ്ങളിലും ജല അതോറിറ്റി പൈപ്പ് ലൈൻ വഴിയുള്ള വെള്ളം കിട്ടുന്നില്ല.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാഴ്ചയായി വെള്ളം കിട്ടിയില്ല. ബംബ്രാണ– കോയിപ്പാടി കുടിവെള്ള പദ്ധതിയിൽ പൂക്കട്ടയിൽ ജല അതോറിറ്റിയുടെ രണ്ടര ലക്ഷം ലീറ്റർ ശേഷിയുള്ള സംഭരണിയിൽ നിന്നാണ് കുമ്പള, കഞ്ചിക്കട്ട, ആരിക്കാടി, ദേവി നഗർ, കുണ്ടങ്കരടുക്ക, ബത്തേരി, ഉൾവാർ പ്രദേശങ്ങളിൽ 100 കിലോമീറ്റർ പൈപ്പ് ലൈൻ വഴി വെള്ളം എത്തുന്നത്.
വർഷങ്ങൾ പഴക്കമുള്ള പമ്പിന്റെ ഷാഫ്റ്റ് (യന്ത്രദണ്ഡ് ) കേടാകുന്നത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ അതോറിറ്റി ജീവനക്കാർക്ക് ഇത് അറ്റകുറ്റപ്പണി ചെയ്ത് എടുക്കേണ്ടത് സ്ഥിരം തലവേദനയായി തുടരുന്നു. 10 ദിവസം മുൻപ് കേടുപാട് പരിഹരിച്ച് വെള്ളം പമ്പു ചെയ്യുന്നതിനിടെയാണ് വീണ്ടും മറ്റൊരു ഭാഗം പോയത്.
ദിവസം പമ്പിങ് 8 ലക്ഷം ലീറ്റർ
7 ദിവസമായി മുടങ്ങിയ ജല വിതരണം നാളെ പുനരാരംഭിക്കാൻ കഴിയുമെന്ന് ജീവനക്കാർ പറയുന്നു.
ദിവസേന 8 ലക്ഷം ലീറ്റർ വെള്ളം ആണ് പമ്പ് ചെയ്ത് ലൈനിൽ എത്തിക്കുന്നത്. ജല അതോറിറ്റി ലൈൻ മാത്രം ആശ്രയമായ നൂറു കണക്കിനു കുടുംബങ്ങളാണ് വെള്ളം കിട്ടാതെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്.
40 എച്ച് പിയുടെ പമ്പ് ആണ് ഇടയ്ക്കിടെ കേടാകുന്നത്. പഴയത് മാറ്റി പുതിയത് വാങ്ങാൻ പാടില്ലേ എന്ന ചോദ്യത്തിന് അതിനു അനുമതിയില്ല എന്നാണ് അധികൃതർ പറയുന്നത്.
15 ലക്ഷം രൂപ വരെ വില വരും ഇതിന്. മുൻ വർഷങ്ങളിൽ ഇത് വാങ്ങാൻ അനുമതി തേടിയിരുന്നു.
എന്നാൽ കിട്ടിയില്ല.
ദുരിതം തുടരാൻവിധി
ജലജീവൻ മിഷൻ വക പുതിയ പ്ലാന്റ് വരാനുണ്ട് എന്നാണ് പുതിയ പമ്പ് വാങ്ങുന്നതിന് തടസ്സം ഉന്നയിക്കുന്നത്. കരാർ നൽകിയ പണി ഇനിയും തുടങ്ങിയില്ല. വർഷങ്ങൾ കഴിഞ്ഞു വരാൻ പോകുന്ന പദ്ധതിക്ക് അത്രയും കാലം ജനങ്ങൾ ദുരിതം അനുഭവിക്കേണ്ടി വരിക ഇവിടെ അല്ലാതെ മറ്റെവിടെയും നടക്കില്ല എന്നാണ് നാട്ടുകാർ പറയുന്നത്.
തങ്ങളോടുള്ള അവഗണന എന്നാണ് അവരുടെ ആരോപണം. എത്രയോ തവണ ജല അതോറിറ്റി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടും ജനങ്ങൾ പല തവണ ബഹളം വച്ചിട്ടും ജല അതോറിറ്റി ഇത് പരിഹരിക്കുന്നില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് പറയുന്നത്.
കിട്ടാത്ത വെള്ളത്തിനു പൊതു പൈപ്പുകൾക്ക് പഞ്ചായത്തും മറ്റു വ്യക്തിഗത ഉപയോഗത്തിനു വീട്ടുകാരും പണം അടയ്ക്കുന്നത് തുടരുന്നു. ദിവസങ്ങളോളം വെള്ളം കിട്ടാത്ത പ്രശ്നം നിരന്തരം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയില്ലാത്തത് നിരുത്തരവാദിത്തം ആണെന്നു ബിജെപി സംസ്ഥാന കൗൺസിൽ അംഗം വി.രവീന്ദ്രൻ ആരോപിച്ചു.
എ.കെ.എം.അഷ്റഫ് എംഎൽഎ ഇടപെട്ടിട്ടും ഇക്കാര്യത്തിൽ പരിഹാരം ആയില്ല. നാളെ ജല വിതരണം പുനരാരംഭിക്കാൻ കഴിഞ്ഞാൽ തന്നെ എത്ര ദിവസം ഉണ്ടാകുമെന്ന് കണ്ടറിയണം എന്നതാണ് അവസ്ഥ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

