കോട്ടയം ∙ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും എത്തുന്ന മദ്യപരെ കണ്ടെത്താൻ ബ്രെത്തലൈസർ ഉപയോഗിച്ചുള്ള പരിശോധന– ‘ഓപ്പറേഷൻ രക്ഷിതാ’– സംസ്ഥാനത്തെ 13 റെയിൽവേ പൊലീസ് സ്റ്റേഷനുകളിലും ആരംഭിച്ചു. കുട്ടികൾക്കൊപ്പം കുടുംബമായെത്തുന്നവരെ പരിശോധനയിൽനിന്ന് ഒഴിവാക്കി.
വനിതാ കംപാർട്മെന്റുകളിൽ വനിതാ പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന.കേരള എക്സ്പ്രസിൽനിന്നു യുവതിയെ ചവിട്ടി പുറത്തിട്ട സംഭവത്തെ തുടർന്നു 15 ദിവസത്തേക്ക് ‘ഓപ്പറേഷൻ രക്ഷിതാ’ നടപ്പാക്കുമെന്നും ട്രെയിനുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചെന്നും റെയിൽവേ എസ്പി കെ.എസ്.ഷഹൻഷാ പറഞ്ഞു.
ഊതിക്കൽ ഇവിടങ്ങളിൽ
ടിക്കറ്റ് കൗണ്ടർ, പ്ലാറ്റ്ഫോം, കംപാർട്മെന്റുകൾ എന്നിവിടങ്ങളിൽ റെയിൽ സുരക്ഷാ സേന, റെയിൽവേ പൊലീസ്, ലോക്കൽ പൊലീസ് എന്നിവർ ചേർന്നാണ് പരിശോധന നടത്തുന്നത്.
ശ്വാസോഛ്വാസത്തിൽ 30 മില്ലിയിൽ താഴെവരുന്ന മദ്യത്തിന്റെ അളവു വരെ ബ്രെത്തലൈസർ മനസ്സിലാക്കി ബീപ് ശബ്ദം പുറപ്പെടുവിക്കും. ആവശ്യമെങ്കിൽ വൈദ്യപരിശോധന നടത്തും.
തുടർന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്ത് കേസ് ഫയൽ കോടതിയിലേക്കു കൈമാറും. മദ്യപനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും.
ബ്രെത്തലൈസർ
പരിശോധനയ്ക്കു റെയിൽവേ പൊലീസിനെ സഹായിക്കാൻ ഏറ്റവും അടുത്തുള്ള ലോക്കൽ പൊലീസ് സ്റ്റേഷനിലെ ബ്രെത്തലൈസറുകളും 2 പൊലീസ് ഉദ്യോഗസ്ഥരെയും കേരള ആംഡ് പൊലീസ് ക്യാംപിൽനിന്നു 25 ഉദ്യോഗസ്ഥരെയും വിട്ടുനൽകണമെന്നു ഡിജിപി ഉത്തരവിറക്കി.
ഒരു റെയിൽവേ പൊലീസ് സ്റ്റേഷനിൽ ഒരു ബ്രെത്തലൈസർ മാത്രമാണുള്ളത്. റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് 5 ഹോം ഗാർഡുകളെ നൽകാനും ആഭ്യന്തരവകുപ്പ് തീരുമാനിച്ചു.
1000 രൂപ പിഴ
മദ്യപിച്ച് പ്ലാറ്റ്ഫോമിൽ കറങ്ങുകയും ട്രെയിനിൽ യാത്ര ചെയ്യുകയും ചെയ്യുന്നതിനു പിടികൂടിയാൽ സ്റ്റേഷൻ ജാമ്യം ലഭിക്കുമെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്യും.
കോടതിയിൽനിന്നു സമൻസ് എത്തുമ്പോൾ ഹാജരാകണം. 1000 രൂപ പിഴ ചുമത്തും.
കോടതി പിരിയുന്ന സമയം വരെ പുറത്തു നിർത്തുകയെന്നതാണു സാധാരണ നൽകുന്ന ശിക്ഷ.
പരാതിപ്പെടാൻ കോൾ സെന്റർ
∙സ്ത്രീകൾക്കു നേരെ അതിക്രമം ഉണ്ടാവുകയോ മദ്യപർ ട്രെയിനിലുണ്ടെന്നു സംശയം തോന്നുകയോ ചെയ്താൽ വനിതകൾക്കു സഹായത്തിനു കോൾ സെന്ററിൽ വിളിക്കാം. ഉടൻ റെയിൽ സുരക്ഷ സേന ഉദ്യോഗസ്ഥന്റെ സഹായം ലഭിക്കും.
നമ്പർ: 112, 139 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

