കോഴിക്കോട് ∙ ഖത്തർ റിയാൽ മാറ്റി ഇന്ത്യൻ കറൻസി ആക്കി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ യുവാക്കൾ പിടിയിൽ. കറൻസിയാക്കി മാറ്റി നൽകാമെന്നു മായനാട് സ്വദേശിയായ അമീറിനെ അടിച്ചു പരുക്കേൽപ്പിച്ചു തട്ടിപ്പു നടത്തിയ പന്തീരാങ്കാവ് സ്വദേശി പട്ടായത്തിൽ വീട്ടിൽ അനസ് (23), പൊക്കുന്ന് സ്വദേശി മന്ത്രൽപാടം വീട്ടിൽ അഫ്നാസ് (18) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ കൂട്ടുപ്രതിയും പ്രതികളുടെ സുഹൃത്തുമായ ഫയാസിനെ പൊലീസ് അന്വേഷിച്ചുവരികയാണ്.
ഒക്ടോബർ 31 ന് ഖത്തറിൽ നിന്നും നാട്ടിലെത്തിയ അമീർ രണ്ട് ദിവസം മുൻപ് മാത്രം ഒരു കല്യാണ വീട്ടിൽ വച്ച് പരിചയപ്പെട്ട അനസിനോടൊപ്പം കൊടുവള്ളിയിൽ നിന്നും ഖത്തർ റിയാൽ മാറി ഇന്ത്യൻ രൂപയാക്കുകയും ആ പണവുമായി കോഴിക്കോട് എത്തുകയുമായിരുന്നു.
തുടർന്ന് അനസിന്റെ കൂടെ തൊണ്ടയാട് എത്തിയപ്പോൾ അനസിന്റെ സുഹൃത്തുക്കളാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് എത്തിയ പ്രതികളായ രണ്ട് പേർ അമീർ ഗൾഫിൽ നിന്നും കൊണ്ടുവന്ന 412 ഖത്തർ റിയാൽ മാറ്റി കൂടുതൽ മൂല്യത്തിൽ ഇന്ത്യൻ കറൻസിയാക്കി മാറ്റി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വാങ്ങി പോകുകയായിരുന്നു. അൽപസമയം കഴിഞ്ഞ് തിരിച്ചെത്തിയ ഇവർ അമീറിനെ ആക്രമിച്ച് തള്ളിയിട്ട് കൈവശമുണ്ടായിരുന്ന 55,000 രൂപ കൂടി പിടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
തുടർന്ന് അമീറിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.
സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പാലാഴിയിൽ വച്ച് അനസിനെയും പന്തീരാങ്കാവ് വച്ച് അഫ്നാസിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മെഡിക്കൽ കോളജ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അമൽ ജോയ്, കിരൺ, എഎസ്ഐമാരായ പ്രജീഷ്, ഫിറോസ്, സിപിഒ ഫാസിൽ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സമാന രീതിയിൽ മറ്റാരെയെങ്കിലും ഇവർ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

