തിരുവനന്തപുരം ∙ ട്രെയിൻ യാത്രയിലെ സുരക്ഷാ വീഴ്ചയിൽ വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിൽ സേനാബലം കൂട്ടി. സ്പെഷൽ ആംഡ് ഫോഴ്സ്, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യു ഫോഴ്സ് (ആർആർആർഎഫ്) എന്നീ സേനകളിൽ നിന്നായി 35 അംഗ സംഘം ഇന്നലെ രാത്രിയോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തി.
പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പരിശോധന ശക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇപ്പോഴുള്ള പോൽ ആപ് വിപുലീകരിക്കുമെന്നു കേരള റെയിൽവേ പൊലീസ് അറിയിച്ചു.
ട്രെയിനിലെ അസ്വാഭാവിക പെരുമാറ്റമോ പ്രവൃത്തികളോ വിഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവ അടക്കം ആപ്പിലൂടെ യാത്രക്കാർക്കു പൊലീസിനു കൈമാറാൻ കഴിയും.
അപകട ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആപ്പിൽ പാനിക് ബട്ടൺ ഏർപ്പെടുത്തുന്നതും ആലോചനയിലുണ്ടെന്നു റെയിൽവേ എസ്പി കെ.എസ്.ഷഹൻഷാ പറഞ്ഞു.
സ്റ്റേഷനുകളിലെ സ്റ്റാളുകളിൽ ജോലി ചെയ്യുന്നവർക്കും താൽക്കാലിക ജോലിക്കാർക്കും പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. മദ്യപർക്കെതിരെ കർശന നടപടിയുണ്ടാകും.
ശ്രീക്കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം ∙ കേരള എക്സ്പ്രസിൽ നിന്നു അക്രമി ചവിട്ടി പുറത്തേക്കു വീഴ്ത്തിയ ശ്രീക്കൂട്ടിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.
തലച്ചോറിന് ഏറ്റ ക്ഷതം മാറാൻ കൂടുതൽ സമയം വേണ്ടി വരുമെന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അഭിപ്രായം. സംഭവത്തിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട പ്രതി സുരേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
പ്രതി കോട്ടയത്തുനിന്ന് ട്രെയിനിൽ കയറുന്ന ദൃശ്യങ്ങൾ പുറത്ത്
കോട്ടയം ∙ കേരള എക്സ്പ്രസിൽ നിന്നു യുവതിയെ ചവിട്ടി പുറത്തിട്ട സംഭവത്തിൽ അറസ്റ്റിലായ സുരേഷ് കുമാർ കോട്ടയം റെയിൽവേ സ്റ്റേഷനിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെത്തി ട്രെയിനിൽ കയറുന്ന സിസിടിവി ദൃശ്യം അന്വേഷണസംഘത്തിനു ലഭിച്ചു.
മുണ്ടും ഷർട്ടും ധരിച്ച സുരേഷ് കുമാർ മദ്യലഹരിയിൽ പ്ലാറ്റ്ഫോമിലേക്കെത്തുന്ന ദൃശ്യങ്ങളും കേരള എക്സ്പ്രസിന്റെ 18–ാം നമ്പർ ജനറൽ കോച്ചിലേക്കു കയറുന്ന ദൃശ്യങ്ങളുമാണു ആർപിഎഫിനു ലഭിച്ചത്.
നഗരത്തിലെ ബാറിൽ സുഹൃത്തുമൊത്തു മദ്യപിച്ച ശേഷമാണു സുരേഷ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയതെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് ഒരു കെട്ടിടത്തിനു പെയിന്റടിക്കുന്നതിന്റെ ക്വട്ടേഷൻ തയാറാക്കാൻ സുഹൃത്ത് വിളിച്ചിട്ടാണ് ഇയാളെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. 3 ദിവസംകൊണ്ട് 40 നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളാണു പരിശോധിച്ചത്.
ട്രെയിനുകളിലും സ്റ്റേഷനിലും ആർക്കും കയറാവുന്ന അവസ്ഥ; അനധികൃത വഴികൾ അടയ്ക്കുന്നതിന് എതിരെ പ്രാദേശിക പ്രതിഷേധം
തിരുവനന്തപുരം∙ ട്രെയിനുകളിലും സ്റ്റേഷനുകളിലും ആർക്കും കയറാം എന്നതാണ് ഏറ്റവും വലിയ സുരക്ഷാ ഭീഷണി.
അകത്തേക്കും പുറത്തേക്കും ഇറങ്ങാനുള്ള വഴികൾ ഒന്നിലധികം ഉള്ള സ്ഥലങ്ങളിൽ അവ അടയ്ക്കാൻ റെയിൽവേ തീരുമാനിച്ചാലും പ്രാദേശിക പ്രതിഷേധം മൂലം അടയ്ക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. അനധികൃത വഴികൾ തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് റെയിൽവേയെ ആദ്യം സമീപിക്കുന്നതു ജനപ്രതിനിധികൾ തന്നെയാണ്.
അകത്തേക്ക് പ്രവേശിക്കാനും പുറത്തേക്കു പോകാനും വഴികൾ കുറയുന്നത് അനുസരിച്ച് സുരക്ഷ കൂട്ടാൻ കഴിയും.
മെട്രോ മാതൃകയിൽ ടിക്കറ്റ് ഉള്ളവർക്കു മാത്രം അകത്തേക്ക് പ്രവേശിക്കാവുന്ന സംവിധാനം റെയിൽവേ സ്റ്റേഷനുകളിലും വരാതെ ഈ സ്ഥിതിക്കു മാറ്റമുണ്ടാകില്ല. 154 റെയിൽവേ സ്റ്റേഷനുകളാണ് കേരളത്തിലുള്ളത്. ഇതിൽ പ്രധാന സ്റ്റേഷനുകൾ ഒഴികെ പലയിടത്തും രാത്രി ആവശ്യത്തിനു വെളിച്ചമില്ലെന്നു യാത്രക്കാർ പറയുന്നു.
വൈകിട്ട് 6 കഴിഞ്ഞാൽ മാത്രമാണു ചില സ്റ്റേഷനുകളിൽ ലൈറ്റുകൾ ഓണാക്കുന്നത്.
മഴയും മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കിൽ യാത്രക്കാർ ഇരുട്ടത്ത് ഇരിക്കണം. ഇലക്ട്രിക്കൽ വിഭാഗം ടൈമർ സെറ്റ് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലാണ് 6ന് ശേഷം ലൈറ്റുകൾ കത്തുന്നത്.എന്നാൽ മഴ ഉണ്ടെങ്കിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് തന്നെ ലൈറ്റുകളുടെ സ്വിച്ച് ഇടാൻ കഴിയും. എന്നാൽ പല സ്റ്റേഷനുകളിലും ഇത് കൃത്യമായി ചെയ്യാറില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

