കോട്ടയം ∙ ശബരിമല തീർഥാടനകാലത്ത് 3 ഘട്ടങ്ങളിലായി കോട്ടയം ഡിപ്പോയ്ക്ക് പമ്പ സർവീസിനു 90 ബസുകൾ അനുവദിക്കും. ആദ്യഘട്ടത്തിൽ 30 ബസുകൾ ലഭിക്കും. തീർഥാടനവുമായി ബന്ധപ്പെട്ട് ക്രമീകരിക്കേണ്ട
സൗകര്യങ്ങളെക്കുറിച്ച് ട്രേഡ് യൂണിയൻ ഭാരവാഹികളുമായി ചർച്ച നടന്നു. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ഡ്യൂട്ടികൾ ക്രമീകരിച്ചു. സർവീസ് കൂടുന്നതനുസരിച്ച് അധികം ജീവനക്കാരെ വേണമെന്നു നിർദേശിച്ചിട്ടുണ്ട്. പുതിയ ബസുകൾക്ക് പകരം മറ്റ് ഡിപ്പോകളിൽനിന്നുള്ള കൂടുതൽ ബസുകൾ ആവശ്യപ്പെടാനും തീരുമാനിച്ചു.
തിരുവനന്തപുരം, ചെങ്ങന്നൂർ ഡിപ്പോകൾ കഴിഞ്ഞാൽ പമ്പയിലേക്ക് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത് കോട്ടയം ഡിപ്പോയാണ്.
ബസ് സ്റ്റാൻഡുകളിൽ അയ്യപ്പൻമാർക്കു വിരിവയ്ക്കുന്നതിനും തങ്ങുന്നതിനും പ്രാഥമികാവശ്യങ്ങൾക്കും മെച്ചപ്പെട്ട സൗകര്യം ഒരുക്കും. സർവീസുകളുടെ എണ്ണം, അറ്റകുറ്റപ്പണികൾ തീർത്ത് ഡിപ്പോയിൽ എത്തിക്കേണ്ട
ബസുകൾ ഇവയുടെ കണക്കെടുപ്പ് തുടങ്ങി.
വേണം, ‘റാപ്പിഡ് റിപ്പയർ ടീം’
കോട്ടയം ∙ ശബരിമല തീർഥാടന കാലയളവിൽ കോട്ടയം ഡിപ്പോയ്ക്ക് കെഎസ്ആർടിസി ‘റാപ്പിഡ് റിപ്പയർ ടീം’ അനുവദിക്കണമെന്നു വിവിധ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു. പമ്പ സർവീസിനിടെ തകരാറിലായി വഴിയിൽ കിടക്കുന്ന ബസുകളുടെ പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഇതു സഹായിക്കും.
10 പുതിയ മിനി മൊബൈൽ വർക്ഷോപ് വാനുകൾ ഇപ്പോൾ കെഎസ്ആർടിസിക്ക് ഉണ്ട്. എന്നാൽ കോട്ടയം, പത്തനംതിട്ട
ജില്ലകളിൽ ഒരു ഡിപ്പോയിൽ പോലും പുതിയ വാൻ അനുവദിച്ചിട്ടില്ല.
ബസുകൾ കേടായി വഴിയിൽ കിടക്കുന്നതു മൂലം ശബരിമല പാതയിൽ പലപ്പോഴും ഗതാഗത തടസ്സം ഉണ്ടാകാറുണ്ട്. ഇപ്പോൾ, ഏറ്റവും അടുത്തുള്ള ഡിപ്പോയിൽ വിവരം അറിയിച്ചു പഴയ മൊബൈൽ വർക്ഷോപ് യൂണിറ്റ് എത്തിയാണു ബസുകൾ നന്നാക്കുന്നത്.
കെഎസ്ആർടിസിയുടെ മൊബൈൽ വർക്ഷോപ് യൂണിറ്റുകൾ മിക്കതും വർഷങ്ങൾ പഴക്കമുള്ളതാണ്. അതിനാൽ അത്തരം വണ്ടികൾക്ക് വേഗം ഓടിയെത്താൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

