ചവറ∙ കെഎസ്ആർടിസി ബസിനെ കടത്തിവിടാതെ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ. സ്കൂട്ടർ യാത്രക്കാരനു ദാരുണാന്ത്യം.
തേവലക്കര മുള്ളിക്കാല മംഗലത്ത് കിഴക്കേതിൽ അബ്ദുൽ മുത്തലിഫ് (64) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മുള്ളിക്കാല രാഗേഷ് ഭവനിൽ രാധാകൃഷ്ണ പിള്ള (63) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ടൈറ്റാനിയം – ശാസ്താംകോട്ട
പാതയിൽ ഇന്നലെ രാവിലെ 8.13നു പടപ്പനാൽ കല്ലുംപുറത്ത് ജംക്ഷനിലായിരുന്നു അപകടം. ശാസ്താംകോട്ട
ഭാഗത്തേക്കു പോവുകയായിരുന്നു ഇരുവാഹനങ്ങളും. അമിതവേഗത്തിൽ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ തട്ടുകയായിരുന്നു.
മറിഞ്ഞ സ്കൂട്ടറിനൊപ്പം റോഡിലേക്കു വീഴുന്നതിനിടെ ബസിന്റെ പിൻചക്രം അബ്ദുൽ മുത്തലിഫിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
രാധാകൃഷ്ണ പിള്ള തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. അപകട
സ്ഥലത്തു നിന്നു കുറച്ചകലെയാണു ബസ് നിർത്തിയത്. പല വാഹനങ്ങൾ കടന്നുപോയെങ്കിലും 10 മിനിറ്റിനുശേഷം ആംബുലൻസ് എത്തിയാണ് മുത്തലിഫിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അപ്പോഴേക്കും മരിച്ചിരുന്നു.
കൊല്ലം – പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി വേണാട് ബസിനു മുന്നിൽ അമിതവേഗത്തിൽ പോയ അടൂർ – ചവറ റൂട്ടിൽ സർവീസ് നടത്തുന്ന സഫാ ബസാണ് അപകടത്തിനു കാരണമായത്.
മുൻപേ പോയി അടുത്ത സ്റ്റോപ്പുകളിൽ നിന്നു യാത്രക്കാരെ കയറ്റാനുള്ള ശ്രമമാണ് ഒരാളിന്റെ ജീവൻ പൊലിയാൻ ഇടയാക്കിയത്. അപകടം നടന്ന് 30 സെക്കൻഡിനുള്ളിൽ കെഎസ്ആർടിസി ബസും തൊട്ടു പിന്നിലെത്തി.
ഈ റൂട്ടിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ തമ്മിൽ മത്സരയോട്ടം പതിവാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു. നിർമാണത്തൊഴിലാളികളായ അബ്ദുൽ മുത്തലിഫും രാധാകൃഷ്ണ പിള്ളയും ശാസ്താംകോട്ടയിലെ ജോലി സ്ഥലത്തേക്കു പോകുകയായിരുന്നു. അബ്ദുൽ മുത്തലിഫ് വാടക വീട്ടിലാണു താമസം. ശാസ്താംകോട്ട
താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം കബറടക്കി. ഭാര്യ: ഷാഹിദ.
മക്കൾ: ബുഷ്റ, മുനീറ, മുഹമ്മദ് ഷാൻ. മരുമക്കൾ: തൻസീർ, ഹാഷിം.
തെക്കുംഭാഗം പൊലീസ് ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു. ബസ് കസ്റ്റഡിയിൽ എടുത്തു.
അമിതവേഗവും അശ്രദ്ധയും: അപകടമുണ്ടാക്കി ബസ്, സ്കൂട്ടറിൽ ബസിടിച്ചു;അച്ഛനും മകൾക്കും പേരക്കുട്ടിക്കും പരുക്ക്
കൊല്ലം ∙ അച്ഛനും മകളും 5 മാസം പ്രായമുള്ള പേരക്കുട്ടിയും സഞ്ചരിച്ച സ്കൂട്ടർ അലക്ഷ്യമായി എത്തിയ സ്വകാര്യബസ് ഇടിച്ചിട്ടു.
വാളത്തുംഗൽ കുറ്റിയൽ വീട്ടിൽ സുകുമാരൻ(60), മകൾ ദിവ്യ(27), ദിവ്യയുടെ 5 മാസം പ്രായമുള്ള ആദിത്യൻ എന്നിവർക്കാണു പരുക്കേറ്റത്. ദിവ്യയും കുഞ്ഞും റോഡിൽ തലയടിച്ചു വീഴുകയായിരുന്നു. ദിവ്യയ്ക്കും സുകുമാരനും കാലിനു പരുക്കേറ്റു.
ഇന്നലെ വൈകിട്ട് 5.30നു ചിന്നക്കട ബസ്ബേയ്ക്ക് മുന്നിലായിരുന്നു അപകടം.
സമീപത്തു നടന്ന കർഷക കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുത്തവരും ബസ് കാത്തു നിന്നവരും ബഹളം വച്ചതോടെയാണു മുന്നോട്ടു നീങ്ങിയ ബസ് നിർത്തിയത്.
ഇല്ലായിരുന്നെങ്കിൽ സ്കൂട്ടർ യാത്രക്കാരുടെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു. ഇരവിപുരം–തങ്കശേരി റൂട്ടിൽ സർവീസ് നടത്തിയ ബസാണ് അപകടം വരുത്തിയത്. കർഷക കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണയും പി.സി വിഷ്ണുനാഥ് എംഎൽഎയും ചേർന്നു പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടൗണിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിലേക്കു പോകുകയായിരുന്നു സ്കൂട്ടർ യാത്രികർ. ബസ് ബേയ്ക്കു മുന്നിലെ പ്രധാന റോഡിലൂടെ സഞ്ചരിച്ച സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ബസിന്റെ പിറകുവശം തട്ടുകയായിരുന്നു. അമിതവേഗത്തിലാണു ബസ് പ്രധാന റോഡിലേക്കു കടന്നത്. കർഷക കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിട്ട
ബസ് ട്രാഫിക് പൊലീസും ഈസ്റ്റ് പൊലീസും എത്തി കസ്റ്റഡിയിൽ എടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

