സ്വർണവില ആഭരണപ്രിയർക്കും വിവാഹാവശ്യത്തിനും മറ്റും ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം പകർന്ന് കൂടുതൽ താഴേക്ക്. രാജ്യാന്തര വിപണിയിലെ വിലയിടിവിന്റെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് ഗ്രാമിന് 90 രൂപ താഴ്ന്ന് വില 11,135 രൂപയായി.
720 രൂപ കുറഞ്ഞ് 89,080 രൂപയാണ് പവൻവില. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 8,280 രൂപയാണ്; ഗ്രാമിന് 1,035 രൂപയും.
വില കുറയുന്നതിനൊപ്പം പണിക്കൂലി (3-35%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), ജിഎസ്ടി (3%) എന്നിവ ചേർത്തുള്ള വാങ്ങൽവിലയും കുറയുമെന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.
ഒക്ടോബർ 17നും 21നും സ്വർണവില കേരളത്തിൽ പവന് സർവകാല ഉയരമായ 97,360 രൂപ രേഖപ്പെടുത്തിയിരുന്നു; ഗ്രാമിന് 12,170 രൂപയും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചുറ്റിപ്പറ്റിയുള്ള സ്ഥിതിഗതികളാണ് ഇനി സ്വർണവിലയുടെ ഭാവി വരുംദിവസങ്ങളിൽ നിശ്ചയിക്കുക. ഒന്ന്, ട്രംപ് നയിക്കുന്ന സർക്കാർ പ്രവർത്തിക്കാൻ പണമില്ലാതെ യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു.
രണ്ട്, ഷട്ട്ഡൗൺ മൂലം തൊഴിലില്ലായ്മക്കണക്ക് ഉൾപ്പെടെ പല നിർണായക സാമ്പത്തിക വിവരക്കണക്കുകളും പുറത്തുവിടാതെ സർക്കാർ പിടിച്ചുവച്ചിരിക്കുന്നു. തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച ആശങ്കകൾ ശക്തമാണ്.
മൂന്ന്, അമേരിക്കയിൽ പണപ്പെരുപ്പം പരിധിവിട്ട് കൂടിത്തുടങ്ങി.
നാല്, ഡിസംബറിലെ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വ്യക്തമാക്കിക്കഴിഞ്ഞു. അഞ്ച്, ട്രംപിന്റെ താരിഫ് സംബന്ധിച്ച നിർണായക സുപ്രീം കോടതി വിധി ഇന്ന് പ്രഖ്യാപിക്കും.
ഇതെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പലിശനിരക്ക് കുറയില്ലെന്നത് ഡോളറിനും ബോണ്ടിനും (ട്രഷറി യീൽഡ്) കരുത്ത് പകർന്നിട്ടുണ്ട്.
ഇത് സ്വർണ നിക്ഷേപ പദ്ധതികളിൽ വിൽപന സമ്മർദത്തിന് വഴിയൊരുക്കി.
സുപ്രീം കോടതിയിൽ ട്രംപ് തോറ്റാൽ താരിഫ് യുദ്ധത്തിന് അയവുവരാം. എങ്കിലും, പിടിച്ചുനിൽക്കാൻ ട്രംപ് മറുവഴികൾ തേടുമെന്നത് സാമ്പത്തികമേഖലകളെ അസ്വസ്ഥമാക്കിയേക്കും.
ഇതും സ്വർണത്തിൽ ചാഞ്ചാട്ടത്തിന് വഴിവയ്ക്കും. ഫലത്തിൽ, സ്വർണവില വരുംദിവസങ്ങളിലും ചാഞ്ചാടാനാണ് സാധ്യത.
പലിശനിരക്ക് കുറയില്ലെന്നത് സ്വർണത്തിന് പ്രതികൂലമാണ്. വില താഴേക്ക് നീങ്ങാം.
കേരളത്തിൽ, ചില വ്യാപാരികൾ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കുറച്ച് 9,190 രൂപയാക്കി.
വെള്ളിവില ഗ്രാമിന് ഒരുരൂപ കുറച്ച് 160 രൂപയും. മറ്റു ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് ഇന്ന് നൽകിയ വില 70 രൂപ കുറച്ച് 9,160 രൂപയാണ്.
14 കാരറ്റിന് 7,135 രൂപ. 9 കാരറ്റിന് 4,615 രൂപ.
വെള്ളിക്ക് 157 രൂപ. കഴിഞ്ഞ ഏതാനും മാസങ്ങളായി 18 കാരറ്റിനും വെള്ളിക്കും കേരളത്തിൽ പല ജ്വല്ലറികളിലും വ്യത്യസ്ത വിലയാണുള്ളത്.
അതേസമയം, 22 കാരറ്റ് സ്വർണത്തിന് ഇപ്പോൾ ഏകീകൃത വിലയാണ് ഏവരും പിന്തുടരുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

