ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർ സാധാരണയായി അഭിമുഖീകരിക്കുന്ന ചോദ്യമാണ് എത്രകാലം, എവിടെ, എപ്പോൾ, എത്രമാത്രം തുക നിക്ഷേപിക്കണം എന്നത്. ഇതിന്റെ ഉത്തരം കണ്ടെത്തണമെങ്കിൽ ഓരോ വ്യക്തിയുടെയും നിക്ഷേപ ലക്ഷ്യങ്ങളും ലഭ്യമായ നിക്ഷേപ തുകയുമൊക്കെ വേണ്ടിവരും.
അതുകൊണ്ടുതന്നെ ഉത്തരം വ്യക്തിയാധിഷ്ഠിതവുമായിരിക്കും.
എന്നാൽ, ഓഹരി വിപണിയിലെ താരതമ്യേന റിസ്ക് കുറഞ്ഞ നിക്ഷേപം ഏതാണെന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാണ് ഇടിഎഫുകൾ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്). ഏതെങ്കിലും ഒരു സൂചികയുടെ ചലനത്തെ അതേപടി അനുകരിക്കുന്ന ഒരു നിക്ഷേപ മാർഗമാണ് ഇടിഎഫുകൾ.
ഉദാഹരണത്തിന് നിഫ്റ്റി 50 സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇടിഎഫ് എന്നാൽ നിഫ്റ്റി50 സൂചിക എങ്ങനെ വളരുന്നുവോ അതേ നിരക്കിൽ ഈ ഇടിഎഫും വളരും. താഴേക്കുപോകുമ്പോഴും അതേപോലെ തന്നെ.
അതായത് ‘ഇൻഡക്സ് മിററിങ്’ എന്നു പറയാം.
പക്ഷേ, പലപ്പോഴും ഈ ഇൻഡക്സിൽ നിന്ന് 0.01% മുതൽ ഒരു ശതമാനം വരെ വ്യത്യാസം ഇടിഎഫുകൾക്ക് ഉണ്ടാകാം. ഇതിനെ ‘ട്രാക്കിങ് എറർ’ എന്നാണു പറയുന്നത്.
ഇതിനു പ്രധാന കാരണം ഇടിഎഫ് ഫണ്ട് മാനേജ്മെന്റ് ചെലവുകളാണ്. അതിനാൽ കുറഞ്ഞ എക്സ്പെൻസ് റേഷ്യോയുള്ള ഇടിഎഫുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ഇടിഎഫുകളുടെ ഫണ്ട് മാനേജ്മെന്റ് ചെലവുകളെയാണ് എക്സ്പെൻസ് റേഷ്യോ എന്ന് വിളിക്കുന്നത്. ഇത് 0.05% മുതൽ 0.40% വരെ ആകുന്നതാണ് നല്ലത്.
നിക്ഷേപത്തിനായി സ്വർണം വാങ്ങാൻ താൽപര്യമുള്ളവർക്ക് ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ഗോൾഡ് ഇടിഎഫുകളിലെ നിക്ഷേപം.
ഏതുതരം വരുമാനക്കാർക്കും അതിനു സാധിക്കും. ഒരു യൂണിറ്റ് ഗോൾഡ് ഇടിഎഫ് വാങ്ങാനുള്ള തുക വെറും 12 രൂപ മുതൽ ആരംഭിക്കുന്നു.
ഇന്ന് ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ഏത് ഗോൾഡ് ഇടിഎഫിന്റെയും ഒരു യൂണിറ്റ് വാങ്ങുന്നതിന് ഏകദേശം 12 രൂപ മുതൽ 120 രൂപ വരെ മാത്രം മതിയാകും. മാസം 1000 രൂപ നിക്ഷേപിക്കാൻ സാധിക്കുന്ന ഒരാൾക്ക് 8 മുതൽ 83 യൂണിറ്റുകൾ വരെ ഗോൾഡ് ഇടിഎഫ് യൂണിറ്റുകൾ ലഭ്യമാകും.
ഏതൊക്കെ ഇടിഎഫുകൾ തിരഞ്ഞെടുക്കാം
ഇടിഎഫുകളുടെ തിരഞ്ഞെടുപ്പ് വ്യക്തികളുടെ റിസ്ക് എടുക്കുന്നതിനുള്ള കഴിവിനെ ആശ്രയിച്ചിരിക്കും.
പൊതുവിൽ ഇന്ത്യയിൽ നിക്ഷേപത്തിന് അനുയോജ്യമായ ഇടിഎഫുകളെ ഇങ്ങനെ തരം തിരിക്കാം. 1.
ഓഹരി സൂചിക അടിസ്ഥാനമാക്കിയുള്ളവ- നിഫ്റ്റി50, മിഡ്ക്യാപ് നിഫ്റ്റി, സ്മോൾ ക്യാപ് നിഫ്റ്റി തുടങ്ങിയവ. 2.
തീമാറ്റിക് ഇടിഎഫ്– ഏതെങ്കിലും ഒരു പ്രത്യേക മേഖലയിലെ ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്നവ – ബാങ്ക്, ഐടി, ഫാർമ തുടങ്ങിയവ. ഇവയ്ക്ക് എക്സ്പെൻസ് റേഷ്യോ പൊതുവേ ഉയർന്നതായിരിക്കും.
3. ഗോൾഡ്, സിൽവർ– വർണം, വെള്ളി എന്നിവയിൽ ഇലക്ട്രോണിക് രൂപത്തിൽ നിക്ഷേപിക്കുന്നു.
രാജ്യാന്തര വിലയെ അടിസ്ഥാനമാക്കി നിക്ഷേപത്തിലും മാറ്റമുണ്ടാകും. 4.
ബോണ്ട് / ഡെറ്റ് ഇടിഎഫുകൾ– സർക്കാർ, കോർപറേറ്റ് ബോണ്ടുകളിൽ മാത്രം നിക്ഷേപിക്കുന്നു. 5.
ഇന്റർനാഷനൽ ഇടിഎഫുകൾ- ഇന്ത്യയിൽ നിന്നുകൊണ്ട് വിദേശരാജ്യങ്ങളിലെ വിവിധ സൂചികകളിൽ നിക്ഷേപിക്കാനുള്ള അവസരം നൽകുന്നു.
ഇടിഎഫുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
1. മികച്ച ഇടപാടുകൾ നടക്കുന്ന ഇടിഎഫ് ആകണം.
ഇതിന് AUM (അസറ്റ് അണ്ടർ മാനേജ്മെന്റ്) ചുരുങ്ങിയത് 500 കോടിയെങ്കിലുമുള്ള ഫണ്ട് തിരഞ്ഞെടുക്കണം. 2.
കുറഞ്ഞ ട്രാക്കിങ് എറർ ഉള്ള ഫണ്ടിൽ എക്സ്പെൻസ് റേഷ്യോയും കുറവായിരിക്കും.
നിക്ഷേപ തന്ത്രം
ഇടിഎഫുകൾ സൂചികകളെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്നവയായതിനാൽ ദീർഘകാല നിക്ഷേപമാണ് അനുയോജ്യം. മുകളിൽ സൂചിപ്പിച്ചിട്ടുള്ള വിവിധതരം ഇടിഎഫുകളിൽ മികച്ചത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഒരു ചിട്ടിയിൽ ചേരുന്നതുപോലെ എല്ലാ മാസവും ഒരു നിശ്ചിത തുക വിവിധ ഇടിഎഫുകളിൽ നിക്ഷേപിക്കുന്നത് മികച്ച നിക്ഷേപ തന്ത്രമാണ്. ഒറ്റത്തവണയായി നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്.
ഇടിഎഫും മ്യൂച്വൽ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസം
നിക്ഷേപ തീരുമാനം നേരിട്ട് എടുക്കുകയാണ് ഇടിഎഫിൽ ചെയ്യുന്നത് എങ്കിൽ നിക്ഷേപ തീരുമാനം ഫണ്ട് മാനേജർമാരെ ഏൽപിക്കുകയാണ് മ്യൂച്വൽ ഫണ്ടിൽ ചെയ്യുന്നത്.
ഇടിഎഫിന്റെ റിട്ടേൺ, ബന്ധപ്പെട്ട സൂചികയുടെ വളർച്ചയെ ആശ്രയിച്ചാകുമ്പോൾ മ്യൂച്വൽ ഫണ്ടിൽ അത് ഫണ്ട് മാനേജർമാരെ ആശ്രയിച്ചായിരിക്കും.
അതുകൊണ്ടു തന്നെ മ്യൂച്വൽ ഫണ്ടുകൾക്ക് ഇടിഎഫിനെക്കാൾ റിട്ടേൺ കിട്ടാനും കുറഞ്ഞ റിട്ടേൺ കിട്ടാനും സാധ്യതയുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

