ഒറ്റപ്പാലം∙ നഗരത്തിൽ കിഴക്കേത്തോടിനോടു ചേർന്നു വിഭാവനം ചെയ്യുന്ന പുഴയോര പാർക്കിനായി കണ്ടെത്തിയ ഭൂമി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കൈമാറി. ഒരു കോടി രൂപ വിനിയോഗിച്ചാണു ഡിടിപിസിയുടെ നേതൃത്വത്തിൽ പാർക്ക് ഒരുക്കുന്നത്. സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള കേന്ദ്രമെന്ന നിലയിലാണു ഭാരതപ്പുഴയുടെ കൈവഴിയായ തോടിനോടു ചേർന്നു പുഴയോര പാർക്ക് ഒരുക്കുന്നത്.
കുട്ടികൾക്കു കളിക്കാനുള്ള ഉപകരണങ്ങൾ, ഇരിപ്പിടങ്ങൾ, തോടിനു കുറുകെ ചെറിയ പാലം, കോഫി ഷോപ്പ്, പ്രഭാത–സായാഹ്ന സവാരികൾക്കു പ്രയോജനപ്പെടുത്താവുന്ന നടപ്പാത തുടങ്ങിയവ ഉൾപ്പെട്ടതാണു പദ്ധതി.
തോട്ടിൽ നിലവിലുള്ള തടയണ അൽപം കൂടി ഉയർത്തി വെള്ളം സംഭരിച്ചു ബോട്ടിങ് നടപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നു നഗരസഭാധ്യക്ഷ കെ.ജാനകീദേവി, ഉപാധ്യക്ഷൻ കെ.രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ സുനീറ മുജീബ്, കെ.അബ്ദുൽ നാസർ, ടി.ലത എന്നിവർ അറിയിച്ചു. പാർക്ക് നിർമാണത്തിന്റെ ടെൻഡർ നടപടികൾ തുടങ്ങി.
നിർമാണം തുടങ്ങി 8 മാസത്തിനകം പദ്ധതി പൂർത്തിയാക്കും.
പാർക്കിനായി കണ്ടെത്തിയ തോടിനോടു ചേർന്ന ഭൂമിയിലെ തകർന്ന സംരക്ഷണഭിത്തിയുടെ പുനർനിർമാണം പൂർത്തിയാക്കിയാണു പദ്ധതിപ്രദേശം ഡിടിപിസിക്കു കൈമാറിയത്. 35 മീറ്റർ നീളത്തിലും 8 അടി ഉയരത്തിലുമാണു സംരക്ഷണഭിത്തി.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു തോട്ടിലെ കുത്തൊഴുക്കിൽ പടിഞ്ഞാറു ഭാഗത്തെ സംരക്ഷണഭിത്തി നിലംപൊത്തിയത്. നഗരസഭയുടെ നേതൃത്വത്തിൽ 8 വർഷം മുൻപു നിർമിച്ച സംരക്ഷണഭിത്തിയുടെ ഒരു ഭാഗമാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

