കാഞ്ഞിരപ്പുഴ ∙ ചിറക്കൽപടി – കാഞ്ഞിരപ്പുഴ റോഡിൽ പാലാമ്പട്ടയിൽ നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലും ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനങ്ങളിലും ഇടിച്ച് അപകടം.
കുട്ടിയടക്കം 5 പേർക്കു പരുക്കേറ്റു. സ്കൂട്ടർ യാത്രികർ രക്ഷപ്പെട്ടത് അദ്ഭുതകരമായി.
ഇന്നലെ വൈകിട്ട് നാലിനാണു വാഹനങ്ങളുടെ കൂട്ടിയിടി. നാട്ടുകാരുടെ സമയോചിത ഇടപെടൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കി. സ്കൂട്ടർ യാത്രക്കാരായ കാരാകുറുശി സ്വദേശികളായ പാണക്കാടൻ ബുഷറ (40), ആമിന (8), നജീർ (20), ഓട്ടോഡ്രൈവർ കാഞ്ഞിരപ്പുഴ കുമ്പളംചോല അയ്റോട്ടിൽ സുരേഷ് (51), ബൈക്ക് യാത്രിക കാഞ്ഞിരം പെരിയങ്ങോട്ടുകുറുശി സ്വാതി (28) എന്നിവർക്കാണു പരുക്കേറ്റത്.
ചിറക്കൽപടി ഭാഗത്തുനിന്ന് കാഞ്ഞിരപ്പുഴയിലേക്കു വരികയായിരുന്ന കാർ എതിരെവന്ന മറ്റൊരു കാറിൽ തട്ടി മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു.
നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ റോഡരികിലേക്കു മറിഞ്ഞാണു ഡ്രൈവർ സുരേഷിനു പരുക്കേറ്റത്. ഓട്ടോയിലിടിച്ച ശേഷവും പാഞ്ഞ കാർ എതിരെ റോഡരികിലൂടെ വരികയായിരുന്ന സ്കൂട്ടറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന മൂന്നുപേരും റോഡിലേക്കു തെറിച്ചുവീണു.
ഈസമയം മറ്റു വാഹനങ്ങൾ വരാതിരുന്നത് രക്ഷയായി.
അപകടത്തിൽ സ്കൂട്ടറിന്റെ മുൻവശം വേർപെട്ടു. സ്കൂട്ടറിനെ കാർ 20 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു.
ഈ സമയത്ത് കാർ മറ്റൊരു ബൈക്കിലും ഇടിച്ചു. ബൈക്കിൽ യാത്രചെയ്യുകയായിരുന്ന സ്വാതിക്കു വീണു പരുക്കേറ്റു.
ബൈക്കോടിച്ചിരുന്ന സ്വാതിയുടെ ഭർത്താവ് പ്രശാന്ത് രക്ഷപ്പെട്ടു. ശബ്ദംകേട്ടു നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി.
ആംബുലൻസും ഉടൻ എത്തി. പരുക്കേറ്റവരെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി സുരേഷിനെയും സ്വാതിയെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്കും ബുഷറ, ആമിന, നജീർ എന്നിവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
അപകടത്തിനിടയാക്കിയ കാറിലെ യാത്രക്കാർക്കു കാര്യമായ പരുക്കില്ലെന്നു പറയുന്നു. അപകടത്തിൽപെട്ട
കാറുകളുടെ മുൻഭാഗം തകർന്നു. ഓട്ടോറിക്ഷയ്ക്കും സ്കൂട്ടറിനും കാര്യമായ നാശനഷ്ടം സംഭവിച്ചു.
ചിറക്കൽപടി– കാഞ്ഞിരപ്പുഴ റോഡ് നവീകരണത്തിനു ശേഷം അപകടം പതിവാണ്. അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിനിടയാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

