കാസർകോട്∙ ഇന്നലെ വിടവാങ്ങിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം കെ.കെ.മാഹിൻ മുസല്യാർ തൊട്ടി വിജ്ഞാനം പകർന്നു നൂറുകണക്കിന് ശിഷ്യന്മാരെ സമുദായത്തിന് സമർപ്പിച്ച പണ്ഡിതൻ. ദക്ഷിണ കന്നഡ, കാസർകോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ പല ദർസുകളിലായി അധ്യാപനവും ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന തലങ്ങളിൽ സേവനം ചെയ്യുന്ന ശിഷ്യന്മാരും ഏറെയാണ്. ജീവിതത്തിൽ സൂക്ഷ്മത പാലിച്ചു നിരന്തര വായനയിലൂടെ അറിവുകൾ തേടുന്ന പണ്ഡിതനായ കെ.കെ.മാഹിൻ മുസല്യാർ തനിക്ക് അറിവുകൾ പകർന്ന അധ്യാപകരോട് കാണിക്കുന്ന അണയാത്ത ബഹുമാനവും അതിരറ്റ സ്നേഹവും.
ഏവർക്കും മാതൃകയായിരുന്നു.ദക്ഷിണ കന്നഡയിലെ പുത്തൂർ കൊരിങ്കിലയിൽ 50 വർഷത്തോളം ഖത്തീബായി സേവനം അനുഷ്ഠിച്ച ബാവ മുസല്യാരുടെയും സൈനബയുടെയും മകനായി 1950 ഒക്ടോബർ 19ന് ആയിരുന്നു ജനനം.
സ്വന്തം മാതാവിൽനിന്നു ഖുർആൻ പഠിച്ചുകൊണ്ടാണ് പഠനം ആരംഭിക്കുന്നത്. സ്വന്തം നാട്ടിൽ സുലൈമാൻ നൂരിയുടെ ശിഷ്യനായി പഠിച്ചാണ് ദർസ് പഠനം തുടങ്ങിയത്. പള്ളിക്കര ഖാസിയായിരുന്ന പരേതനായ അബ്ദുൽഖാദർ മുസല്യാർ പയ്യക്കി ദർസിലെ സഹപാഠിയായിരുന്നു. പിന്നീട് മേൽപറമ്പ് പള്ളിയിൽ ‘ എം.എ.അബ്ദുൽഖാദർ മുസല്യാർ നടത്തിയിരുന്ന ദർസിൽ ചേർന്നു. വിവിധ ദർസിലെ പഠനത്തിനുശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ പഠിച്ച് മാഹിൻ മുസല്യാർ ഫൈസി ബിരുദം പൂർത്തിയാക്കി.
ഇ.കെ.അബൂബക്കർ മുസല്യാർ, കെ.കെ.അബൂബക്കർ ഹസ്റത്ത്, കോട്ടുമല അബൂബക്കർ മുസല്യാർ, എ.പി.മുഹമ്മദ് മുസല്യാർ കുമരംപുത്തൂർ തുടങ്ങിയ പണ്ഡിതന്മാരെല്ലാം ജാമിഅ നൂരിയയിൽ മാഹിൻ മുസല്യാരുടെ ഗുരുനാഥന്മാരാണ്. 1976ൽ ഫൈസി ബിരുദം പൂർത്തിയാക്കി ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത് കർണാടക ജാൽസൂർ അഡ്കാർ ജുമാമസ്ജിദിൽ റമസാനിൽ ഖത്തീബായാണ്
ആയിരങ്ങളുടെ പ്രാർഥനകളോടെകബറടക്കം
കെ.കെ.മാഹിൻ മുസല്യാർ തൊട്ടിയുടെ മയ്യിത്ത് ആയിരങ്ങളുടെ പ്രാർഥനകളോടെ കബറടക്കി. വിയോഗ വാർത്ത കേട്ടതോടെ ചെങ്കള നാലാംമൈൽ മിദാദ് നഗറിലെ വീട്ടിൽ ശിഷ്യഗണങ്ങൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.
വീട്ടിലെ പൊതുദർശനത്തിന് ശേഷം പാണാർകുളം ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ നേതൃത്വം നൽകി.മേൽപറമ്പ് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് മകൻ നസീഹ് ദാരിമി നേതൃത്വം നൽകി. മാഹിൻ മുസല്യാരുടെ അന്ത്യാഭിലാഷ പ്രകാരം അബ്ദുൽഖാദർ മുസല്യാരുടെ കബറിനോടു ചേർന്നാണ് കബറടക്കിയത്.
സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.തങ്ങൾ മദനി ഓലമുണ്ട, സമസ്ത കേന്ദ്ര ഉപാധ്യക്ഷൻ യു.എം.അബ്ദുറഹ്മാൻ മൗലവി, കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ ത്വാഖ അഹമ്മദ് മുസല്യാർ, കേന്ദ്ര മുശാവറ അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ പി.വി.അബ്ദുസലാം ദാരിമി ആലംപാടി, ജില്ലാ വർക്കിങ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി, ജില്ലാ വൈസ് പ്രസിഡന്റ് മൊയ്തു മുസല്യാർ കാഞ്ഞങ്ങാട്, ജില്ലാ സെക്രട്ടറി അബ്ദുൽഖാദർ മദനി പള്ളംകോട്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് അബൂബക്കർ സാലൂദ് നിസാമി, ട്രഷറർ അഷ്റഫ് അസ്നവി മർദള, സമസ്ത മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം, എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദീൻ ദാരിമി പടന്ന, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജംഇയ്യത്തുൽ മുഅല്ലിമീൻ ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് ഷംസുദ്ദീൻ ദാരിമി, ജനറൽ സെക്രട്ടറി മുഹമ്മദ് നവവി, ട്രഷറർ ഇബ്രാഹിം ദാരിമി, മേൽപറമ്പ് ഖത്തീബ് അഷ്റഫ് റഹ്മാനി ചൗക്കി തുടങ്ങിയവർ വസതിയിലും മേൽപറമ്പ് ജുമാ മസ്ജിദിലും എത്തി. കബറടക്കത്തിന് ശേഷം മേൽപറമ്പ് ജുമാമസ്ജിദിൽ സമസ്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർഥനാ സദസ്സും നടന്നു.
സംഘടനകൾഅനുശോചിച്ചു
തൊട്ടി മാഹിൻ മുസല്യാർ പകരം വയ്ക്കാനില്ലാത്ത പണ്ഡിതനായിരുന്നുവെന്നും സംഘടനയുടെ എല്ലാ മുന്നേറ്റങ്ങളിലും ഉപദേശ നിർദേശങ്ങളോടെ ഗുരുതുല്യനായി കൂടെ നിന്ന ആളാണെന്നും എസ്കെഎസ്എസ്എഫ് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു
∙ പള്ളി ദർസുകൾക്കും അറബിക് കോളജുകൾക്കും നേതൃത്വം നൽകിയിരുന്ന തൊട്ടി മാഹിൻ മുസല്യാർ എളിമയും പാണ്ഡിത്യവും ഒരുമിച്ച മഹാനായിരുന്നു എന്ന് സമസ്ത മദ്രസ മാനേജ്മെന്റ് ജില്ലാ പ്രസിഡന്റ് എം.എസ്.തങ്ങൾ മദനി ഓലമുണ്ട, ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവർ അനുശോചിച്ചു.
തൊട്ടിയിൽ മുദരിസായി; തൊട്ടി മാഹിൻ മുസല്യാരെന്ന് അറിയപ്പെട്ടു
ദക്ഷിണ കന്നഡയിലെ ദർസുകൾക്കു ശേഷം മാഹിൻ മുസല്യാർ പള്ളിക്കര തൊട്ടി മുഹിയുദ്ദീൻ ജുമാ മസ്ജിദിനു കീഴിൽ പ്രവർത്തിക്കുന്ന പള്ളി ദർസിൽ മുദരിസായി ചേർന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.
തൊട്ടിയിൽ മുദരിസായി ചേർന്നതോടെ തന്റെ പേര് തന്നെ ‘തൊട്ടി മാഹിൻ മുസല്യാർ’ എന്ന് അറിയപ്പെട്ടുതുടങ്ങി.2021 മുതൽ മഞ്ചേശ്വരം പൊസോട്ട് ജുമാമസ്ജിദിലെ പള്ളി ദർസിൽ മുദരിസായി സേവനം നടത്തുന്നതിനിടെയാണ് അസുഖബാധിതനായി 2 മാസം കിടപ്പിലായത്. നിലവിൽ പയ്യക്കി ഉസ്താദ് അക്കാദമി പ്രിൻസിപ്പൽ കൂടിയാണ്.
സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്മാൻ ഫൈസി തോഡാർ മാഹിൻ മുസല്യാരുടെ ശിഷ്യനാണ്.
സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം കമ്മിറ്റിയിൽ രക്ഷാധികാരി കൂടിയാണ് കെ.കെ.മാഹിൻമുസല്യാർ തൊട്ടി.വായനയ്ക്ക് പുറമേ ഇസ്ലാമിക കർമശാസ്ത്രം സംബന്ധിച്ച് ഗ്രന്ഥരചനയും നടത്തിയിട്ടുണ്ട്. ഇതിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ മൂന്നാം ഭാഗത്തിന്റെ പ്രിന്റിങ് കഴിഞ്ഞ് പ്രകാശനത്തിനായി തയാറെടുക്കുന്നതിനിടെയാണ് അന്ത്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

