കാസർകോട് ∙ സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിലെ 4.76 കോടി രൂപയുടെ തട്ടിപ്പ് കേസിന്റെ അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കുന്നതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി ആയിരുന്ന ടി.പി.സുമേഷിനെയാണു കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്.ഇത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്ക പൊതുവിലുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെങ്കിലും ഇദ്ദേഹത്തെ ഇവിടെ നിലനിർത്തുന്നതിൽ നിയമപരമായി ഒരു തടസ്സവും ഉണ്ടായിരുന്നില്ല. കേവലം 5 മാസം മാത്രം മുൻപാണ് ഇദ്ദേഹം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി ആയി ചുമതലയേറ്റത്.
സഹകരണസംഘം സെക്രട്ടറിയും ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗവുമായ കെ.രതീശൻ സഹകരണസംഘം ലോക്കറിൽ നിന്ന് കവർന്ന് വിവിധ ബാങ്കുകളിൽ പണയം വച്ച 1.12 കോടി രൂപയുടെ മുഴുവൻ സ്വർണവും കണ്ടെത്തിയ ശേഷം പണം പോയ വഴിയിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തിലാണ് ഡിവൈഎസ്പിയുടെ സ്ഥലം മാറ്റം.
പകരം നിയമനം നടത്താതെയാണ് സ്ഥലംമാറ്റം.
സ്വർണം പണയം വച്ച് ഇവർ ഒന്നേകാൽ കോടി രൂപ നൽകിയതായി പറയുന്ന തമിഴ്നാട് സ്വദേശിയെക്കുറിച്ചുള്ള സൂചനകൾ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. അയാളെ വിളിപ്പിച്ച് ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു.
അതോടൊപ്പം തന്നെ തട്ടിപ്പിന് കൂട്ടുനിന്ന കേസിൽ കൂടുതൽ പേരെ മൊഴിയെടുത്ത് വിടുകയും ചെയ്തിരുന്നു. എസ്എച്ച്ഒയ്ക്കാണ് ഇനി കേസിന്റെ അന്വേഷണം.
ജീവനക്കാരുടെ കുറവ് നേരിടുന്ന ഏജൻസിയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. 160 ഓളം കേസുകൾ ഇനി അന്വേഷിക്കേണ്ടത് ഒരേ സിഐ ആണ്.
ഇത് കാറഡുക്ക കേസിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് ഇടപാടുകാർ.
സിപിഎം ഭരിക്കുന്ന കാറഡുക്ക അഗ്രികൾചറിസ്റ്റ് സഹകരണസംഘത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ 2024 മേയ് 13ന് ആണ് ആദൂർ പൊലീസ് കേസെടുത്തത്.
സഹകരണസംഘം സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ കെ.രതീശൻ ഉൾപ്പെടെ 11 പേരാണ് കേസിലെ പ്രതികൾ. ഇവർ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു.
കേസെടുത്തതിനു പിന്നാലെ രതീശനെ സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യുകയും സിപിഎമ്മിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പക്ഷേ ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
സർക്കാർ നഷ്ടപരിഹാരമായി നൽകിയ പണം നിക്ഷേപിച്ച എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പെടെയുള്ളവർ നിക്ഷേപം തിരിച്ചുകിട്ടാതെ പ്രതിസന്ധിയിലാണ്. സിപിഎം നേതൃത്വവും ഇക്കാര്യത്തിൽ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

