തിരുവനന്തപുരം: സംസ്ഥാനത്ത് കാൻസർ രോഗികൾക്ക് ആശ്വാസമായി ആരോഗ്യ വകുപ്പിൻ്റെ ‘കാരുണ്യ സ്പർശം – സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ്സ്’ പദ്ധതി വിപുലീകരിച്ചു. പദ്ധതിയുടെ ഭാഗമായി 58 പുതിയ കൗണ്ടറുകൾ കൂടി ആരംഭിച്ചു.
ഇവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ.) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാൻസർ ചികിത്സയ്ക്ക് ആവശ്യമായ വിലയേറിയ മരുന്നുകൾ ലാഭമില്ലാതെ, 90 ശതമാനം വരെ വിലക്കിഴിവിൽ രോഗികൾക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 14 കൗണ്ടറുകളാണ് ആരംഭിച്ചിരുന്നത്.
പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് ഇപ്പോൾ വിപുലീകരിക്കുന്നത്. പുതിയ 58 എണ്ണം കൂടി വന്നതോടെ സംസ്ഥാനത്താകെ 72 കാരുണ്യ സ്പർശം കൗണ്ടറുകൾ പ്രവർത്തനസജ്ജമായി.
നിലവിൽ 247 ബ്രാൻഡഡ് കാൻസർ മരുന്നുകൾ ഈ കൗണ്ടറുകൾ വഴി സീറോ പ്രോഫിറ്റ് നിരക്കിൽ ലഭ്യമാണ്. പദ്ധതി ആരംഭിച്ച ശേഷം വിപണിയിൽ 6.88 കോടി രൂപ വിലവരുന്ന മരുന്നുകൾ 2.26 കോടി രൂപയ്ക്ക് രോഗികൾക്ക് നൽകാനായി.
ഇതുവഴി 4.62 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് പൊതുജനങ്ങൾക്ക് ലഭിച്ചത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്ക് ആവശ്യമായ വിലയേറിയ മരുന്നുകൾ കൂടി സീറോ പ്രോഫിറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇതിലൂടെ കൂടുതൽ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവ് കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, എൻ.എച്ച്.എം.
സ്റ്റേറ്റ് മിഷൻ ഡയറക്ടർ, കെ.എം.എസ്.സി.എൽ. എം.ഡി., ജനറൽ മാനേജർമാർ, വിവിധ കാൻസർ സെൻ്റർ ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

