വളാഞ്ചേരി∙ ഉപരിതലത്തിൽ വിള്ളലുകൾ കണ്ടതിനെ തുടർന്ന് അപകടാവസ്ഥയിലായ തിരുവേഗപ്പുറ പാലത്തിലൂടെ ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. പൊലീസിന്റെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും യോഗത്തിലാണ് തീരുമാനം.
ഇരിമ്പിളിയം, തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റുമാർ പങ്കെടുത്തു. ബസുകൾ പാലത്തിന്റെ ഇരുഭാഗങ്ങളിലും എത്തി യാത്രക്കാരെ ഇറക്കി മടങ്ങണം. വളാഞ്ചേരി ഭാഗത്തുനിന്നുള്ള വലിയ വാഹനങ്ങൾക്ക് മൂർക്കനാട് പാലം വഴിയും കൊപ്പം ഭാരവാഹനങ്ങൾക്ക് പുലാമന്തോൾ വഴിയും കടന്നുപോകാം. ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ തൽക്കാലം തടസ്സമില്ല.
പാലത്തിൽ ക്രോസ്ബാർ സ്ഥാപിച്ചു ഗതാഗതം ക്രമീകരിക്കും. നിരോധനം ഇന്നലെ അർധരാത്രി നിലവിൽ വന്നു.
ആംബുലൻസ്, അഗ്നിരക്ഷാസേന എന്നിവയുടെ വാഹനങ്ങൾക്ക് നിബന്ധനകൾ ബാധകമല്ല.
കാൽനടയാത്രക്കാർക്ക് പാലത്തിനു മുകളിലൂടെ കടന്നുപോകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തും. സുരക്ഷാ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ ത്വരിതപ്പെടുത്താനും തീരുമാനിച്ചു.
വെള്ളി രാവിലെയാണ് പാലത്തിന്റെ ഉപരിതലത്തിൽ ജോയിന്റ് സ്പാനിൽ വിള്ളൽ കണ്ടെത്തിയത്. കോൺക്രീറ്റ് പാളികളും അടർന്നിരുന്നു.
ടാറിങ് ഇളകിയിരുന്നു. നാട്ടുകാർ വിവരം പൊലീസിലും മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അറിയിക്കുകയായിരുന്നു. നാട്ടുകാർതന്നെ മുന്നിട്ടിറങ്ങി പാലത്തിലൂടെ ഒറ്റവരി ഗതാഗതവും ഏർപ്പെടുത്തി.
വിവരം അറിഞ്ഞ, പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ കെ.ധീരജ്കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി പാലത്തിനു മുകളിൽ പരിശോധന നടത്തി.
ആറു പതിറ്റാണ്ടു മുൻപു നിർമിച്ച പാലത്തിന്റെ കാലപ്പഴക്കം കാരണമാണ് സ്പാനുകൾ കേടായതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. 2022 നവംബറിൽ 90 ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തിയതാണ് തിരുവേഗപ്പുറ പാലം.
മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ചു തൂതപ്പുഴയിലുള്ള പാലം തിരക്കേറിയ പാതയാണ്. വളാഞ്ചേരിയിൽനിന്ന് പാലക്കാട്, പട്ടാമ്പി ഭാഗങ്ങളിലേക്കുള്ള എളുപ്പമാർഗവുമാണ് ഇത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

