കോട്ടയം∙ ‘വോട്ട് ചെയ്യാൻ ഇനി ക്യൂവിൽനിന്ന് മടുക്കേണ്ട, നിങ്ങൾക്ക് ഇരിപ്പിടം കിട്ടും. കുടിക്കാൻ വെള്ളവും.
തിരക്കുണ്ടോയെന്നറിയാൻ മൊബൈൽ ആപ്പ് തയാറാക്കും.’ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഒരുക്കേണ്ട സൗകര്യങ്ങൾ വ്യക്തമാക്കിയ ഹൈക്കോടതി ഉത്തരവിന് കാരണമായ ഹർജിക്കാരിലൊരാൾ വൈക്കം കരിപ്പാടം നെടുംചിറയിൽ എൻ.എം.താഹയാണ്. താൻ കോടതിയിൽ പോയത് ഇരിക്കാനുള്ള അവകാശം നേടാനല്ലെന്നും അതിനെക്കാൾ ഗുരുതരമായ സാമൂഹിക പ്രശ്നത്തിന് പരിഹാരം തേടിയാണെന്നും വെച്ചൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ താഹ പറയുന്നു.
‘12 വർഷം പഞ്ചായത്തംഗമായിരുന്നു.1995 മുതൽ 2000 വരെ പഞ്ചായത്ത് പ്രസിഡന്റുമായി.
ഇപ്പോൾ 81 വയസ്സുണ്ട്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇല്ലെങ്കിലും വോട്ടർപട്ടിക ഇടയ്ക്ക് നോക്കും.
പല പോളിങ് സ്റ്റേഷനിലും 1200ൽ അധികം വോട്ടർമാരുണ്ട്. എന്നാൽ വോട്ട് ചെയ്യാനുള്ളത് ഒരൊറ്റ ബൂത്തും.
പഞ്ചായത്ത്, ബ്ലോക്ക്, ജില്ല എന്നിവിടങ്ങളിലേക്കായി 3 വോട്ട് ചെയ്യാനുമുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരിക്കുന്ന സമയം പാലിച്ചാൽ, 1200 വോട്ടർമാരുള്ള ബൂത്തിൽ ഒരാൾക്ക് 30– 40 സെക്കൻഡ് മാത്രമേ കിട്ടൂ. രണ്ടോ അതിലധികമോ ബൂത്തുകൾ അനുവദിക്കണമെന്നായിരുന്നു എന്റെ ഹർജി.
ആവശ്യം ന്യായമാണെന്ന് ഹൈക്കോടതി കണ്ടെത്തി. എന്നാൽ ബൂത്തുകളുടെ എണ്ണം കൂട്ടാൻ ഉത്തരവിട്ടാൽ തിരഞ്ഞെടുപ്പ് വൈകിയേക്കുമെന്ന് നിരീക്ഷിച്ച കോടതി വോട്ടർമാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ നിർദേശിക്കുകയായിരുന്നു.
പട്ടികയിലെ എല്ലാവരും വോട്ട് ചെയ്യാൻ എത്തില്ലെന്നാണു കമ്മിഷൻ വാദിച്ചത്.
എന്റെ ലക്ഷ്യം ഈ തിരഞ്ഞെടുപ്പിൽ നടപ്പാകില്ലെങ്കിലും പ്രതീക്ഷയുണ്ട്,ഭാവിയിൽ നടപ്പാക്കേണ്ടിവരും. നീണ്ട
ക്യൂ കണ്ട് ജനം വോട്ടു ചെയ്യാതെ മടങ്ങിയാൽ മോശം നമ്മുടെ നാടിനു തന്നെയല്ലേ? ’– താഹ ചോദിക്കുന്നു. 2 മാസം മുൻപാണ് താഹ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ ദിവസം ഇതിനു വിധി പറയുന്നതിനിടെയാണ് സമാന ആവശ്യം ഉന്നയിച്ച് 4 ദിവസം മുൻപ് തൃശൂരിലെ വി.വി.ബാലചന്ദ്രൻ നൽകിയ ഹർജിയും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ പരിഗണിച്ചത്. തുടർന്ന് ഒരുമിച്ച് വിധി പ്രസ്താവിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

