പടന്നക്കാട് ∙ വീട്ടിൽനിന്ന് കോളജിലേക്ക് ഇറങ്ങുമ്പോൾ താൻ ഓടിക്കുന്ന സ്കൂട്ടറിൽ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഷറഫുന്നിസ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോളജിലേക്ക് എത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കിനിൽക്കെ വണ്ടിയുടെ ബ്രേക്ക് പിടിക്കുമ്പോഴാണ് ബ്രേക്കിന്റെ ഇടയിലൂടെ പാമ്പ് തല പൊക്കി വന്നത്.
എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് പോയെങ്കിലും ആത്മധൈര്യം കൈവരിച്ച് രണ്ടാമത്തെ ബ്രേക്ക് പിടിച്ച് വണ്ടി നിർത്തി ഷറഫുന്നീസ രക്ഷപ്പെട്ടു.
നെഹ്റു കോളജിലെ ചരിത്ര വിഭാഗം അധ്യാപികയായ തൈക്കടപ്പുറത്ത് താമസിക്കുന്ന ഷറഫുന്നിസയാണ് ഇത്തരത്തിൽ പാമ്പിന്റെ കടിയേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം.
തൈക്കടപ്പുറത്തെ വീട്ടിൽനിന്ന് കോളജിലേക്ക് തന്റെ സ്കൂട്ടറിൽ വരുമ്പോഴാണ് സംഭവം. സ്കൂട്ടറിന്റെ മുൻ ഭാഗത്തുള്ള വിടവിലൂടെ പാമ്പ് അകത്തുകടന്നിരിക്കാമെന്നാണ് കരുതുന്നത്.
വലത്ത് ഭാഗത്തുള്ള ബ്രേക്ക് പിടിച്ചാൽ പാമ്പിന് പരുക്കേൽക്കും.
അത് കൊണ്ട് ഇടത് ഭാഗത്തുള്ള ബ്രേക്ക് പിടിച്ചാണ് ഷറഫുന്നിസ വണ്ടി നിർത്തിയത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ മെക്കാനിക്കിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ വന്ന് വണ്ടിയുടെ ബോഡി മാറ്റിയപ്പോഴാണ് വലിയ വിഷപ്പാമ്പിനെ കണ്ടത്. പാമ്പ് എങ്ങനെ ഇതിനകത്ത് കയറി എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ല.
ഇത്രയും ദൂരം പാമ്പിനെയും കൊണ്ട് വന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ പേടിയാകുന്നുവെന്ന് ഷറഫുന്നിസ പറഞ്ഞു.
ഇതു ശ്രദ്ധിക്കാം
∙ തണുപ്പുകാലമാണ് വരുന്നത്. പാമ്പുകൾ ചൂടു തേടി വീടുകളിലും വാഹനങ്ങളിലും അഭയം തേടിയേക്കാം.
വളരെ ചുരുക്കം ഇനം പാമ്പുകളൊഴിച്ചു മറ്റാരും മനുഷ്യരെ കടിച്ചു വിഷം പാഴാക്കാൻ താൽപര്യമുള്ളവരല്ല. പലപ്പോഴും അപായം നേരിടുന്ന സമയത്തോ ശരീരം വേദനിക്കുമ്പോഴോ ആണ് പാമ്പ് കൊത്തുന്നത്.
അതു തന്നെ പലപ്പോഴും വിഷം കുത്തിവയ്ക്കാത്ത (ഡ്രൈ ബൈറ്റ്) കടി ആയിരിക്കും.
അല്ലാത്ത സമയത്ത് പല പാമ്പുകളും ഉറക്കെ ചീറ്റി ഭയപ്പെടുത്തുകയാണ് പതിവ്. അറിയാതെ കയറിച്ചവിട്ടുമ്പോഴാണ് പലപ്പോഴും ആളുകൾക്കു കടിയേൽക്കാറ്.
അണലി വർഗത്തിൽപെട്ട പാമ്പുകൾ മാത്രമാണ് ചെറു പ്രകോപനത്തിൽ പോലും കടിക്കുന്നത്. മണ്ണിലൂടെ നടക്കുന്ന സമയത്ത് അമർത്തിച്ചവിട്ടി നടന്നാൽ പാമ്പുകൾ ഈ ചലനം തിരിച്ചറിഞ്ഞു മാറിപ്പകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
കടിയേറ്റാൽ ശ്രദ്ധിക്കാൻ
∙ ശാന്തമായിരിക്കുക, പാമ്പിനു സമീപത്തു നിന്നു പതുക്കെ മാറുക,
∙ മുറിവുള്ള ഭാഗം(കടിയേറ്റ ഭാഗം) ഒന്നും ചെയ്യാതെ വയ്ക്കുക,
∙ ചെരിപ്പുകൾ, ബെൽറ്റ് മോതിരങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, ഇറുകിയ വസ്ത്രങ്ങൾ എന്നിവ മുറിവേറ്റ ഭാഗത്തു നിന്നും മാറ്റുക,
∙ കടിയേറ്റയാളെ ആയാസപ്പെടാനോ പരിഭ്രാന്തരാകാനോ അനുവദിക്കരുത്.
∙ പാമ്പിനെ ഉപദ്രവിക്കരുത്. ഉപദ്രവിക്കാൻ ശ്രമിച്ചാൽ അത് നിങ്ങളെ കടിച്ചുകൊണ്ട് സ്വയം പ്രതിരോധിക്കും.
∙ മുറിവേറ്റ ഭാഗത്തു കൂടുതൽ മുറിവ് വരുത്തുകയോ മുറിവിൽ എന്തെങ്കിലും പൊടികൾ, മരുന്നുകൾ നേരിട്ട് പുരട്ടരുത്. ∙ രോഗിയെ കമിഴ്ത്തി കിടത്തരുത്, ഇത് ശ്വസന പ്രക്രിയ തടസ്സപ്പെടുത്തിയേക്കാം. ∙ വൈദ്യസഹായത്തിനായി ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുക.
∙ ആന്റി സ്നേക്ക് വെനം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ലഭ്യമാണ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

