നെയ്യാറ്റിൻകര ∙ മരപ്പട്ടി കയറി തലങ്ങും വിലങ്ങും ഓടി, നെയ്യാറ്റിൻകര പൊതുമരാമത്ത് വകുപ്പ് കെട്ടിടത്തിലെ സീലിങ് പാനലിന്റെ ഒരു ഭാഗം തകർന്നു വീണു. ജീവനക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
മിനിയാന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം.ഓടിട്ട പഴയ കെട്ടിടത്തിലാണ് പൊതുമരാമത്ത് ഓഫിസ് പ്രവർത്തിക്കുന്നത്.
ഏതാനും ദിവസം മുൻപ് സീലിങ്ങിൽ തട്ടും മുട്ടും കേട്ടപ്പോൾ നടത്തിയ പരിശോധനയിൽ മരപ്പട്ടിയാണെന്ന കാര്യം സ്ഥിരീകരിച്ചു. പലപ്പോഴും ഒച്ച കേൾക്കുമ്പോൾ ഇതു തകർന്നു വീഴുമോ എന്ന് പരസ്പരം ചോദിച്ചിരുന്നു.
പക്ഷേ, വീഴുമെന്ന് കരുതിയില്ല.സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ശോചനീയ അവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന പൗരന്മാരുടെ സംഘടനാ പ്രതിനിധികൾ എത്തിയിരുന്നു.
അവരോട് സംസാരിച്ചു നിന്നപ്പോഴാണ് സംഭവം. സർക്കാർ ഓഫിസുകളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഭാഗമാണ് പൊതുമരാമത്ത്.
അവരുടെ നില പോലും പരുങ്ങലിൽ ആണെന്ന് കണ്ടതോടെ മുതിർന്ന പൗരന്മാരുടെ സംഘടനാ പ്രതിനിധികൾ, പിന്നെ ഒന്നും പറയാതെ മടങ്ങി.സീലിങ് പൊളിഞ്ഞു വീഴുമ്പോൾ വനിതാ ജീവനക്കാർ മാത്രമാണ് അവിടെയുണ്ടായിരുന്നത്.
അവർ വേഗം പുറത്തിറങ്ങിയതിനാൽ പരുക്കൊന്നും പറ്റിയില്ല. കാലപ്പഴക്കമുള്ള ഈ കെട്ടിടത്തിലാണ് പൊതുമരാമത്ത് വിഭാഗം അസി.
എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് പ്രവർത്തിപ്പിക്കുന്നത്. കെട്ടിടത്തിന്റെ സീലിങ് അടിയന്തരമായി നീക്കം ചെയ്യുമെന്ന് അസി.
എക്സിക്യൂട്ടീവ് എൻജിനീയർ പ്രതികരിച്ചു. മരപ്പട്ടിയെ പിടികൂടി മാറ്റുന്നതിനു വനം വകുപ്പിന് കത്തു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

