വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ 4 ചക്ര ഓട്ടോറിക്ഷകളിൽ നിന്ന് ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാലിയേക്കരയിൽ 10 കിലോമീറ്റർ വായുദൂരം വരെയുള്ള 4 ചക്ര ഓട്ടോറിക്ഷകൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.
എന്നാൽ പന്നിയങ്കരയിൽ കഴിഞ്ഞ ഏപ്രിൽ 7ന് നടന്ന സർവകക്ഷി യോഗത്തിൽ നാല് ചക്ര ഓട്ടോ ടാക്സികൾക്ക് ടോൾ നൽകാതെ യാത്ര ചെയ്യാമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ 3 ദിവസം മാത്രമാണ് സൗജന്യം അനുവദിച്ചത്. പിന്നീട് ടോൾ നൽകാത്ത 4 ചക്ര ഓട്ടോറിക്ഷകൾ തടഞ്ഞിട്ടു.
സർവകക്ഷി യോഗത്തിന്റെ തീരുമാനം അട്ടിമറിച്ചെതിനെതിരെ ടോൾ പ്ലാസയിൽ 4 ചക്ര ഓട്ടോ തൊഴിലാളികൾ കുടുംബസമേതം സമരം നടത്തുമെന്ന് ഓൾ കേരള ഓട്ടോ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ഇ.താജുദ്ദീൻ പറഞ്ഞു.
ഇതു സംബന്ധിച്ച് പരാതി ദേശീയപാത അതോറിറ്റി, എംപി, എംഎൽഎ, കലക്ടർ, എഡിഎം, ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർക്കു നൽകി. എന്നാൽ നടപടികൾ വൈകുന്നത് മൂലം വൻതുക ടോൾ നൽകിയാണ് 4 ചക്ര ഓട്ടോറിക്ഷകൾ ആശുപത്രി ആവശ്യങ്ങൾക്ക് ഉൾപ്പെടെ പോകുന്നതെന്നും സമരം ശക്തമാക്കുമെന്നുമാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്. ഓട്ടോറിക്ഷകളുടെ കാറ്റഗറിയിൽ ഉൾപ്പെടുത്തി നാല് ചക്ര ഓട്ടോ ടാക്സികൾക്ക് ടോൾ നൽകാതെ യാത്ര ചെയ്യാമെന്ന് കെ.രാധാകൃഷ്ണൻ എംപി, പി.പി.സുമോദ് എംഎൽഎ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം എടുത്തത് ടോൾ കമ്പനി അട്ടിമറിക്കുകയായിരുന്നു.
പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങിയ 2022 മാർച്ച് മുതൽ ഒരു വർഷം 4 ചക്ര ഓട്ടോറിക്ഷകളിൽ നിന്ന് ടോൾ ഈടാക്കിയിരുന്നില്ല. പിന്നീട് മുന്നറിയിപ്പില്ലാതെ പണം പിരിച്ച് തുടങ്ങി.
പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും സൗജന്യയാത്ര നിഷേധിക്കുന്നു
പ്രദേശവാസികൾക്കും സ്കൂൾ വാഹനങ്ങൾക്കും സൗജന്യ യാത്ര നൽകാമെന്ന് വടക്കഞ്ചേരിയിൽ നടന്ന സർവകക്ഷി യോഗത്തിൽ കമ്പനി ഉറപ്പ് നൽകിയതാണ്.
എന്നാൽ തീരുമാനം ടോൾ കമ്പനി അട്ടിമറിച്ചു. 9.4 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന തീരുമാനം ഏഴര കിലോമീറ്ററായി കുറച്ചു.
ഈ പരിധിയിൽ ഉള്ളവർക്കു പോലും സൗജന്യം നൽകുന്നില്ല. ആദ്യ ഘട്ടത്തിൽ അപേക്ഷ നൽകിയവർക്കു മാത്രമാണ് സൗജന്യം നൽകുന്നത്.
സ്കൂൾ വാഹനങ്ങൾക്കു സൗജന്യം നൽകാമെന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ഉറപ്പും പാലിക്കുന്നില്ല. സ്കൂൾ വാഹനങ്ങളിൽ നിന്നു ടോൾ പിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

