എടത്വ ∙ കിഫ്ബി പദ്ധതി പ്രകാരം ശുദ്ധജലം വിതരണം ചെയ്യുന്നതിനു പൈപ്പ് ഇടുന്ന ജോലി നടത്തിയപ്പോൾ തകർന്ന റോഡ് ടാറിങ് നടത്തി പൂർവ സ്ഥിതിയിലാക്കാൻ നടപടി വേണമെന്ന് ആവശ്യം. ഇടറോഡുകളാണു കുഴിയെടുക്കൽ മൂലം കൂടുതൽ ദുരിതത്തിലായത്.
തുടർച്ചയായ മഴ കൂടി ആയപ്പോൾ മിക്ക റോഡുകളും ചെളിക്കുളം ആയിരിക്കുകയാണ്. അടുത്ത സമയത്ത് ടാറിങ് നടത്തിയ റോഡു പോലും കുത്തിപ്പൊളിച്ചു.
ഈ കുഴികളിൽ വെള്ളക്കെട്ട് ആകുകയും ചെയ്തു. വീതി കുറഞ്ഞ റോഡിൽ ജെസിബി ഉപയോഗിച്ചു കുഴി എടുത്തതു മൂലം ടാർ ഉൾപ്പെടെ ഇളകി റോഡ് സഞ്ചാരയോഗ്യമല്ലാതായി.
ഇരുചക്ര വാഹനങ്ങൾ റോഡിൽ ഉണ്ടായ വെള്ളക്കെട്ടിലൂടെ ഓടിക്കേണ്ടിവരുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. സ്കൂൾ വിദ്യാർഥികൾക്ക് സൈക്കിളിൽ യാത്ര ചെയ്യുന്നതിനും പ്രയാസമാണ്. പൈപ്പ് ഇടുന്ന പ്രവൃത്തികൾ പൂർത്തിയായാലുടൻ റോഡുകൾ ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നു പൊതുപ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കുട്ടനാട്ടിൽ ഉടനീളം പൈപ്പിടൽ വിപ്ലവം നടക്കുന്നുണ്ടെങ്കിലും ശുദ്ധജലം വിതരണം ചെയ്യുന്നതിനുള്ള നടപടി ആയിട്ടില്ല.
തലവടി തെക്കൻ മേഖലയിൽ കഴിഞ്ഞ 30 വർഷത്തിലേറെയായി ശുദ്ധജലം എത്താത്ത പ്രദേശങ്ങളുമുണ്ട്. 20ലേറെ പൊതു ടാപ്പുകൾ സ്ഥാപിച്ചിരുന്നതിൽ ഒന്നു പോലും ഇപ്പോഴില്ല. തെക്കൻ മേഖലയിൽ വെള്ളം എത്തിക്കാൻ തലവടി വെള്ളക്കിണറിൽ നിർമിച്ച ഉപരിതല ടാങ്കിൽ 15 വർഷത്തിലേറെ ആയിട്ടും വെള്ളം കയറ്റാൻ കഴിഞ്ഞിട്ടില്ല.
ഇനി വെള്ളം നിറയ്ക്കാൻ ഉപരിതല ടാങ്കിന് അറ്റകുറ്റപ്പണി നടത്തിയാൽ മാത്രമേ കഴിയുകയുള്ളൂ. ശുദ്ധജല വിതരണം കാര്യക്ഷമമാക്കുകയും കുഴിയെടുത്ത റോഡുകൾ സഞ്ചാര യോഗ്യമാക്കുകയും വേണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

