കാതിക്കുടം ∙ആറര ഏക്കർ കൃഷിയിടത്തിൽ ഇറ്റു വീഴുന്ന വിയർപ്പുതുള്ളികൾ പറയും ചാലക്കുടിക്കടുത്ത് കാതിക്കുടത്തെ ഫിലിപ് ഗോപുരൻ (65) എന്ന കർഷകന്റെ വിജയഗാഥ. മണ്ണിൽ ചുവടുറപ്പിച്ചു നിന്ന് കഠിനാധ്വാനത്തിലൂടെ കൃഷിയിൽ പൊന്നു വിളയിക്കുന്ന ഫിലിപ്പിനു കൃഷിയോടാണു കൂടുതൽ സ്നേഹമെന്നു വീട്ടുകാർ പാതി കളിയായും പാതി കാര്യമായും പറയും.
ചാത്തൻചാലും പെരുംതോടും ജലസമൃദ്ധിയൊരുക്കി ഫിലിപ്പിനു പിന്തുണയും നൽകുന്നു. പല നിറത്തിലും വലുപ്പത്തിലും ആകൃതിയിലുമുള്ള നെല്ലോലകളും നെൽക്കതിരുകളുമായി കാതിക്കുടത്തെ പാടശേഖരങ്ങൾ കനകകാന്തി തൂകുമ്പോൾ ഫിലിപ്പെന്ന കർഷകന്റെ വിശ്രമമില്ലാത്ത പരിശ്രമത്തിന്റെ അടയാളങ്ങൾ ഇവിടെ തെളിഞ്ഞു കാണാം. അഞ്ച് ഏക്കർ പാടശേഖരത്തിലാണു നെൽക്കൃഷി ചെയ്യുന്നത്.
നെല്ലിന്റെ വൈവിധ്യങ്ങൾ ഫിലിപ്പിന്റെ കൃഷിയിടത്തിൽ കതിരണിയാൻ ഒരുങ്ങുന്നത് കാണാം.
10 ഇനം വ്യത്യസ്ത നെല്ലിനങ്ങളുണ്ടിവിടെ. പച്ചപ്പിനിടയ്ക്കു രക്തനിറമാർന്ന നെൽച്ചെടികളും കാണാം.
120 ദിവസം കൊണ്ടു മൂപ്പെത്തുന്ന രക്തശാലി, വയനാടൻ കുള്ളൻ തൊണ്ടി, 80ാം ദിവസം കൊയ്യാവുന്ന നവര, മൂപ്പെത്താൻ കൂടുതൽ കാലം വേണ്ടി വരുന്ന ചെമ്പാവ്, ജീരകശാല,120 ദിവസം കൊണ്ടു പാകമാകുന്ന നീളം കുറഞ്ഞ നെല്ലിനമായ നസർബാത്ത്, 110 ദിവസം കൊണ്ടു കൊയ്യാവുന്ന ഡാബർശാല, ഉയരം കുറഞ്ഞ ഐആർ അഞ്ച്, ശ്രേയ, ശ്രേയസ്, പൗർണമി തുടങ്ങിയവ ഈ കൃഷിയിടത്തെ സമ്പുഷ്ടമാക്കുന്നു.
നേരത്തേ ബസ്മതി കൃഷി ചെയ്തിരുന്നു. ഇതിന്റെ വിത്ത് സൂക്ഷിച്ചിട്ടുണ്ട്.
നെല്ലിനങ്ങളിൽ ഭൂരിഭാഗവും ആവശ്യക്കാരേറെയുള്ള പാരമ്പര്യ ഇനങ്ങളാണ്. പലതും ഔഷധ ഇനങ്ങളും.നെല്ല് മാത്രമല്ല, വാഴയും മറ്റു പച്ചക്കറികളും ഫിലിപ്പിന്റെ കൃഷിത്തോട്ടത്തെ പച്ചപ്പണിയിക്കുന്നു.
പൂജയ്ക്ക് ഉപയോഗിക്കുന്ന കദളിയും ചെങ്കദളി, ചെമ്പൂവൻ, ഏത്തവാഴ, പാളയംപൂവൻ, റോബസ്റ്റ, ഞാലിപ്പൂവൻ, പൂവൻ എന്നിങ്ങനെ വാഴയുടെ വൈവിധ്യങ്ങളും ഒരേക്കറിൽ തലയുയർത്തി നിൽക്കുന്നു. അര ഏക്കറിൽ ചേന, മരച്ചീനി, മത്തൻ, കുമ്പളം തുടങ്ങിയ പച്ചക്കറികളുമുണ്ട്. കൃഷി തന്റെ ജീവിതരീതിയാണെന്നും അതു നൽകുന്ന ആനന്ദം വലുതാണെന്നും ഫിലിപ്പ് പറയുന്നു.
കാടുകുറ്റി കൃഷിഭവന്റെ നല്ല സഹകരണം കൃഷി തുടരാനുള്ള പ്രേരണയാണെന്നു കർഷകൻ പറഞ്ഞു.
നേരത്തെ രണ്ടു പതിറ്റാണ്ടിലേറെ ഓട്ടുകമ്പനി ഉടമയായിരുന്നു. പിന്നീടു തൃശൂർ കൊക്കാലയിൽ അലുമിനിയം അനോഡൈസിങ് യൂണിറ്റ് നടത്തി.
ഈ സമയത്തും കൃഷിയുമായുള്ള കൂട്ടുകെട്ടു തുടർന്നു. കമ്പനികൾ നിർത്തിയതോടെ പശു വളർത്തൽ തുടങ്ങിയെങ്കിലും ഏതാനും വർഷം മുൻപ് അവയെല്ലാം നിർത്തി കൃഷിയിൽ മാത്രമായി ശ്രദ്ധ. വയസ്സായി വരികയാണ്, കൃഷിയൊക്കെ നിർത്തണമെന്നു ഭാര്യയും ബന്ധുക്കളും സ്നേഹത്തോടെ പറഞ്ഞപ്പോൾ രാജഗിരി ആശുപത്രിയിൽ പോയി പരിശോധനകൾ നടത്തി ഫലം വീട്ടുകാരെ കാണിച്ചു. കൃഷിക്കിറങ്ങാൻ തനിക്ക് ആരോഗ്യം ഇനിയുമുണ്ടെന്നു തെളിവു നിരത്തി ഫിലിപ്പ്.
എന്നിട്ട് തോളത്തൊരു തോർത്തുമിട്ട് തന്നെ കാത്തിരിക്കുന്ന പാടത്തേയ്ക്കും പറമ്പിലേയ്ക്കും പുഞ്ചിരിച്ചു കൊണ്ടു നീട്ടി വലിച്ചു നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

