ആലപ്പുഴ ∙ നഗര ചത്വരം വഴിയുള്ള താൽക്കാലിക റോഡിലെ ദുരിതം എത്രനാൾ കൂടി സഹിക്കേണ്ടി വരുമെന്നു യാത്രക്കാർ. ജില്ലാക്കോടതി പാലം പുനർനിർമാണത്തിനു വേണ്ടി പാലം പൊളിക്കുകയും, ഗതാഗതം തിരിച്ചുവിടുകയും ചെയ്തപ്പോൾ മുതൽ തുടങ്ങിയതാണ് ഇവിടത്തെ യാത്രാദുരിതം.
സ്വകാര്യ ബസുകളും വലിയ വാഹനങ്ങളും ഒഴികെ മറ്റെല്ലാ വാഹനങ്ങളും ഇതുവഴി തിരിച്ചുവിട്ടെങ്കിലും ആവശ്യമായ സുരക്ഷ ഒരുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. നഗര ചത്വരത്തിൽ ഉണ്ടായിരുന്ന കോൺക്രീറ്റ് തറയും, മതിലും പൊളിച്ചതിന്റെ ഭാഗങ്ങൾ ഇപ്പോഴും അപകടകരമായി കിടക്കുന്നു.
റോഡ് നിർമിക്കാനെന്നു പറഞ്ഞു ഇറക്കിയ വലിയ കല്ലുകൾ വഴിയിൽ പലയിടങ്ങളിലായി കിടക്കുന്നതും അപകടങ്ങൾക്കു കാരണമാകുന്നു. മഴയിൽ വെള്ളക്കെട്ടും ചെളിയും യാത്രാ ദുരിതം ഇരട്ടിയാക്കി.
മഴ മാറിയതോടെ ചെളി ഉണങ്ങി പൊടി ശല്യമായി. രാത്രി വെളിച്ചവുമില്ല.
ഇതു കൂടാതെ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിന്റെ മുന്നിലൂടെ ഇരുചക്ര വാഹനങ്ങൾക്കും കാൽനടക്കാർക്കും പോകാനുള്ള വഴി കൊടുത്തിട്ടുണ്ടെങ്കിലും അവിടെയും കല്ലും ചെളിയും കുഴിയും ആണ്. ഈ വഴികൾ സഞ്ചാരയോഗ്യമാക്കണമെന്നു വ്യാപാരികളും നാട്ടുകാരും ജില്ലാ കോടതിയിലെ ഉദ്യോഗസ്ഥരും എസ്ഡിവി സ്കൂളുകളിലും അധ്യാപക അനധ്യാപകരും രക്ഷാകർത്താക്കളും പല തവണ ആവശ്യപ്പെട്ടെങ്കിലും നഗരസഭയോ, ജില്ലാക്കോടതി പാലം നിർമാണ കമ്പനിയോ നടപടി സ്വീകരിച്ചില്ല.
സ്ഥലം നഗരസഭയുടെ ആയതിനാൽ നഗരസഭ റോഡ് നിർമിച്ചു കൊടുക്കേണ്ടതാണെങ്കിലും നഗര ചത്വരം വഴിയുള്ള ഭാഗത്ത് ടൈൽ പാകിയെന്നും ഇനിയൊന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ജില്ലാക്കോടതി പാലം നിർമാണച്ചുമതലയുള്ള കിഫ്ബി ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനി തന്നെയാണ് താൽക്കാലിക റോഡ് കൂടി ചെയ്യേണ്ടതെന്നു നഗരസഭ സ്ഥിരസമിതി ചെയർമാൻ എം.ആർ.പ്രേം പറഞ്ഞു.
ഏതായാലും കാലാവധി തീരാൻ പോകുന്ന വേളയിൽ നഗരസഭ ജോലി ഏറ്റെടുക്കുമോ എന്നതു സംശയത്തിലാണ്. നാട്ടുകാർ ദുരിതം അനുഭവിക്കുക തന്നെ മിച്ചം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

