കോഴിക്കോട് ∙ പ്രീ-പ്രൈമറിയിലെയും ഒന്ന്, രണ്ട് ക്ലാസുകളിലെയും കുട്ടികളുടെ ശാരീരിക-മാനസിക വികാസം ലക്ഷ്യമിട്ട് ‘കളിയങ്കണം’ കിഡ്സ് അത്ലറ്റിക്സ് പദ്ധതിയുമായി എസ്എസ്കെ. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.
വിവിധ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തിയുള്ള കളികളിലൂടെ കുട്ടികളുടെ മാനസിക വികാസവും അതുവഴി പഠനത്തിൽ താൽപര്യം വളർത്തിയെടുക്കുകയുമാണ് സ്പോർട്സ് കേരള ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഫ്ളാറ്റ് റിങ്, ടെന്നിക്കോയ് റിങ്, ബീൻ ബാഗ്, ഹൂല ഹൂപ്സ്, സോസർ കോൺ, അജിലിറ്റി ഹർഡിൽസ് തുടങ്ങിയ ആറ് ഇനങ്ങളിലായി 30 വ്യത്യസ്ത കളിയുപകരണങ്ങളാണ് കിഡ്സ് അത്ലറ്റിക്സിന്റെ ഭാഗമായി വിതരണം ചെയ്യുന്നത്. ജില്ലയിൽ ഇതുവരെ 1,016 പൊതുവിദ്യാലയങ്ങളിൽ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തുകഴിഞ്ഞു.
ഒരു സ്കൂളിന് 5,000 രൂപ ക്രമത്തിൽ 50,80,000 രൂപയാണ് ഇതിനായി ചെലവിട്ടത്. ഈ ഉപകരണങ്ങൾ കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്.
തലച്ചോറിലെ ന്യൂറോണുകൾ തൊണ്ണൂറു ശതമാനവും വികസിക്കുന്ന എട്ടു വയസ്സുവരെയുള്ള കാലഘട്ടത്തിൽ സൂക്ഷ്മ, സ്ഥൂല പേശികൾക്കും പഞ്ചേന്ദ്രിയങ്ങൾക്കും ധാരാളം പ്രവർത്തനാനുഭവങ്ങൾ നൽകിയാൽ മാത്രമേ ന്യൂറോണുകൾ സജീവമാകൂ എന്നതിനാലാണ് പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളിൽ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഡോ.
എ.കെ. അബ്ദുൽ ഹക്കിം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]