ഒല്ലൂർ∙ ക്രിസ്റ്റഫർ നഗറിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കിയിട്ടു 14 മാസം കഴിഞ്ഞിട്ടും പുതിയത് സ്ഥാപിക്കാത്തതിനാൽ ജനം ദുരിതത്തിൽ. കോർപറേഷൻ 29ാം ഡിവിഷനിലെ ഒല്ലൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊളിച്ച് നീക്കിയത്.
പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കാനുള്ള കോർപറേഷന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന പേരിലാണ് പൊളിച്ചുനീക്കിയത്. എന്നാൽ നാളിതുവരെ ആയിട്ടും പുതിയത് നിർമിക്കാൻ കോർപറേഷൻ ശ്രമം ആരംഭിച്ചിട്ടില്ല. 7 സ്കൂളുകളും ഒരു കോളജും ഉള്ള പ്രദേശമാണിത്.
നൂറു കണക്കിനു കുട്ടികളാണ് ഇവിടെ ബസ് കാത്ത് നിൽക്കാറുള്ളത്. വില്ലേജ് ഓഫിസും സമീപത്താണ്.
കാത്തിരിപ്പ് കേന്ദ്രം നിൽക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് കേസ് ഉള്ളതു മൂലമാണ് നിർമാണം ആരംഭിക്കാത്തതെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ മേഖലയിൽ തന്നെ വേറെ സ്ഥലം കണ്ടെത്തി നിർമിക്കാൻ അധികൃതർ ശ്രമിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. തൽസ്ഥിതി തുടരണമെന്ന കോടതി വിധി മറയാക്കി സ്വകാര്യ വ്യക്തിയെ സഹായിക്കാനാണ് ഒറ്റ രാത്രി കൊണ്ട് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.
വിദ്യാർഥികളും വയോധികരും അടങ്ങിയ ഒട്ടേറെ ആളുകൾ മഴയും വെയിലും കൊണ്ട് റോഡിൽ നിൽക്കേണ്ട അവസ്ഥയാണിപ്പോൾ.
അടിയന്തരമായി കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നാവശ്യപ്പെട്ട് ഒല്ലൂർ സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3 നു പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

