
‘സർക്കാർ തീരുമാനം പറയേണ്ടത് പാർട്ടിയല്ല; റാവാഡ ചന്ദ്രശേഖറെ ഡിജിപിയാക്കിയതിൽ വൈരുധ്യമില്ല’
കണ്ണൂർ ∙ റാവാഡ ചന്ദ്രശേഖറെ ഡിജിപിയായി നിയമിച്ചതുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതു തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് പി. ജയരാജൻ.
മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചു കൊണ്ടാണ് പാലക്കാട് വച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. എന്നാൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ മാധ്യമങ്ങൾ അതു വളച്ചൊടിക്കുകയായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
സർക്കാരിന്റെ തീരുമാനം പറയേണ്ടത് സർക്കാരാണ്, പാർട്ടിയല്ല. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയ്ക്ക് പുതിയ കാർ വാങ്ങിയപ്പോൾ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങിയെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു.
സിപിഎമ്മിൽനിന്ന് ഒറ്റപ്പെട്ടുവെന്നും പ്രചാരണമുണ്ടായി. സിപിഎമ്മിൽനിന്ന് ഒറ്റപ്പെട്ടുവെന്ന് പറയുന്നത് മാധ്യമങ്ങളുടെ സ്വപ്നമാണ്.
പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും അംഗീകരിച്ചു കൊണ്ട് പ്രവർത്തിക്കുന്ന പ്രവർത്തകനാണ്. സിപിഎമ്മിന്റെ കൂടെ നിൽക്കുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
റാവാഡ ചന്ദ്രശേഖറെ ഡിജിപിയാക്കിയതിൽ വൈരുധ്യമില്ല. സിപിഎം നേതാക്കളെ താറടിച്ചു കാണിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കൂത്തുപറമ്പ് വെടിവയ്പ്പിൽ റാവാഡയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. അതേസമയം, പാലക്കാട് പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും പറഞ്ഞു.
റാവാഡ ചന്ദ്രശേഖറിന് കൂത്തുപറമ്പ് വെടിവയ്പ്പിൽ പങ്കുണ്ടെന്ന തരത്തിലാണ് പി.ജയരാജൻ പാലക്കാട്ട് പ്രതികരിച്ചത്. എന്നാൽ റാവാഡയ്ക്ക് പങ്കില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്.
കൂത്തുപറമ്പ് വെടിവയ്പ്പിൽ റാവാഡയ്ക്ക് പങ്കുണ്ടെന്ന തരത്തിൽ പ്രതികരിച്ച പി.ജയരാജനെ അനുകൂലിച്ച് സമൂഹമാധ്യമത്തിലൂടെ സിപിഎം പ്രവർത്തകരുൾപ്പെടെ രംഗത്തെത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]