
റോഡിൽ സ്ഥാപിച്ച സൗരവിളക്ക് താഴെ വീണ് കാടിന് വെളിച്ചമായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പറയങ്കേരി ∙ റോഡരികിലെ കാടിനുള്ളിൽ വെളിച്ചം പകർന്ന് തെരുവ് വിളക്ക്. ഹരിപ്പാട്–ഇലഞ്ഞിമേൽ റോഡിൽ പള്ളിപ്പാട് വളയച്ചാൽ കലുങ്കിനു സമീപമാണ് കാടിനുള്ളിൽ തെരുവു വിളക്ക് പ്രകാശിക്കുന്നത്. റോഡിൽ സ്ഥാപിച്ച സൗരവിളക്കാണ് താഴെ വീണ് കാടിനുള്ളിൽ പ്രകാശം പരത്തുന്നത്. മാസങ്ങളായി സമീപമുള്ള പുഞ്ചയിലേക്ക് വിളക്ക് വീണു കിടക്കുകയായിരുന്നു. പുഞ്ചയിൽ വെള്ളക്കെട്ട് ആയതോടെ ആരോ എടുത്ത് കുറ്റിക്കാടിനുള്ളിലെ മരത്തിലേക്ക് ചാരിവച്ചു. ഇത് ഇവിടെ കത്താൻ തുടങ്ങിയിട്ട് നാളുകളായി. പല തവണ താഴെ വീണ വിളക്ക് വീണ്ടും എടുത്ത് റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്നു.
ആഴ്ചകൾക്കുള്ളിൽ വീണ്ടും താഴെ വീഴുക പതിവാണ്. സാമൂഹിക വിരുദ്ധർ തള്ളി താഴെയിടുന്നതാണോ എന്ന സംശയം നാട്ടുകാർക്കുണ്ട്. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ദുർഗന്ധം മൂലം ഇതു വഴി നടക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം വർധിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് സൗരവിളക്ക് സ്ഥാപിച്ചത്. റോഡിനു വശങ്ങളിലുള്ള കാടുകൾ വെട്ടിത്തെളിക്കുകയും സൗരവിളക്ക് പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.