ആലപ്പുഴ ജില്ലയിലെ ചേർത്തല ചെങ്ങണ്ട വളവിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്ന ബൈക്ക് യാത്രക്കാരന്റെ ദാരുണ വിയോഗം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
അപകടത്തിന് ഇടയാക്കിയ വാഹനം നിർത്താതെ പോവുകയും, ആ സമയത്ത് അതുവഴി കടന്നുപോയവർ സഹായിക്കാൻ തയാറാവാതിരിക്കുകയും ചെയ്തത് കടുത്ത വേദനയോടെയാണ് കേരളം ശ്രവിച്ചത്. അപകടത്തിൽ പരുക്കേൽക്കുന്നവർക്ക് യഥാസമയം ലഭിക്കുന്ന ചികിത്സയാണ് ജീവൻ രക്ഷിക്കുന്നതിൽ ഏറ്റവും നിർണായകമാകുന്നത്.
റോഡപകടങ്ങളിൽ പെടുന്നവരെ സഹായിക്കാൻ ആളുകൾ മുന്നോട്ട് വരാത്തതിന് പ്രധാന കാരണം നിയമപരമായ നൂലാമാലകളെക്കുറിച്ചുള്ള ആശങ്കയാണ്. എന്നാൽ രക്ഷാപ്രവർത്തനം നടത്തുന്നവരെ അവരുടെ സമ്മതമില്ലാതെ സാക്ഷിയാക്കരുതെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
സാക്ഷിയാകാൻ തയാറാണെങ്കിൽ തന്നെ തെളിവെടുപ്പ് ഒറ്റത്തവണയായി പൂർത്തിയാക്കണം. വ്യക്തിയുടെ സൗകര്യപ്രകാരം ഓഫീസിലോ വീട്ടിലോ ചെന്ന് സിവിൽ വേഷത്തിലായിരിക്കണം തെളിവെടുപ്പ് നടത്തേണ്ടത്.
അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചാൽ അതിന്റെ കാരണം രേഖപ്പെടുത്തുകയും വേണം. മാത്രമല്ല, അപകടവിവരം അറിയിക്കുന്നവരോട് പേരും വിലാസവും ഫോൺ നമ്പറും നൽകാൻ നിർബന്ധിക്കരുതെന്നാണ് നിയമം അനുശാസിക്കുന്നത്.
അപകടത്തിൽ പരുക്കേറ്റവരെ സമയബന്ധിതമായി ആശുപത്രിയിലെത്തിക്കുന്ന സുമനസ്സുകളെ ആദരിക്കുന്നതിനായി സർക്കാർ **ഗുഡ് സമരിറ്റൻ** പദ്ധതി നടപ്പിലാക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശപ്രകാരമാണ് ഈ പദ്ധതി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
അപകടത്തിൽ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 5000 രൂപ മുതൽ 25000 രൂപ വരെ പാരിതോഷികം ലഭിക്കും. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും ചികിത്സിച്ച ഡോക്ടറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാതല സമിതിയാണ് തുക തീരുമാനിക്കുന്നത്.
ജില്ലാ കലക്ടർ അധ്യക്ഷനായ ഈ സമിതിയിൽ ജില്ലാ പൊലീസ് മേധാവി, ഡി.എം.ഒ, ആർ.ടി.ഒ എന്നിവരാണ് മറ്റ് അംഗങ്ങൾ എന്ന് ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ **സജി പ്രസാദ്** വ്യക്തമാക്കുന്നു. അപകടം സംഭവിക്കുമ്പോഴുള്ള ആദ്യത്തെ ഒരു മണിക്കൂറാണ് ഏറ്റവും നിർണായകമായ **‘ഗോൾഡൻ അവർ’** എന്ന് മുൻ ഗവ.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ **ഡോ. ബി.
പത്മകുമാർ** ചൂണ്ടിക്കാണിക്കുന്നു. ഈ സമയത്തിനുള്ളിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചാൽ ജീവൻ സംരക്ഷിക്കാൻ കഴിയും.
യഥാസമയം ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് 85% അപകടമരണങ്ങളും സംഭവിക്കുന്നത്. കൃത്യസമയത്ത് ആശുപത്രിയിലേക്ക് മാറ്റിയാൽ അമിത രക്തസ്രാവം മൂലമുള്ള മരണങ്ങൾ വലിയ അളവിൽ ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

