കപ്പലപകടം: കേരളം നടത്തേണ്ടത് ദ്വിമുഖ പോരാട്ടം; പരിസ്ഥിതിനാശവും മത്സ്യമേഖലയ്ക്കുണ്ടാകുന്ന ആഘാതവും മറികടക്കണം
കൊച്ചി∙ അർഹമായ നഷ്ടപരിഹാരം വാങ്ങിയെടുക്കുന്നതിനൊപ്പം കപ്പലപകടത്തിന്റെ ബാക്കിപത്രമായ പരിസ്ഥിതിനാശവും മത്സ്യമേഖലയ്ക്കുണ്ടാകുന്ന ആഘാതവും മറികടക്കുന്നതിനും കേരളം നടത്തേണ്ടി വരിക ദ്വിമുഖ പോരാട്ടം. നഷ്ടപരിഹാരത്തിനായുള്ള നിയമപോരാട്ടം ഫലപ്രാപ്തിയിലെത്തണമെങ്കിൽ വർഷങ്ങൾ തന്നെ വേണ്ടി വന്നേക്കാം.
അതേ പോലെയാണ് പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്നങ്ങൾ മാറിവരാനുള്ള സമയവും.
Also Read
കപ്പലിനൊപ്പം അടിത്തട്ടിൽ കിടക്കുന്ന എണ്ണ (ഹെവി ഓയിൽ, ഡീസൽ) നീക്കം ചെയ്യുന്നതിനു തന്നെ ഒരു മാസത്തോളം സമയമെടുക്കും. അടിത്തട്ടിൽ കിടക്കുന്ന കണ്ടെയ്നറുകൾ ഉയർത്തിയെടുക്കേണ്ടതുണ്ട്.
അപകടകരമായ രാസവസ്തുക്കൾ ഉണ്ടെന്ന വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. ഇതിനു സമാന്തരമായതാണ് കേരളം ഇനി നടത്തേണ്ട
നിയമ പോരാട്ടം. സമുദ്രജല മലിനീകരണം, സമുദ്ര പരിസ്ഥിതി നാശം, മത്സ്യത്തൊഴിലാളികൾക്കും മറ്റുമുണ്ടാകുന്ന ദീർഘകാല നഷ്ടം തുടങ്ങി നേരിടുന്ന പ്രശ്നങ്ങളെല്ലാം ഉൾപ്പെടുത്തി നഷ്ടപരിഹാരത്തിന് അരയും തലയും മുറുക്കി കേരളം തുനിഞ്ഞിറങ്ങേണ്ടി വരും. വലിയ കടൽത്തീരമുള്ള കേരളത്തെ ഏതെല്ലാം വിധത്തിലായിരിക്കും അപകടം ബാധിക്കുക എന്നറിയണമെങ്കിൽ തന്നെ വലിയ, സമയമെടുത്തുള്ള പഠനങ്ങൾ വേണ്ടതുണ്ട്.
സർക്കാർ ഇതിനായി 3 സമിതികളെ നിയോഗിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലും വിഷയം ഏറ്റെടുത്തിട്ടുണ്ട്.
കപ്പലപകടത്തിൽ കേരളം കേസെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അഡ്വക്കേറ്റ് ജനറലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാവും.
നഷ്ടപരിഹാര തുക നൽകാതിരിക്കാനും നൽകിയാൽ തന്നെ പരമാവധി കുറയ്ക്കാനും ആഗോള ഭീമനായ കപ്പൽ കമ്പനിയിൽ നിന്ന് ശ്രമമുണ്ടാകും എന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കൂടിയായിരിക്കും കേരളത്തിന് വലിയ തോതിലുള്ള നിയമപോരാട്ടം ആവശ്യമായി വരിക.
Also Read
ഒരേ സമയം, നാളുകളെടുത്ത് നഷ്ടപരിഹാരത്തിനായുള്ള നിയമപോരാട്ടം നടത്തുമ്പോൾ തന്നെ കപ്പലപകടത്തിന്റെ ബാക്കിപത്രമായ പരിസ്ഥിതി നാശമടക്കമുള്ള കാര്യത്തിലും കേരളത്തിന് പൊരുതേണ്ടതുണ്ട്.
കാരണം, കാലപ്പഴക്കം ചെന്ന കപ്പൽ ഉയർത്തിയെടുക്കാൻ കപ്പൽ കമ്പനിക്ക് യാതൊരു താൽപര്യവും ഉണ്ടാകണമെന്നില്ല. കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈല് മാത്രം അകലെ 51 മീറ്റർ താഴ്ചയിലാണ് കപ്പൽ കിടക്കുന്നത്. കപ്പലിനൊപ്പമുള്ള കണ്ടെയ്നറുകളിലെ എണ്ണ ജൂലൈ 3ന് മുമ്പ് നീക്കം ചെയ്യുമെന്നാണ് കപ്പൽ കമ്പനി അധികൃതർക്ക് നൽകിയിരിക്കുന്ന വിവരം.
മാരകമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ ഉയർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനുള്ള ആധുനിക സംവിധാനങ്ങൾ ഇപ്പോൾ ലഭ്യമാണ്.
അതിനു ശേഷമായിരിക്കും കപ്പൽ എടുത്തു മാറ്റണോ എന്ന കാര്യം പരിഗണിക്കുക. എന്തായാലും നഷ്ടപരിഹാരത്തിനും ഒപ്പം കേരള തീരവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കുമായി കേരളം വലിയ തോതിലുള്ള ദ്വിമുഖ പോരാട്ടം തന്നെ വരും നാളുകളിൽ നടത്തേണ്ടി വരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

