സംസ്ഥാനത്ത് ഗുണ്ടാ വേട്ടയ്ക്കായുള്ള കേരള പൊലീസിന്റെ പ്രത്യേക പരിശോധനാ നടപടിയായ ഓപ്പറേഷൻ ഗ്രിപ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 503 പേർ പിടിയിലായി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ശനിയാഴ്ചയാണ് ഓപ്പറേഷൻ ഗ്രിപ്പിനു തുടക്കമിട്ടത്.
ലഹരിക്കടത്ത്, നഗരത്തിലെ സ്ഥിരം കുറ്റവാളികളുടെ സാന്നിധ്യം, ക്രമസമാധാന ലംഘനങ്ങൾ എന്നിവ തടയുന്നതിനായി നടപ്പിലാക്കി വരുന്ന പ്രത്യേക പരിശോധനാ നടപടിയാണ് ഓപ്പറേഷൻ ഗ്രിപ്. കാപ്പ നിയമപ്രകാരം നടപടി നേരിട്ടവർ, ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ, സ്ഥിരം റൗഡികൾ, കോടതികളിൽനിന്ന് വാറന്റ് പുറപ്പെടുവിച്ചിട്ടും ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുക തുടങ്ങിയവയാണ് ഗ്രിപ്പിന്റെ പ്രധാന ലക്ഷ്യം.
ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ സ്ഥിരം കുറ്റവാളികളെയും മുങ്ങിനടക്കുന്ന പ്രതികളെയും ലക്ഷ്യമിട്ട് കർശന നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ജില്ലയിലുള്ള 30 സ്ഥിരം കുറ്റവാളികൾക്കായി 30 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.
എല്ലാവരെയും 2 ദിവസം കൂടുമ്പോൾ പൊലീസ് നേരിട്ടെത്തി ശാരീരിക പരിശോധന നടത്തും. ഇവരുടെ വീട്, യാത്ര, ബാങ്ക് അക്കൗണ്ട്, കാണാനെത്തുന്നവർ എന്നിവ പരിശോധിക്കാനായാണ് പ്രത്യേക ഉദ്യോഗസ്ഥരെ ഓരോരുത്തർക്കുമായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
10 ദിവസം കൂടുമ്പോൾ കുറ്റവാളികളുടെ ബാങ്ക് അക്കൗണ്ട് വിവരം പൊലീസ് ശേഖരിക്കും. സൈബർ പൊലീസുമായി ചേർന്ന് ഫോൺ വിളികളും ലൊക്കേഷനും ദിവസവും പൊലീസ് പരിശോധിക്കുന്നുണ്ട്.
കേസുകളിൽ ജാമ്യത്തിലിറങ്ങിയിട്ടുള്ള പലരോടും അതത് സ്റ്റേഷൻ പരിധികളിൽ നേരിട്ട് ഹാജരാകണമെന്ന നിർദേശം കഴിഞ്ഞ ദിവസം പൊലീസ് നൽകിയിരുന്നു. പൊലീസിനെ കബളിപ്പിക്കാൻ പുതിയ ഫോൺ നമ്പർ ഉപയോഗിക്കുന്നുണ്ടോയെന്ന് മനസ്സിലാക്കാനും പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.
സ്പെഷൽ ബ്രാഞ്ചും സ്ഥിരം കുറ്റവാളികളുടെ പ്രവർത്തനം പരിശോധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

