
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2344 അടി; 1990നു ശേഷം ആദ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ 1990നു ശേഷം ആദ്യമായി മേയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2344 അടിയിലെത്തി. 1990 മേയ് 31ന് ജലനിരപ്പ് 2344 അടിയായിരുന്നു. ഇന്നലെ രാവിലെ 10നു ജലനിരപ്പ് 2344.1 അടിയിലെത്തി. സമുദ്രനിരപ്പിൽനിന്നുള്ള ഉയരമാണിത്. വേനൽമഴ ശക്തമായതും കാലവർഷം നേരത്തേ എത്തിയതും ജലനിരപ്പ് ഉയരാൻ കാരണമായി. അണക്കെട്ടിൽ ഇപ്പോൾ കഴിഞ്ഞ വർഷത്തെക്കാൾ 12 അടി വെള്ളം കൂടുതലുണ്ട്. മേയിൽ ചൂടു കുറഞ്ഞതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുറഞ്ഞിരുന്നു. മൂലമറ്റം പവർഹൗസിലെ ഉൽപാദനവും കുറഞ്ഞു. ഈ വർഷത്തെ ഒരു ദിവസത്തെ ഏറ്റവും വലിയ വൈദ്യുതി ഉപയോഗം 101.21 ദശലക്ഷം യൂണിറ്റായിരുന്നു.
കഴിഞ്ഞ വർഷം ഇതു 115.95 ദശലക്ഷം യൂണിറ്റായിരുന്നു. ഈ വർഷം 120 ദശലക്ഷം യൂണിറ്റിലേറെയാകുമെന്നായിരുന്നു കെഎസ്ഇബി കണക്കുകൂട്ടിയിരുന്നത്. മഴക്കാലം എത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തു മേയിലെ വൈദ്യുതി ഉപയോഗം പ്രതിദിനം ശരാശരി 89.59 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വർഷം ഇത് 91.82 ദശലക്ഷം ആയിരുന്നു. കാലവർഷം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ 7നു 41 ശതമാനമായി. കാലവർഷം ആരംഭിച്ച 24ന് അണക്കെട്ടിലെ ജലനിരപ്പ് 29 ശതമാനമായിരുന്നു.