വീട്ടില്‍ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ ബോളീവുഡ് താരം സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. താരത്തിന് ആറ് മുറിവുകളേറ്റിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നും നടന് ചികിത്സയിലുള്ള ലീലാവതി ആശുപത്രി സി.ഇ.ഒ ഡോ. നീരജ് ഉറ്റാമനി വാര്‍ത്ത മാധ്യമങ്ങളോട് പറഞ്ഞു.
“വീട്ടില്‍ വെച്ച് അജ്ഞാതനായ മോഷ്ടാവിന്റെ കുത്തേറ്റതിനെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോട് കൂടിയാണ് സെയ്ഫിനെ ആശുപത്രിയിലെത്തിക്കുന്നത്. സെയ്ഫിനേറ്റ ആറ് പരിക്കുകകളില്‍ രണ്ടെണ്ണം ഗുരുതരമാണ്. ഒരെണ്ണം നട്ടെല്ലിന് സമീപമാണ്. അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ന്യൂറോ സര്‍ജനും കോസ്മെറ്റിക്സ് സര്‍ജനും ഉള്‍പ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇത് പൂര്‍ത്തിയായ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകു”, ഡോ. നീരജ് ഉറ്റാമനി പറഞ്ഞു.
പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. മോഷ്ടാവ് ഇവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് അറിയിച്ചു. ബാന്ദ്ര പോലീസിന് പുറമെ മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സെയ്ഫ് അലി ഖാനെതിരായുണ്ടായ ആക്രമണം ബോളിവുഡിനെ നടുക്കിയിരിക്കുയാണ്. ബാന്ദ്രയിലെ മികച്ച സുരക്ഷയുള്ള, സെലിബ്രിറ്റികളും പണക്കാരും താമസിക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായതെന്നതും ചര്‍ച്ചയാവുന്നുണ്ട്. താരത്തിന്റെ പരിക്കിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാത്തതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്. പ്രശസ്ത നടി ശര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനായ സെയ്ഫ് പട്ടൗഡി കുടുംബാംഗമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]