കാവാലം സംസ്കൃതിയുടെ അവനവൻകടമ്പ പുരസ്കാരനേട്ടത്തിനുപുറകെ, മേതിൽ ദേവിക ആദ്യമായി നായികയായ സിനിമ കഥ ഇന്നുവരെ പ്രദർശനത്തിനെത്തി. പുരസ്കാരവും സിനിമാ അരങ്ങേറ്റവും ഈ ഓണക്കാലം മേതിലിന് സമ്മാനിച്ച വലിയ സന്തോഷങ്ങളായിമാറി. നർത്തകിയിൽനിന്ന് സിനിമാക്യാമറയ്ക്ക് മുന്നിലെത്തിയതിന്റെ അനുഭവങ്ങൾ പങ്കുെവച്ചാണ് മേതിൽ ദേവിക സംസാരിച്ചു തുടങ്ങിയത്.
‘‘ഒട്ടേറെ നൃത്തസൃഷ്ടികളൊരുക്കുന്നതിനിടയിൽ സിനിമയ്ക്കുള്ള സാഹചര്യമുണ്ടായിരുന്നില്ല, നിലവിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ് ഞാൻ. അക്കാദമിസ്റ്റ്, ഗവേഷക, പിഎച്ച്.ഡി. ഗൈഡിങ്… അതിനിടയിൽ അഭിനയത്തിലേക്കിറങ്ങാൻ സമയം പ്രശ്നമായിരുന്നു. കഥ ഇന്നുവരെ സിനിമയ്ക്ക് വലിയൊരു ഷെഡ്യൂൾ ഇല്ലായിരുന്നു, നിലവിലെ പ്രോജക്ടുകൾക്കിടയിൽ തടസ്സമില്ലാതെ മുന്നോട്ടുപോകാൻ കഴിഞ്ഞതിനാൽ ചിത്രത്തിനൊപ്പം സഹകരിക്കാൻ കഴിഞ്ഞു’’ -സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് മേതിൽ വിശദീകരിച്ചു.
‘‘സിനിമയിലൊരു പ്രധാനവേഷത്തിലോ മുഴുനീള കഥാപാത്രമായോ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. യോജിക്കുന്ന വേഷവുമായി പ്രേക്ഷകർക്ക് മുന്നിലെത്തണമെന്നായിരുന്നു തീരുമാനം. അല്പം വൈകിയെങ്കിലും അത്തരമൊരു കഥാപാത്രമാണ് കഥ ഇന്നുവരെ സിനിമയിലൂടെ ലഭിച്ചത്. പ്രണയം പ്രമേയമായിവരുന്ന ഒരു കുടുംബചിത്രമാണിത്. നല്ലൊരു ടീമിനൊപ്പം പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്. ബിജു മേനോനൊപ്പമുള്ള കോമ്പിനേഷൻ രംഗങ്ങളെല്ലാം ഇതിൽ പ്രധാനമാണ്. പുതുതലമുറയിൽപ്പെട്ട ഒരുപാടുപേർ ഈ സിനിമയുടെ അണിയറയിലുണ്ട്. അവരിൽനിന്നെല്ലാം പുതിയ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. അഭിനയത്തിലേക്കിറങ്ങുമ്പോഴും മൂന്നാം വയസ്സിൽ തുടങ്ങിയ നൃത്താഭ്യാസത്തിന് ഒരു കോട്ടവും സംഭവിക്കുന്നില്ല’’ -മേതിൽ ദേവിക പറഞ്ഞു.
കൂടുതൽ സിനിമകളും വലിയ പ്രോജക്ടുകളും മേതിലിനെ തേടിവരുന്നുണ്ടെങ്കിലും സമയവും സാഹചര്യവും നോക്കിമാത്രമേ അവർ അഭിനയിക്കാനിറങ്ങുന്നുള്ളൂ. നിലവിൽ ചെയ്യുന്ന നൃത്തപ്രോജക്ടുകൾക്ക് തടസ്സംവരാതെ ചെയ്യാൻ കഴിയുന്ന സിനിമകൾക്കൊപ്പം സഹകരിക്കാനാണ് തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]