മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നടന്ന കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഐഫോൺ ഇഎംഐ തർക്കമെന്ന വാദങ്ങൾ തള്ളി കുടുംബാംഗങ്ങൾ രംഗത്തെത്തി.
പതിനെട്ടുകാരനായ കുനാൽ ചാന്ദ്ഗുഡെ വാങ്ങിയ ഐഫോണിന്റെ മാസത്തവണ അടയ്ക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചതാണ് ദാരുണ സംഭവത്തിന് കാരണമെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് മരിച്ച സംഗീതയുടെ സഹോദരി പല്ലവി പാട്ടീൽ വ്യക്തമാക്കി. ഇത്തരം വ്യാജ വാർത്തകൾ തങ്ങളുടെ കുടുംബത്തിന് വലിയ തോതിൽ മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത് ഓഗസ്റ്റ് 21 നാണ്. കുന്നിൻമുകളിൽ നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ മകൻ കുനാലിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മുരളീധറും മകനും ഏകദേശം 250 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് കാൽതെറ്റി വീഴുകയായിരുന്നു.
ഈ ദാരുശ്യത്തിൽ മനംനൊന്ത് ഭയന്നുപോയ അമ്മ സംഗീതയും മലമുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഐഫോൺ ഇടപാടുമായി ബന്ധപ്പെട്ട
പ്രശ്നങ്ങളല്ല, മറിച്ച് കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങളാണെന്നാണ് പ്രാഥമിക സൂചനകൾ വ്യക്തമാക്കുന്നത്. ട്രക്ക് ഡ്രൈവറായ മുരളീധറും വീട്ടമ്മയായ സംഗീതയും ആറ് വർഷം മുൻപ് മൂത്ത മകൻ അസുഖം ബാധിച്ചു മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു.
തുടർന്ന് ഇരുവരും കുറച്ചുകാലം അകന്നാണ് കഴിഞ്ഞിരുന്നത്. മാസങ്ങളോളം വീട്ടിൽ വരാതിരുന്ന മുരളീധർ, ഈ സംഭവത്തിന് വെറും രണ്ട് ദിവസം മുൻപാണ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.
ഇതിനു പിന്നാലെ കുടുംബത്തിൽ വലിയ രീതിയിലുള്ള തർക്കങ്ങളും വഴക്കുകളും നടന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഈ കേസിൽ വഴിതിരിവാകുന്ന നിർണായക വിവരങ്ങൾക്കായി മരിച്ച സംഗീതയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
ഏകദേശം 29,000-ലധികം സബ്സ്ക്രൈബർമാരുള്ള ഒരു സജീവ യൂട്യൂബറായിരുന്നു സംഗീത. തന്റെ മരണത്തിനു തൊട്ടുമുൻപ് അവർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോകൾ കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളിലേക്ക് നേരിട്ട് വിരൽ ചൂണ്ടുന്നവയാണ്.
കുടുംബത്തിലെ സ്വത്ത് തർക്കങ്ങളെക്കുറിച്ചും തങ്ങളുടെ സന്തോഷം കെടുത്താൻ ഇടയായവരെക്കുറിച്ചും കടുത്ത ശാപവാക്കുകളോടെ സംഗീത സംസാരിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ‘‘നിങ്ങൾ എന്റെ സന്തോഷമുള്ള കുടുംബം തകർത്തു.
എന്റെ മകനെ മാതാപിതാക്കളിൽ നിന്ന് അകറ്റി. ഈ പാപത്തിനു നിങ്ങളുടെ ഏഴ് തലമുറ അനുഭവിക്കും’’ – എന്നാണ് സംഗീത വീഡിയോയിൽ വ്യക്തമാക്കിയിട്ടുള്ളത്.
കൂടാതെ, പരസ്പരം വില കൽപ്പിക്കാത്ത ബന്ധങ്ങളിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറുന്നതാണ് നല്ലതെന്ന് വ്യക്തമാക്കുന്ന മറ്റൊരു വീഡിയോയും മരണത്തിന് തലേദിവസം അവർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. മകൻ കുനാൽ കൃത്യം ഒരു വർഷം മുൻപും സമാനമായ രീതിയിൽ ഈ മലമുകളിൽ നിന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും, അന്ന് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് അവനെ രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

