മലയാള സിനിമയുടെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ‘തേന്മാവിൻ കൊമ്പത്ത്’ ആധുനിക സാങ്കേതിക വിദ്യയുടെ തിളക്കത്തിൽ വീണ്ടും സിൽവർ സ്ക്രീനിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ റീ റിലീസിനോടനുബന്ധിച്ച് തന്റെ നൊസ്റ്റാൾജിയയും ആവേശവും പ്രമുഖ താരം മോഹൻലാൽ തന്നെ മാധ്യമങ്ങളോട് പങ്കുവെച്ചു.
തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർക്കുകയും മികച്ച ഫ്രെയിമുകളിലൂടെ വിസ്മയം തീർക്കുകയും ചെയ്ത ഈ ചിത്രം പ്രിയദർശന്റെ സംവിധാനത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പുതിയ 4K ദൃശ്യ മികവോടെ ചിത്രം വീണ്ടും ആസ്വദിക്കാൻ മാണിക്യനായി താനും തീയേറ്ററുകളിലേക്ക് എത്തുന്നുണ്ടെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു. വരുന്ന ഒക്ടോബർ 8 നാണ് ചിത്രം ആഗോളതലത്തിൽ വീണ്ടും റിലീസ് ചെയ്യുന്നത്.
1994-ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നിലനിർത്തുന്നുണ്ട്. മോഹൻലാൽ അവതരിപ്പിച്ച മാണിക്യനും ശോഭനയുടെ കാർത്തുമ്പിയും നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണൻ തമ്പുരാനും ഉൾപ്പെടെയുള്ള അനശ്വര കഥാപാത്രങ്ങളും ഗ്രാമീണ പശ്ചാത്തലവും ഇന്നും പ്രേക്ഷകരുടെ ഓർമ്മകളിൽ സജീവമാണ്.
പുതിയ തലമുറയ്ക്കും ഈ ദൃശ്യവിരുന്ന് തിയേറ്ററുകളിൽ അനുഭവിച്ചറിയാൻ ഈ റീ റിലീസ് വലിയൊരു അവസരമാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഒറിജിനൽ 35mm നെഗറ്റീവ് അതീവ സൂക്ഷ്മതയോടെ സ്കാൻ ചെയ്ത് സൂപ്പർ 4K നിലവാരത്തിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്താണ് പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
കെ.വി. ആനന്ദ് ഒരുക്കിയ മനോഹര ദൃശ്യങ്ങൾ കൂടുതൽ മിഴിവോടെ ബിഗ് സ്ക്രീനിൽ ആസ്വദിക്കാൻ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത.
ദൃശ്യ മികവിനൊപ്പം ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയും പുതിയ പതിപ്പിന്റെ വലിയൊരു ആകർഷണമാണ്. ബേണി-ഇഗ്നേഷ്യസ് കൂട്ടുകെട്ടിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും പുതിയ സൗണ്ട് മിക്സിലൂടെ പ്രേക്ഷകർക്ക് തികച്ചും പുതിയൊരു തിയേറ്റർ അനുഭവം സമ്മാനിക്കും.
ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് കെ.വി.
ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. കൂടാതെ അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് 4Kയിൽ റീമാസ്റ്റർ ചെയ്തിരിക്കുന്നത്.
മാണിക്യനെയും കൂട്ടുകാരെയും വീണ്ടും വൻകിട സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം.
രചന, സംവിധാനം: പ്രിയദർശൻ, നിർമ്മാതാവ്: എൻ. ഗോപാലകൃഷ്ണൻ, ബാനർ: പ്രസിദ്ധി ക്രിയേഷൻസ്, സൂര്യ സിനി ആർട്സ്, ഛായാഗ്രഹണം: കെ.വി.
ആനന്ദ്, സംഗീതം: ബേണി-ഇഗ്നേഷ്യസ്, പശ്ചാത്തല സംഗീതം: എസ്.പി. വെങ്കടേഷ്, എഡിറ്റിംഗ്: എൻ.
ഗോപാലകൃഷ്ണൻ, ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഘട്ടനം: ത്യാഗരാജൻ, പ്രൊഡക്ഷൻ ഡിസൈൻ: സാബു സിറിൽ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഉണ്ണി രാജേന്ദ്രൻ, പിആർഒ: ഐശ്വര്യ രാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

