
സ്വന്തം ലേഖകൻ
കൊല്ലം: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ബൊലേറോയും കൂട്ടിയിടിച്ച് പഞ്ചായത്ത് പ്രസിഡണ്ടിന് ദാരുണാന്ത്യം. എറണാകുളം രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ജോർജ് ആണ് കൊല്ലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലാണ് അപകടം. പഞ്ചായത്തിന്റെ ആവശ്യത്തിനു തിരുവനന്തപുരത്തു പോയി മടങ്ങുമ്പോഴാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന പഞ്ചായത്തിന്റെ വാഹനം കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റു പാസഞ്ചറുമായാണ് രാമമംഗലം പഞ്ചായത്തിന്റെ വാഹനം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പഞ്ചായത്ത് പ്രസിഡന്റും സംഘവും സഞ്ചരിച്ചിരുന്ന ബൊലേറോ മൂന്ന് തവണ മറിഞ്ഞുവെന്നാണ് വിവരം.
അപകടത്തിൽ പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ മൂന്ന് പഞ്ചായത്ത് ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. പഞ്ചായത്ത് ജീവനക്കാരായ സുരാജ്, ഷൈമോൻ, ശ്രീരാജ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവ സ്ഥലത്ത് വച്ചുതന്നെ ജോർജ് മരിച്ചു. അപകടത്തെ തുടർന്ന് ബസിനു പിറകെ വന്ന നാഷണൽ പെർമിറ്റ് ലോറിയും ബസിന് പിൻ ഭാഗത്തേക്ക് ഇടിച്ചുകയറി.
മൃതദേഹം പാരിപ്പള്ളി ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം രാമമംഗലത്ത് എത്തിക്കും. ഇന്ന് വൈകിട്ട് 5 ന് ഇ.പി.ജോർജിന്റെ മൃതദേഹം രാമമംഗലം പഞ്ചായത്ത് ഓഫീസ് കാര്യാലയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം നാളെ 2. ന് കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]