

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പാകിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൗരത്വം നല്‍കിയത്. മാര്‍ച്ചില്‍ വിജ്ഞാപനം ഇറക്കിയതിനുശേഷമുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ഇടയിലാണ് സിഎഎ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്.
ഇന്ത്യാസഖ്യം അധികാരത്തില്‍വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വ്യത്യസ്ത ബജറ്റ് കൊണ്ടുവരുമെന്നും രാജ്യത്തിന്റെ ബജറ്റില്‍ 15 ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് നല്കാന് ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി . മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് ഒരൊറ്റ ന്യൂനപക്ഷമേയുള്ളുവെന്നും അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണെന്നും മോദി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും മോദി ആരോപിച്ചു.
പ്രധാനമന്ത്രി ഒരു പെരുംനുണയനാണെന്ന് രാജ്യത്തിന് വളരെ നന്നായി അറിയാമെന്നും നുണപറയുന്നതില്‍ മോദി എത്രത്തോളം തരംതാഴ്ന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കാറില്ലെന്ന അദ്ദേഹത്തിന്റെ പുതിയ അവകാശവാദമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. 2024 ഏപ്രില്‍ 19 മുതല്‍ പ്രകടമായും നിര്‍ലജ്ജമായും മോദി എത്രമാത്രം വര്‍ഗീയതയുടെ ഭാഷയും ചിഹ്നങ്ങളും ഉപയോഗിച്ചെന്നും പരോക്ഷമായ പ്രസ്താവനകള്‍ നടത്തിയെന്നുമുള്ള കാര്യം പൊതുജന സമക്ഷത്തിലുണ്ട്. ഞങ്ങള്‍ ഇക്കാര്യം ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. നടപടി കൈക്കൊള്ളേണ്ടതായിരുന്നെങ്കിലും ഭൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.
സിഎഎ നടപ്പാക്കിയത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഉള്ള പാഴ്വേലയുടെ ഭാഗമായാണെന്നും കേന്ദ്രത്തിന്റേത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന് ഈ കാര്യത്തില്‍ നടപടി എടുക്കണം. സിഎഎ ഇപ്പോള്‍ നടപ്പാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പു നല്‍കിയതെന്നും കോടതിയെ മറച്ചുവെച്ച് ചെയ്ത പോലെയായി ഇപ്പോഴത്തെ നടപടിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ക്ക് സ്വീകാര്യമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായി. ഇതോടെ ഇന്നലെ നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്കൂള്‍ യൂണിയന് സമരസമിതി തീരുമാനിക്കുകയായിരുന്നു. മന്ത്രി കെബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്.
ഗാര്‍ഹിക പീഡനക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെന്ഷന്. കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് എസ്എച്ച്ഒ എ.എസ്.സരിനെ സസ്പെന്‍ഡ് ചെയ്തു. ഉത്തരമേഖല ഐജിയുടേതാണ് നടപടി. എസ്എച്ച് ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും. ഗാര്‍ഹിക പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നാണ് കണ്ടെത്തല്‍. ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനം നേരിട്ടെന്നായിരുന്നു നവവധുവിന്റെ വെളിപ്പെടുത്തല്‍.
രാഹുല്‍ മുന്‍പ് വിവാഹം കഴിച്ച കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് കോഴിക്കോട് പന്തിരങ്കാവ് ഭര്‍ത്താവിന്റെ പീഡനത്തിന് ഇരയായ യുവതി. സൈക്കോ എന്ന രീതിയിലാണ് രാഹുല്‍ തന്നോട് പെരുമാറിയിരുന്നത്. രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും ഈ വിവാഹത്തില്‍ താല്പര്യമുണ്ടായിരുന്നില്ല എന്നും, രാഹുലിന് തക്കതായ ശിക്ഷ ലഭിക്കണമെന്നും യുവതി പറഞ്ഞു.
ശാരീരിക പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് അപമാനമാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി സതീദേവി. പന്തീരങ്കാവില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. നിയമപരവും ധാര്‍മ്മികവുമായ എല്ലാ പിന്തുണയും പെണ്‍കുട്ടിക്ക് വനിതാ കമ്മിഷന് നല്‍കും. സ്ത്രീധന നിരോധന നിയമം ഭേദഗതി വരുത്തി ശക്തമാക്കണമെന്നും വനിതാ കമ്മിഷന് ആവശ്യപ്പെട്ടു.