1,73,000 ഡോളർ (ഏകദേശം 1.4 കോടി രൂപയിലേറെ) വാർഷിക ശമ്പളമുള്ള സുരക്ഷിതമായ കോർപ്പറേറ്റ് ജോലി ഒഴിവാക്കി എഴുത്തിന്റെയും കണ്ടന്റ് ക്രിയേഷന്റെയും ലോകത്തേക്ക് ചുവടുമാറ്റം നടത്തിയിരിക്കുകയാണ് ഹെയ്ഗി ജോങ് എന്ന പ്രൊഡക്ട് ഡിസൈനർ. ദക്ഷിണ കൊറിയയിൽ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് കുടിയേറി പ്രൊഡക്ട് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു അവർ.
വലിയ ജോലിഭാരമോ കടുത്ത ബുദ്ധിമുട്ടുകളോ ഇല്ലാത്ത, ഒമ്പതു മുതൽ അഞ്ചു വരെ സമയമുള്ള മികച്ച ജോലിയായിരുന്നു ഹെയ്ഗിയുടേത്. യാത്രകൾക്കും വ്യക്തിപരമായ കാര്യങ്ങൾക്കും ആവശ്യത്തിന് സമയവും സാമ്പത്തിക ഭദ്രതയും നൽകിയിരുന്ന ആ തൊഴിൽ അവർക്ക് ഏറെ പ്രിയപ്പെട്ടതുമായിരുന്നു.
എന്നാൽ പ്രൊഡക്ട് ഡിസൈനിംഗിനൊപ്പം കണ്ടന്റ് ക്രിയേഷനും സജീവമാക്കിയ അവർക്ക് ഒരു പുസ്തകത്തിനുള്ള ഡീൽ ലഭിച്ചതോടെ ജീവിതത്തിൽ പുതിയൊരു വഴി തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സുരക്ഷിതമായ ജോലി ഉപേക്ഷിച്ചാൽ ഭാവിയിൽ പശ്ചാത്താപം തോന്നുമോ എന്ന ആശങ്കകൾക്കപ്പുറം, തന്റെ സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിക്കാൻ ഹെയ്ഗി തയ്യാറായി.
കോർപ്പറേറ്റ് ജോലി വിട്ട് മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ വരുമാനത്തിലെ അസ്ഥിരതയാണ് അവർ പ്രധാനമായും നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ ജൂലൈ മാസത്തിൽ കണ്ടന്റ് ക്രിയേഷനിലൂടെ ലഭിച്ചത് വെറും 6 ഡോളർ (ഏകദേശം 500 രൂപ) മാത്രമാണ്.
ചില മാസങ്ങളിൽ കാര്യമായ വരുമാനമൊന്നും ലഭിക്കാറില്ലെങ്കിലും, മറ്റു ചിലപ്പോൾ മുൻകാല ശമ്പളത്തേക്കാൾ കൂടുതൽ നേടാൻ സാധിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. എന്നിരുന്നാലും, താൻ എടുത്ത തീരുമാനത്തിൽ യാതൊരു ഖേദവുമില്ലെന്നാണ് ഹെയ്ഗിയുടെ നിലപാട്.
ഒരു വർഷത്തിന് ശേഷം ആവശ്യമാണെന്ന് തോന്നിയാൽ വീണ്ടും കോർപ്പറേറ്റ് ജോലിയിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്നാണ് അവർ കരുതുന്നത്. എങ്കിലും, ഈ വഴി തിരഞ്ഞെടുക്കാൻ തയ്യാറായില്ലെങ്കിൽ ജീവിതത്തിൽ വലിയൊരു നഷ്ടബോധം അവശേഷിക്കുമായിരുന്നു എന്ന് ഹെയ്ഗി കൂട്ടിച്ചേർക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

