ഒരു മില്ല്യൺ ഡോളർ (ഏകദേശം 8.3 കോടിയിലധികം രൂപ) സമ്മാനത്തുക ലഭിച്ച വിവരം അറിയാതെ, ലോട്ടറി ടിക്കറ്റും പേഴ്സിൽ സൂക്ഷിച്ച് മാസങ്ങളോളം നടന്ന അമേരിക്കൻ സ്വദേശിയുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. യു.എസിലെ മിഷിഗണിലുള്ള വ്യോമിംഗ് സ്വദേശിയായ മൈക്കൽ വാൻഡർ ലഗ്റ്റ് (54) എന്ന വ്യക്തിയെയാണ് ഈ അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 8-ലെ പവർബോൾ ലോട്ടറി നറുക്കെടുപ്പിനായാണ് ബിഗ് ടോപ്പ് മാർക്കറ്റിൽ നിന്നും മൈക്കൽ ടിക്കറ്റ് വാങ്ങിയത്. എന്നാൽ ഫലം പരിശോധിക്കുവാൻ അദ്ദേഹം തയ്യാറായില്ലെന്ന് മാത്രമല്ല, ടിക്കറ്റ് തന്റെ പേഴ്സിൽ തന്നെ സൂക്ഷിക്കുകയും ചെയ്തു.
പിന്നീട് യാദൃശ്ചികമായാണ് അദ്ദേഹത്തിന് ഈ വലിയ സമ്മാന വിവരം ലഭിക്കുന്നത്. സമീപത്തുള്ള ഒരു കടയിൽ കൂൾ ഡ്രിങ്ക്സ് വാങ്ങാനായി എത്തിയതായിരുന്നു മൈക്കൽ.
എന്നാൽ കൈയിൽ ആവശ്യത്തിന് പണമില്ലെന്ന് മനസ്സിലായതിനെ തുടർന്ന്, ചെറിയ സമ്മാനങ്ങൾ ഏതെങ്കിലും അടിച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിൽ പേഴ്സിലുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകൾ കടയിലെ കാഷ്യർക്ക് നൽകി മാറി വാങ്ങുവാൻ അദ്ദേഹം ശ്രമിക്കുകയായിരുന്നു. തുടർന്ന് കാഷ്യർ ടിക്കറ്റുകൾ സ്കാൻ ചെയ്ത് പരിശോധിച്ചപ്പോൾ, ഇതിലൊരു ടിക്കറ്റിന് വലിയ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ലോട്ടറി ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് തുക ക്ലെയിം ചെയ്യണമെന്നും മൈക്കലിനെ അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ കാറിൽ തിരിച്ചെത്തിയ മൈക്കൽ ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആ ദിവസത്തെ ഫലം പരിശോധിച്ചു. 05, 09, 35, 54, 63 എന്നീ അഞ്ച് പ്രധാന നമ്പറുകളും തന്റെ ടിക്കറ്റിലെ നമ്പറുകളുമായി കൃത്യമായി ഒത്തുപോകുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു.
“ഒരു മില്ല്യൺ ഡോളർ മൂല്യമുള്ള ടിക്കറ്റാണ് രണ്ടു മാസത്തോളമായി പേഴ്സിൽ കിടന്നതെന്ന കാര്യം എനിക്ക് വിശ്വസിക്കാൻ പോലുമായില്ല” എന്ന് മൈക്കൽ വാൻഡർ ലഗ്റ്റ് വ്യക്തമാക്കി. തുടർന്ന് മിഷിഗൺ ലോട്ടറി ആസ്ഥാനത്ത് നേരിട്ടെത്തി അദ്ദേഹം സമ്മാനത്തുക കൈപ്പപ്പറ്റുകയും ചെയ്തു.
ഈ തുക ഉപയോഗിച്ച് തന്റെ വീടിന്റെ ലോൺ അടച്ചുതീർക്കുമെന്നും, ബാക്കി വരുന്ന തുക ഭാവി ആവശ്യങ്ങൾക്കായി നിക്ഷേപിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

