കേന്ദ്രസർക്കാരിന്റെയും എൽഐസിയുടെയും നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്ക് ഓഹരികൾ കനേഡിയൻ കമ്പനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ ജീവനക്കാർ രംഗത്ത്. ബാങ്കിലെ പതിനായിരത്തോളം വരുന്ന ജീവനക്കാർ നവംബർ 2,3 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു.
ബാങ്കിന്റെ സ്വകാര്യവൽക്കരണ നടപടികൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ഐഡിബിഐ ഓഫീസേഴ്സ് ആൻഡ് എംപ്ലോയിസ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജീവനക്കാർക്ക് പിന്തുണയറിയിച്ച് കത്ത അയച്ചത് നേരത്തെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ജീവനക്കാരുടെ കഠിനാധ്വാനവും പൊതുജനങ്ങളുടെ നിക്ഷേപവുമാണ് ബാങ്കിനെ ഇന്നത്തെ നിലയിലെത്തിച്ചതെന്നും, അല്ലാതെ വിദേശ സ്വകാര്യ കമ്പനികളല്ലെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. രാജ്യത്തെ ഒരു പ്രധാന ബാങ്കിന്റെ നിയന്ത്രണം വിദേശ സ്ഥാപനത്തിന് നൽകുന്നതിലെ ഔചിത്യമില്ലായ്മയും യൂണിയൻ ചോദ്യം ചെയ്യുന്നുണ്ട്.
ഓഹരി കൈമാറ്റം യാഥാർത്ഥ്യമായാൽ ബാങ്കിന് രാജ്യത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം നഷ്ടപ്പെടുമെന്നും, ദേശീയ താൽപര്യത്തേക്കാൾ കച്ചവട ലാഭത്തിനാകും വിദേശ കമ്പനി മുൻഗണന നൽകുകയെന്നും അവർ കുറ്റപ്പെടുത്തി.
2017ൽ റിസർവ് ബാങ്ക് ഐഡിബിഐയെ ‘സ്ട്രെസ്ഡ് അസറ്റ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. വായ്പാ തിരിച്ചടവിലുണ്ടായ വീഴ്ചയും വരുമാനത്തിലെ ഇടിവുമാണ് ഇതിലേക്ക് നയിച്ചത്.
തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ബാങ്കിലേക്ക് എൽഐസിയും കേന്ദ്രസർക്കാരും ചേർന്ന് 46,000 കോടി രൂപ നിക്ഷേപിക്കുകയുണ്ടായി. ഈ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് പുതിയ ഉപഭോക്താക്കളെ നേടുന്നതിലും ബാങ്കിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിലും ജീവനക്കാർ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് യൂണിയൻ ചൂണ്ടിക്കാണിക്കുന്നു.
ബാങ്കിന്റെ സാമ്പത്തിക ഭദ്രത ഉറപ്പായതിനെ തുടർന്ന് 2021ൽ ആർബിഐ ഇതിനുമേൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. കഴിഞ്ഞ ആറ് വർഷത്തെ സാമ്പത്തിക സ്ഥിതി പരിശോധിച്ചാൽ ബാങ്ക് 30,106.43 കോടി രൂപ അറ്റലാഭം നേടിയിട്ടുണ്ടെന്ന് യൂണിയൻ വ്യക്തമാക്കി.
2018ൽ 31.78 ശതമാനമായിരുന്ന കിട്ടാക്കടം (നോൺ പെർഫോമിങ് അസറ്റ്) നിലവിൽ 2.30 ശതമാനമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. സാമ്പത്തികമായി മികച്ച വളർച്ച കൈവരിച്ചിട്ടും ബാങ്കിന്റെ നിയന്ത്രണം കനേഡിയൻ കമ്പനിക്ക് കൈമാറാനാണ് സർക്കാർ നീക്കം നടത്തുന്നത്.
ബാങ്കിന്റെ മൂല്യനിർണയ പ്രക്രിയയിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും യൂണിയൻ ആരോപിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട
മുഴുവൻ രേഖകളും പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം. ബാങ്കിന്റെയും ജീവനക്കാരുടെയും രാജ്യത്തിന്റെയും നിലനിൽപ്പിന് ഹാനികരമാണ് ഈ സ്വകാര്യവൽക്കരണ നീക്കമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

